ഉംറ ഓഫ് ദി ഹോസ്റ്റ്: സഊദിയില്‍ കഴിയുന്നവര്‍ക്ക് ഇനി ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാം

Posted on: March 26, 2019 2:50 pm | Last updated: March 26, 2019 at 3:04 pm

ജിദ്ദ/ദമ്മാം: സഊദിയില്‍ താമസമാക്കിയ വിദേശികള്‍ക്ക് ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാന്‍ അനുമതി നല്‍കുന്ന ഉംറ ഓഫ് ദി ഹോസ്റ്റ് പദ്ധതി ഉടന്‍ നിലവില്‍ വരും. വിദേശികളുടെ റസിഡന്റ് പെര്‍മിറ്റ് ആയ ഇഖാമ നമ്പര്‍ വഴിയാണ് ബന്ധുക്കള്‍ ഉംറ വിസക്കായി അപേക്ഷിക്കേണ്ടത്. സ്വദേശികള്‍ക്ക് ബന്ധുക്കള്‍ അല്ലാത്തവരെയും ഉംറക്കായി കൊണ്ടുവാരന്‍ സാധിക്കു ഹജ്, ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് അല്‍വസാന്‍ അറിയിച്ചു.

ഉംറ തീര്‍ഥാടകരെ സ്വന്തം ഉത്തരവാദിത്വത്തിലാണ് ആതിഥേയരായി റിക്രൂട്ട് ചെയ്യാന്‍ കഴിയുക. ഒരേ സമയം അഞ്ച് വ്യക്തികളെ വരെ ഉംറ അതിഥികളായി കൊണ്ട് വരാന്‍ സാധിക്കും. പ്രതിവര്‍ഷം മൂന്ന് തവണ വരെ ആളുകളെ കൊണ്ടുവരാം.

വിദേശികള്‍ക്ക് അവരുടെ ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ തുടങ്ങിയവരുള്‍പ്പെടെ ഏറ്റവും അടുത്തവരെ ഉംറ വിസകളില്‍ കൊണ്ടു വരാന്‍ കഴിയും. നിലവില്‍ ഇന്ത്യ, പാകിസ്ഥാന്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു കുറഞ്ഞ തുകയില്‍ സന്ദര്‍ശന വിസ അനുവദിക്കുന്നുണ്ട്.

ലെവി സംഖ്യ നല്‍കാന്‍ കഴിയാത്തതിനാല്‍ പലരും വിദേശികളുടെ ആശ്രിതരെ നാട്ടിലേക്കയച്ചിരുന്നു. പുതിയ ഉംറ വിസ പദ്ദതി ഇത്തരക്കാര്‍ക്ക് സഹായകമാവും. വിസയുടെ കാലവധി, ഫീസ്, തുടങ്ങിയ വിശദ വിവരങ്ങള്‍ മന്ത്രാലയം ഉടന്‍ വ്യക്തമാക്കിയേക്കും.ഈവര്‍ഷം ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതിനകം 54 ലക്ഷത്തിലേറെ ഉംറ വിസകള്‍ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 65 ലക്ഷത്തില്‍ പരമാണം വിസകളാണ് അനുവദിച്ചത്. ഈ സീസണില്‍ 85 ലക്ഷത്തില്‍ കവിയുമെന്നാണ് കണക്കുകൂട്ടല്‍.

അതിഥികള്‍ തീര്‍ത്ഥാടനം കഴിഞ്ഞു രാജ്യം വിട്ടു പോവുന്നത് വരെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും കൊണ്ടുവരുന്നയാള്‍ക്കായിരിക്കും. ‘ഉംറ ഓഫ് ദ ഹോസ്റ്റ്’ പദ്ധതി മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ക്ക് ആശ്വാസകരമാകും.