Thrissur
അൻസിക്ക് കണ്ണീരോടെ ജന്മനാടിന്റെ യാത്രാമൊഴി

കൊടുങ്ങല്ലൂർ (തൃശൂർ): ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അൻസി ബാവക്ക് പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ ജന്മനാട്ടിൽ ആയിരങ്ങളുടെ യാത്രാ മൊഴി. ഇന്നലെ പുലർച്ചെ 3.05 ന് നെടുമ്പാശ്ശേരിയിലെത്തിയ മൃതദേഹം സംസ്ഥാന സർക്കാരിന് വേണ്ടി എറണാകുളം ജില്ലാ കലക്ടർ മുഹമ്മദ് യൂസുഫ് സഫറുല്ല ഏറ്റുവാങ്ങി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, എം എൽ എ മാരായ അൻവർ സാദത്ത്, വി കെ ഇബ്രാഹിം കുഞ്ഞ് , ഹൈബി ഈഡൻ, യു ഡി എഫ് കൺവീനർ ബെന്നി ബെഹനാൻ വിമാനത്താവളത്തിലെത്തി അന്ത്യോപചാരമർപ്പിച്ചിരുന്നു.
തുടർന്ന് നോർക്കയുടെ ആംബുലൻസിൽ ഭർത്താവ് അബ്ദുൽ സലാമിന്റെ കൊടുങ്ങല്ലൂരിലെ വസതിയിലെത്തിച്ചു. ഇവിടെ കുടുംബാംഗങ്ങളും അയൽവാസികളുമടക്കം നൂറ് കണക്കിന് പേർ അന്തിമോപചാരം അർപ്പിച്ചു .
തുടർന്ന് ടി കെ എസ് പുരത്തെ കുടുംബവീട്ടിലെത്തിച്ച അൻസിക്ക് ഉമ്മ റസിയ സഹോദരൻ ആസിഫ് എന്നിവർ അന്ത്യ ചുംബനം നൽകി യാത്രയാക്കി.
തുടർന്ന് മേത്തല കമ്മ്യുണിറ്റി ഹാളിലും നിരവധി പേർ അൻസിയെ അവസാനമായി കാണനെത്തിയിരുന്നു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീൽ ബുഖാരി , പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഇന്നസെന്റ് എം പി, വി ആർ സുനിൽകുമാർ, ഇ ടി ടൈസൺ എം എൽ എ , നഗരസഭാ ചെയർമാൻ കെ ആർ ജൈത്രൻ, ടി യു രാധാകൃഷ്ണൻ, ഡി സി സി ജനറൽ സെക്രട്ടറി ടി എം നാസർ , അഡ്വ. വി എം മുഹിയിദ്ദീൻ, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം എം ഇബ്‌റാഹീം ഹാജി, നഗര സഭാ പ്രതിപക്ഷ നേതാവ് വി ജി ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ കെ എസ് കൈസാബ്, എം കെ സഗീർ, എസ് വൈ എസ് ജില്ലാ നേതാക്കളായ നൗഷാദ് മൂന്ന് പീടിക, ഷമീർ എറിയാട് തുടങ്ങി ആയിരങ്ങൾ അന്തിമോപചാരമർപ്പിച്ചു.
പതിനൊന്ന് മണിയോടെ കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിൽ എത്തിച്ച മയ്യിത്ത് നിസ്‌കാരത്തിന് കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും ജില്ലാ സംയുക്ത ഖാസിയുമായ സയ്യിദ് ഇബ്‌റാഹീം ഖലീൽ ബുഖാരി നേതൃത്വം നൽകി. തുടർന്ന് പള്ളിയിൽ ചേർന്ന അനുശോചന യോഗം ഖലീൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് ഡോ പി എ മുഹമ്മദ് സഈദ് അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്വീബ് സൈഫുദ്ദീൻ അൽ ഖാസിമി പ്രാർഥന നിർവഹിച്ചു.