രാഹുല്‍ വയനാട്ടില്‍: അനിശ്ചിതത്വം തുടരുന്നു; തീരുമാനം വൈകും

Posted on: March 25, 2019 4:48 pm | Last updated: March 25, 2019 at 5:48 pm

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇന്ന് വൈകീട്ടോടെ തീരുമാനമുണ്ടാകുമെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ആതമവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെങ്കിലും തീരുമാനം വൈകാനാണ് സാധ്യതയെന്നാണ് ഇപ്പോഴത്തെ സൂചനകള്‍. ഉച്ചക്ക് രാഹുല്‍ വാര്‍ത്താസമ്മേളനം വിളിച്ചതോടെ വയനാട് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാനകാര്യങ്ങള്‍ വിശദീകരിച്ചതൊഴിച്ചാല്‍ മറ്റൊന്നിനെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നില്ല. എഐസിസി പ്രവര്‍ത്തക സമിതി യോഗത്തിന് വരുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ആരാഞ്ഞപ്പോഴും രാഹുല്‍ പുഞ്ചിരിച്ച് മുന്നോട്ട് നീങ്ങുകയായിരുന്നു. രാഹുലിന്റെ മൗനം സമ്മതമാണോ, അതോ പിന്‍മാറ്റമാണോ എന്നേ ഇനി അറിയാനുള്ളൂ.

വയനാട്ടില്‍ രാഹുലിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു തര്‍ക്കവും നിലനില്‍ക്കുന്നില്ല. ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രാഹുലിനെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കേരളത്തില്‍ സജീവമായിരുന്നു. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് പുറത്തുവിട്ട സ്ഥാനാര്‍ഥിപട്ടികയില്‍ എല്ലാം വയനാടിനെ മാറ്റിനിര്‍ത്തപ്പെട്ടപ്പോള്‍ ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറുകയും ചെയ്തു. വയനാടിൻെറ കാര്യത്തിൽ രാഹുൽ മാത്രേമ ഇനി തീരുമാനമെടുക്കാനുള്ളൂ എന്നാണ് കേരള നേതാക്കളുടെ പ്രതികരണം.

രണ്ട് സീറ്റുകളില്‍ രാഹുല്‍ മത്സരിക്കുമെന്ന് ഉറപ്പാണ്. അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയിലെ മറ്റൊരു മണ്ഡലത്തെയാണ് രാഹുല്‍ തിരഞ്ഞെടുക്കുക. ഇതിന് സാധ്യത കല്‍പിക്കപ്പെട്ടിരുന്ന മണ്ഡലങ്ങളില്‍ വയനാട് ഒഴിച്ച് മറ്റിടങ്ങളിലെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ശിവഗംഗ, കന്യാകുമാരി കര്‍ണാടകയിലെ ചിക്മംഗളൂരു, ബെല്ലാരി മണ്ഡലങ്ങളാണ് സാധ്യതാപട്ടികയില്‍ ഉണ്ടായിരുന്നത്. ഈ നാലിടത്തും കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ രാഹുല്‍ രണ്ടാം മണ്ഡലമായി വയനാട് തന്നെ തിരഞ്ഞെടുക്കുമെന്ന പ്രതീക്ഷയാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ക്കുള്ളത്.

രാഹുല്‍ അല്ലെങ്കില്‍ വയനാട്ടില്‍ ടി സിദ്ദീഖ് മത്സരിക്കുമെന്നാണ് അനൗദ്യോഗിക കേന്ദ്രങ്ങള്‍ ഉറപ്പിച്ച് പറയുന്നത്. രാഹുലിന്റെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ സിദ്ദീഖിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ താന്‍ പിന്‍മാറുമെന്നും പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കുമെന്നും സിദ്ദീഖ് പരസ്യമായി പ്രഖ്യാപിച്ചത് ഇതുസംബന്ധിച്ച് സിദ്ദീഖിന് ഉറപ്പുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്.

അതേസമയം, മത്സരിക്കുന്ന കാര്യത്തില്‍ താന്‍ തീരുമാനം എടുത്തിട്ടില്ലെന്ന് രാഹുല്‍ കേരളത്തിലെ നേതാക്കളോട് വെളിപ്പെടുത്തിയായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് എഐഎസിസി പ്രവര്‍ത്തക സമിതി യോഗത്തിന് മുന്നോടിയായി നേതാക്കളെ കണ്ടപ്പോഴാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞതെന്നാണ് സൂചന. എഐസിസി യോഗത്തില്‍ രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വം ചര്‍ച്ചയായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സയ്യിദ് അലി ശിഹാബ്