ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ മരിച്ച അന്‍സിയുടെ മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

Posted on: March 25, 2019 10:06 am | Last updated: March 25, 2019 at 12:14 pm
ന്യൂസിലന്‍ഡ് ഭീകരാക്രമണത്തില്‍ മരിച്ച അന്‍സിയുടെ മയ്യിത്ത് വീട്ടിലെത്തിച്ചപ്പോള്‍ വിലപിക്കുന്ന ഉമ്മയും മറ്റു ബന്ധുക്കളും

കൊച്ചി: ന്യൂസിലാന്‍ഡില്‍ ഭീകരാക്രമണത്തില്‍ മരിച്ച കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സിയുടെ മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മയ്യിത്ത് ബന്ധുക്കള്‍ ഏറ്റുവാങ്ങി കൊടുങ്ങല്ലൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം രാവിലെ ഒമ്പതിന് ഖബറടക്കുകയായിരുന്നു.

മാര്‍ച്ച് 15ന് ഭീകരവാദി നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട 50 പേരില്‍ അന്‍സിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പിറ്റേന്നാണ് കുടുംബത്തിന് വിവരം ലഭിച്ചത്. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ ഭര്‍ത്താവ് അബ്ദുല്‍ നാസറിനൊപ്പം ന്യൂസിലാന്‍ഡില്‍ കഴിയുകയായിരുന്ന അന്‍സി ലിന്‍കോണ്‍ സര്‍വകലാശാലയിലെ അഗ്രിബിസിനസ് വിദ്യാര്‍ഥിയായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്.

പള്ളിയിലെത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി അന്‍സി ഓടിയെങ്കിലും വെടിയേല്‍ക്കുകയായിരുന്നു. അബ്ദുല്‍ നാസര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
പരേതനായ കരിപ്പാക്കുളം അലി ബാവ-റസിയ ദമ്പതികളുടെ മകളാണ് അന്‍സി. ആസിഫ് സഹോദരനാണ്.