വയനാട്ടിലും ഇടുക്കിയിലും വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു

Posted on: March 26, 2019 10:20 am | Last updated: March 26, 2019 at 11:36 am

കല്‍പ്പറ്റ/ഇടുക്കി: വയനാട് വൈത്തിരിയിലും ഇടുക്കി കട്ടപ്പന വെള്ളയാംകുടിയിലുമായി ചൊവ്വാഴ്ച രാവിലെ നടന്ന വാഹനാപകടങ്ങളില്‍ അഞ്ചു പേര്‍ മരിച്ചു. വൈത്തിരിയില്‍ ടിപ്പറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേരും വെള്ളയാംകുടിയില്‍ ബസും ഓട്ടോയും കൂട്ടിമുട്ടി രണ്ടുപേരുമാണ് മരിച്ചത്.

ബെംഗളൂരുവില്‍ നിന്ന് തിരൂരിലേക്കു പോവുകയായിരുന്ന കാര്‍ കോഴിക്കോട് നിന്ന് കല്ലുമായി വന്ന ടിപ്പര്‍ ലോറിയുമായി ഇടിച്ചതാണ് വൈത്തിരിയിലെ അപകടം. പഴയ വൈത്തിരി എന്ന സ്ഥലത്തുവച്ച് രാവിലെ എട്ടോടെയാണ് സംഭവം. അപകടത്തില്‍ കാറിലുണ്ടായിരുന്ന താനാളൂര്‍ സ്വദേശികളായ ഉരുളിയത്ത് കഹാര്‍, തോട്ടുമ്മല്‍ സാബിര്‍, തിരൂര്‍ സ്വദേശി സുഫ്‌യാന്‍ എന്നിവര്‍ മരിച്ചു. സാരമായി പരുക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന വെള്ളയാംകുടി സ്വദേശികളായ രാജന്‍, ഏലിയാമ്മ എന്നിവരാണ് വെള്ളയാംകുടിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇവരെ കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.