Connect with us

Kerala

സാഹിത്യകാരി അഷിത നിര്യാതയായി

Published

|

Last Updated

തൃശൂര്‍: സാഹിത്യകാരി അഷിത (63) നിര്യാതയായി. ഇന്നലെ അര്‍ധരാത്രി 12.55ഓടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഥാകൃത്തും കവയിത്രിയും പരിഭാഷകയുമായ അഷിത അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

1956 ഏപ്രില്‍ അഞ്ചിന് തൃശൂരിലെ പഴയന്നൂരിലാണ് അഷിത ജനിച്ചത്. ഡല്‍ഹിയിലും ബോംബെയിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടി.

കഥകളിലൂടെ വായനക്കാരുടെ ഇഷ്ട എഴുത്തുകാരിയായി മാറിയ അഷിത കവിതകളും ബാലസാഹിത്യ കൃതികളും ആത്മീയഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. വിദേശ ഭാഷകളിലെ നിരവധി കൃതികളുടെ പരിഭാഷയും നിര്‍വഹിച്ചു.
അഷിതയുടെ കഥകള്‍, അപൂര്‍ണ വിരാമങ്ങള്‍, വിസ്മയ ചിഹ്നങ്ങള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, നിലാവിന്റെ നാട്ടില്‍, കല്ലുവെച്ച നുണകള്‍, തഥാഗത, മീര പാടുന്നു, മയില്‍പ്പീലി സ്പര്‍ശം, ഭൂമി പറഞ്ഞ കഥകള്‍, പദവിന്യാസങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍.

കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥാ പുരസ്‌കാരം, ഇടശ്ശേരി പുരസ്‌കാരം, പത്മരാജന്‍ പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം പുരസ്‌കാരം, അങ്കണം അവാര്‍ഡ, തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.
കേരള സര്‍വകലാശാലയിലെ ജേണലിസം വിഭാഗത്തില്‍ അധ്യാപകനായിരുന്ന ഡോ. കെ വി രാമന്‍കുട്ടിയാണ് ഭര്‍ത്താവ്. മകള്‍: ഉമ. മരുമകന്‍ ശ്രീജിത്ത്.