Connect with us

National

അദ്വാനിക്കു പിന്നാലെ മുരളി മനോഹര്‍ ജോഷിയെയും ഒഴിവാക്കി; ബി ജെ പിയില്‍ അമര്‍ഷം പുകയുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും സീറ്റ് നിഷേധിക്കുന്നതില്‍ ബി ജെ പിയില്‍ അതൃപ്തി പടരുന്നു. സ്ഥാനാര്‍ഥി പട്ടികയില്‍ എല്‍ കെ അദ്വാനിയെ അവഗണിച്ചതിനു പിന്നാലെ പാര്‍ട്ടി സ്ഥാപക നേതാക്കളിലൊരാളും സിറ്റിംഗ് എം പിയുമായ മുരളി മനോഹര്‍ ജോഷിയെയും നരേന്ദ്ര മോദി-അമിത്ഷാ ദ്വയം തഴഞ്ഞു.

സീറ്റ് നിഷേധത്തിനു പുറമെ ഈ വിവരം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി രാംലാല്‍ വഴിയാണ് അറിയിച്ചതെന്നതും മുരളി മനോഹര്‍ ജോഷിയെയും അനുയായികളെയും കടുത്ത രീതിയില്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് മുരളി മനോഹര്‍ ജോഷി പ്രതിഷേധ കുറിപ്പ് പുറത്തിറക്കിയതായാണ് വിവരം.

കാണ്‍പൂരിലെ സിറ്റിംഗ് സീറ്റില്‍ മത്സരിക്കാന്‍ തയാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കെയാണ് ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന് പരോക്ഷമായി ജോഷിയെ അറിയിച്ചത്. ഇതു തന്നെ അവഹേളിക്കുന്നതാണെന്ന് ജോഷി രാംലാലിനോടു തന്നെ തുറന്നടിച്ചതായാണ് സൂചന. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കു മത്സരിക്കാന്‍ വരണാസി സീറ്റ് ജോഷി വിട്ടുകൊടുത്തിരുന്നു. സീറ്റു മാറി കാണ്‍പൂരില്‍ ജനവിധി തേടിയ ജോഷി വന്‍ ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.