Connect with us

Kozhikode

അധികൃതർ കനിഞ്ഞില്ല; കാടിന്റെ മക്കൾ ഇത്തവണയും വോട്ട് ചെയ്യാൻ മലയിറങ്ങണം

Published

|

Last Updated

നാദാപുരം: ലോകസഭാ തിരഞ്ഞെടുപ്പിന് നാളുകൾ മാത്രം ബാക്കി നിൽക്കെ ഇത്തവണയും കാടിന്റെ മക്കൾക്ക് വോട്ട് ചെയ്യാൻ മലയിറങ്ങി കിലോമീറ്ററുകൾ താണ്ടണം.
മലയോര മേഖലയിലെ ചെക്യാട്, വളയം പഞ്ചായത്തുകളിൽപ്പെട്ട കണ്ടിവാതുക്കൽ മലയോരത്തെ ഒരു വിഭാഗം ജനങ്ങൾക്കാണ് തിരഞ്ഞെടുപ്പ് നാളുകളിലെ ഈ ദുർഗതി. നിലവിൽ നാനൂറോളം കുടുംബങ്ങൾ കണ്ടി വാതുക്കൽ പ്രദേശത്ത് താമസിക്കുന്നുണ്ട്.

ഏകദേശം രണ്ട് പഞ്ചായത്തുകളിലായി ആയിരത്തോളം വോട്ടർമാർ ഇവിടെയുണ്ട്. ഇതിൽ ഭൂരിഭാഗവും ആദിവാസി ജനവിഭാഗങ്ങളാണ്. ഏതാനും കുടിയേറ്റ കർഷക കുടുംബങ്ങളും ഇവിടെയുണ്ട്. ഇതിൽ ചെക്യാട് പഞ്ചായത്തിൽപ്പെട്ട വോട്ടർമാർക്ക് കണ്ടിവാതുക്കലിലെ വളയം വെൽഫെയർ സ്‌കൂളിൽ ബൂത്ത് ഒരുക്കിയിട്ടുണ്ട്. വാണിമേൽ പഞ്ചായത്തിലെ മലയോരവാസികൾക്ക് വിലാങ്ങാടും, നിടും പറമ്പിലും ബൂത്ത് സൗകര്യമുണ്ട് എന്നാൽ വളയം പഞ്ചായത്തിൽപ്പെട്ട ആദിവാസികൾ ഉൾപ്പടെയുള്ള അഞ്ഞൂറോളം വോട്ടർമാർ മലയിറങ്ങി കിലോമീറ്ററുകൾ സഞ്ചരിച്ച് ചുഴലിയിലെത്തി വേണം വോട്ട് ചെയ്യാൻ. യാത്രാ സൗകര്യം കുറഞ്ഞ അഭയഗിരി, ആയോട്, എളമ്പ തുടങ്ങിയ പ്രദേശങ്ങളിലെ വോട്ടർമാർക്കാണ് ഈ ദുർഗതി. കണ്ടി വാതുക്കൽ മലയോരത്തേക്ക് ബസ് സർവീസ് നിലവിലില്ല. വല്ലപ്പോഴും വരുന്ന ജീപ്പുകൾ മാത്രമാണ് ഏക ആശ്രയം. അടുത്ത പ്രദേശമായ വളയത്തോ കല്ലുനിരയിലോ അവശ്യ സാധനങ്ങൾ വാങ്ങാൻ വരുന്നത് കാൽനടയായും സ്വകാര്യ വാഹനങ്ങളിലുമാണ്. പലപ്പോഴും രാവിലെ മലയോരത്ത് നിന്നും വരുന്നവർ വൈകുന്നേരം വരെ കാത്തിരുന്നാൽ മാത്രമാണ് തിരിച്ച് പോകാൻ വാഹനം ലഭിക്കുകയുള്ളൂ. മലയോരത്ത് നിന്നള്ള ഒരു ബസ് സർവീസ് വെട്ടിച്ചുരുക്കിയിട്ട് മാസങ്ങളായെങ്കിലും മോട്ടാർ വാഹന വകുപ്പ് നടപടി സ്വീകരിക്കാത്തതിനാൽ രാവിലെയുള്ള യാത്രയും ബുദ്ധിമുട്ടിലായി.

മലയിറങ്ങി മൂന്ന് വാഹനങ്ങൾ മാറി കയറി പതിനഞ്ച് കിലോമീറ്ററുകളോളം സഞ്ചരിച്ച് ചുഴലിയിലെത്തി വേണം ഇവർക്ക് വോട്ടു ചെയ്യാൻ. വർഷങ്ങളായി ഇതാണ് ഇവിടുത്തെ വോട്ടർമാരുടെ അവസ്ഥ. നിരവധി തവണ അധികൃതർക്ക് മുമ്പിൽ പരാതിയുമായി ചെന്നെങ്കിലും അടുത്ത പ്രാവശ്യം പരിഗണിക്കാം എന്ന മറുപടിയാണ് ലഭിക്കാറ്. എന്നാൽ ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഒരേ പ്രദേശത്തെ കുറച്ചുപേർ കൺമുന്നിൽവോട്ട് ചെയ്യുമ്പോൾ മറ്റ് ചിലർ കിലോമീറ്ററുകൾ താണ്ടി വോട്ട് ചെയ്യേണ്ട ഗതികേടിലാണ്.

Latest