ന്യൂസിലന്‍ഡ് ഭീകരാക്രമണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Posted on: March 25, 2019 12:47 pm | Last updated: March 25, 2019 at 2:41 pm

വെല്ലിംഗ്ടണ്‍: ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്‌ലിം പള്ളികള്‍ക്കു നേരെ നടന്ന ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന് ന്യൂസിലന്‍ഡ് പ്രധാന മന്ത്രി ജസീന്ത ആര്‍ഡേന്‍ സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡ് നിയമവ്യവസ്ഥയിലെ ഏറ്റവും ശക്തമായ ഏജന്‍സിയായ റോയല്‍ കമ്മീഷനാണ് അന്വേഷണം നടത്തുക.

എങ്ങനെയാണ് ഒറ്റക്കെത്തിയ ഒരു തോക്കുധാരിക്ക് പള്ളികള്‍ക്കു നേരെ ആക്രമണം നടത്താനും 50 പേരെ കൊലപ്പെടുത്താനും കഴിഞ്ഞുവെന്നതാണ് പ്രധാനമായും അന്വേഷിക്കുക. ലോകത്തെ ഞെട്ടിച്ച കൂട്ടക്കൊല എങ്ങനെ സംഭവിച്ചുവെന്നതും ഭാവിയില്‍ ഇത്തരം കൃത്യങ്ങളെ തടയാന്‍ എന്തു ചെയ്യാനാവുമെന്നതും വിശദമായി പരിശോധിക്കേണ്ടത് വളരെ പ്രധാനമാണെന്ന് പ്രധാന മന്ത്രി പറഞ്ഞു.

ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തുക തന്നെ വേണം. റോയല്‍ കമ്മീഷന് അന്തിമ രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍, സമഗ്രമായ അന്വേഷണമാണ് ഉദ്ദേശിക്കുന്നത് എന്നതിനാല്‍ ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ സമയമെടുത്തു മാത്രമെ വെളിപ്പെടുത്തുകയുള്ളൂ. ഇന്റലിജന്‍സ് സര്‍വീസസ്, പോലീസ്, കസ്റ്റംസ്, കുടിയേറ്റ വകുപ്പ് തുടങ്ങി എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും അന്വേഷണത്തിന്റെ പരിധിയില്‍ വരും. അക്രമി വെടിയുതിര്‍ക്കുന്ന ദൃശ്യമടങ്ങിയ വീഡിയോ പ്രചരിപ്പിക്കരുതെന്ന് ജസീന്ത ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.