Connect with us

Malappuram

മിഠായി വിപണിയിലെ വിപത്തുകൾ; പരിശോധന തുടങ്ങി

Published

|

Last Updated

തിരൂർ: കുട്ടികളെ ലക്ഷ്യം വെച്ച് വിദ്യാലയ പരിസരങ്ങളിലും ഉത്സവപ്പറമ്പുകളിൽ വിപണിയിൽ സജീവമായ പല വസ്തുക്കളും ആരോഗ്യത്തിന് ഹാനികരമാണെന്ന പരാതി ഉയർന്നതോടെ കൂടുതൽ ജാഗ്രതയോടെ ആരോഗ്യ വകുപ്പ്. നിരോധിക്കപ്പെട്ട നിറങ്ങൾ ചേർത്ത് വിവിധതരം മിഠായികളും സിപ്അപ്പ് പോലെയുള്ള ഐസുകളും വിപണിയിൽ വ്യാപകമാണ്. വരൾച്ചയും ജലക്ഷാമവും കൂടിയപ്പോൾ ഇത്തരം ഐസുകൾ ഉപയോഗിക്കരുതെന്ന് ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും കച്ചവടം തകൃതിയായി നടത്തുന്നുണ്ട്.

തൃശൂർ ഭാഗത്ത് നിന്നും ലഭിച്ച പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഇത് സംബന്ധിച്ച് പുറത്തുവന്നത്. ഉത്സവപ്പറമ്പുകളിലും മറ്റും വിൽക്കുന്ന ഈ കളർ മിഠായിയിൽ റേഡബിൻ ബി എന്ന വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി. ക്യാൻസർ പോലെയുള്ള രോഗങ്ങൾക്ക് വരെ കാരണമായേക്കാവുന്ന രാസവസ്തുക്കളാണിവ. പല കടകളിലും വിൽപ്പന നടത്തുന്ന മിഠായികളിൽ നിർമാണ കാര്യങ്ങൾ രേഖപ്പെടുത്തിയ ലേബലുകളോ മറ്റോ ഉണ്ടാകാറില്ല. സിപ്അപ്പുകളിലും സ്ഥിതി ഇതുതന്നെ. ലേബൽ ഇല്ലാതെ വിൽപ്പന നടത്തിയാൽ മൂന്ന് ലക്ഷം വരെ പിഴ ഈടാക്കാമെന്നാണ് നിയമം.

ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ വിൽപ്പന നടത്തിയാൽ ആറ് മാസം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തിരൂരിൽ കഴിഞ്ഞാഴ്ച ഐസ് ഫാക്ടറികളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തിയിരുന്നു. പുതിയ കണ്ടെത്തലുകൾ കൂടി ലഭിച്ചതോടെ പരിശോധന കൂടുതൽ ശക്തമാക്കാനാണ് അധികൃതരുടെ ആലോചന. ഹാനികരമായ ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നവർക്കെതിരെ നടപടികൾ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.