കനത്ത ചൂട്: പച്ചക്കറി വില ഉയരുന്നു

Posted on: March 25, 2019 5:05 pm | Last updated: March 25, 2019 at 5:05 pm

കൊച്ചി/പാലക്കാട്: വേനൽചൂടും മൽസ്യലഭ്യതയില്ലുള്ള കുറവും മൂലം പച്ചക്കറി വില ഉയരുന്നു. ബീൻസ്, പാവക്ക, വെണ്ടക്ക, അച്ചിങ്ങ, ക്യാരറ്റ്, പടവലം എന്നിക്കാണ് അനധികൃതമായി വില വർധിച്ചിരിക്കുന്നത്. ബീൻസിന്റെ വിലയാണ് കുത്തനെ ഉയർന്നത്. ₹40-₹50 വിലയുണ്ടായിരുന്ന ബീൻസ് ₹100 ലെത്തി.
വേനൽ ചൂട് ഉയരുകയും ഉത്പാദനം കുറയുകയും ആവശ്യക്കാർ കൂടുകയും ചെയ്തതോടെ ചെറുനാരങ്ങയുടെ വിലയും ഉയരുകയാണ്. ഒരു കിലോക്ക് ₹35 യുണ്ടായിരുന്ന നാരങ്ങയുടെ വില ഒരാഴ്ചക്കുള്ളിൽ ₹60 യായി ഉയർന്നു. അച്ചിങ്ങയുടെയും വെണ്ടക്കയുടെയും വില ₹45 യായപ്പോൾ, പാവക്കക്ക് ₹55 വരെ യെത്തി. പടവലം (₹40), ബീറ്റ്‌റൂട്ട് (₹55), ക്യാബേജ് (₹42), കോളിഫ്ലവർ (₹38) എന്നിങ്ങനെയാണ് വില. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ പച്ചക്കറി വിലയിൽ 10 ശതമാനത്തിന്റെ വർധനയാണ് ഒരാഴ്ചക്കുള്ളിൽ ഉണ്ടായിരിക്കുന്നത്.

അതേസമയം ചൂടുകൂടിയതിനാൽ കടലിൽ നിന്നുള്ള മൽസ്യ ലഭ്യത കുറഞ്ഞുവരുകയാണ്. സമുദ്രോപരിതലത്തിൽ ചൂടുകൂടുമ്പോൾ മൽസ്യങ്ങൾ ആഴക്കടലിലേക്ക് നീങ്ങുമെന്നതിനാലാണിത്.
ഇതുമൂലം മലയാളികളുടെ ഇഷ്ട മൽസ്യമായ അയല, ചാള, ചൂര എന്നിവക്ക് കടുത്ത ക്ഷാമം ഉണ്ടാകുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. മൽസ്യ ലഭ്യത കുറയുമ്പോൾ പച്ചക്കറികളാണ് ആശ്രയമെങ്കിലും ഇത്തവണ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തമിഴ്‌നാട്ടിലും ആന്ധ്രയിലുമെല്ലാം ചൂട് കൂടുന്നത് പച്ചക്കറി വിപണിയെയും പ്രതികൂലമായി ബാധിക്കുകയാണ്.

അതേസമയം, വേനൽ കനത്തതോടെ സംസ്ഥാനത്തെ ക്ഷീര കർഷകർ പ്രതിസന്ധിയിലായി. പുല്ലിന്റെയും പാലിന്റെയും കുറവിനൊപ്പം കാലിത്തീറ്റയുടെ വില വർധന കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. കടുത്ത വേനലിൽ തീറ്റപുല്ലിന് ഉണ്ടായിട്ടുള്ള ക്ഷാമമാണ് കർഷകരെ കൂടുതൽ വലക്കുന്നത്. പകരം വൈക്കോലോ കാലിത്തീറ്റയോ നൽകാമെന്ന് വെച്ചാൽ അവയുടെ വിലയും താങ്ങാവുന്നതല്ല. കഴിഞ്ഞ രണ്ടു മാസത്തിനിടെ കാലിത്തീറ്റ ചാക്കൊന്നിന് ₹200 യാണ് കൂടിയത്. ₹1025 യായിരുന്നത് ₹1250 ആയി ഉയർന്നു.
ചൂടുമൂലം പാൽ ഉത്പാദന ത്തിൽ പതിനഞ്ചു ശതമാനം വരെ കുറവുണ്ടായിരിക്കുമ്പോഴാണ് മിൽമ സബ്‌സിഡി കുറച്ചതെന്ന് കർഷകർ പറയുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫീഡ്‌സ് ആണ് ആദ്യം വില വർധിപ്പിച്ചത്.

ഇതിന് പിന്നാലെയാണ് കാലിത്തീറ്റ കമ്പനികൾ വില വർധിപ്പിച്ചത്. പ്രളയത്തോടെ സാമ്പത്തികമായി തകർന്ന കർഷകർക്ക് ആശ്വാസം പകർന്നത് ക്ഷീരമേഖല മാത്രമായിരുന്നു. പാലിന് ലീറ്ററിന് ഒരു രൂപ വേനൽക്കാല ഇൻസെന്റീവായി മിൽമ എറണാകുളം മേഖല നൽകിയിരുന്നു.

മൂന്നു തവണയായി കാലിത്തീറ്റക്ക് കിലോഗ്രാമിന് മൂന്നര രൂപയോളമാണു വർധനയുണ്ടായത്. ഒരു ലീറ്റർ പാലിന് കർഷകന് ലഭിക്കുന്നത് പരമാവധി ₹34. പാലിലെ കൊഴുപ്പിന്റെ അളവനുസരിച്ച് വില പിന്നെയും കുറയും. 25 കിലോയുടെ ഒരു കെട്ട് വൈക്കോലിന് ₹175  നൽകണം. ലിറ്ററിന് ₹50 യെങ്കിലും കിട്ടിയാലേ നിലവിലെ സാഹചര്യത്തിൽ ക്ഷീരമേഖലയിൽ പിടിച്ച് നിൽക്കാനാകുകയുള്ളുവെന്നും കർഷകർ പറയുന്നു.