നടി നയന്‍താരക്കെതിരെ മോശം പരാമര്‍ശം; രാധാ രവിയെ ഡി എം കെ സസ്‌പെന്‍ഡ് ചെയ്തു

Posted on: March 25, 2019 10:52 am | Last updated: March 25, 2019 at 11:53 am

ചെന്നൈ: നടി നയന്‍താരക്കെതിരെ പൊതു വേദിയില്‍ മോശം പരാമര്‍ശം നടത്തിയ നടന്‍ രാധാ രവിയെ ഡി എം കെ സസ്‌പെന്‍ഡ് ചെയ്തു. നയന്‍താര അഭിനയിക്കുന്ന ‘കൊലയുതില്‍ കാലം’ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്യുന്ന ചടങ്ങിലായിരുന്നു രാധാ രവിയുടെ വിവാദ പരാമര്‍ശം. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ രാധാ രവിയെ സംഘടയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കുന്നതായി ഡി എം കെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ പ്രസ്താവനയില്‍ അറിയിച്ചു.

‘നയന്‍താര പ്രേതമായും സീതയായും അഭിനയിക്കുന്നു. മുമ്പ് കെ ആര്‍ വിജയയെ പോലെ മുഖത്തു നോക്കുമ്പോള്‍ പ്രാര്‍ഥിക്കാന്‍ തോന്നുന്നവരാണ് സീതയായി അഭിനയിച്ചിരുന്നത്. ഇപ്പോള്‍ ആര്‍ക്കും സീതയാവാമെന്ന സ്ഥിതിയായി. തമിഴ്‌നാട്ടിലെ ജനങ്ങള്‍ എല്ലാം മറക്കുന്നവരാണ്. അതുകൊണ്ടാണ് നയന്‍താരയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്കുമപ്പുറം അവര്‍ ഇപ്പോഴും ഒരു നടിയായിരിക്കുന്നത്.’- രാധാ രവി പറഞ്ഞു.

നടിക്കെതിരായ ഇത്തരം പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഗായിക ചിന്മയി, സംവിധായകന്‍ വിഷ്‌നേഷ് ശിവന്‍ തുടങ്ങിയവര്‍ രംഗത്തെത്തി.