ലോകത്തിന്റെ നെറുകയിൽ ഒരു പ്രധാനമന്ത്രി

തന്റെ രാജ്യത്ത് നടന്ന ഒരു ഭീകരാക്രമണത്തെ പക്വതയോടെയും സംയമനത്തോടെയും അഭിമുഖീകരിക്കുന്ന ഈ പ്രധാനമന്ത്രിയെ ലോകം ശ്രദ്ധിച്ചുതുടങ്ങി. ഇരകളോടൊപ്പം നിൽക്കുക എന്ന അതിപ്രധാനമായ ധാർമികബോധമാണ് വംശീയവെറിയുടെ അടിവേരറുക്കാൻ ശേഷിയുള്ള രാഷ്ട്രീയനീക്കമായി പൊടുന്നനെ മാറിയത്. വെറും വാക്കുകളിൽ ഒതുക്കാതെ താനും തന്റെ രാഷ്ട്രവും ഇരകളോടൊപ്പം നിൽക്കുന്നു എന്ന് ബോധ്യപ്പെടുത്തുക കൂടി ചെയ്യുന്നു ഈ പ്രധാനമന്ത്രി.
സ്റ്റാറ്റസ്
Posted on: March 24, 2019 2:31 pm | Last updated: March 24, 2019 at 2:31 pm

സമൂഹ മാധ്യമങ്ങളിൽ ഈ വാരം നിറഞ്ഞുനിന്നത് ഒരു വനിത ആയിരുന്നു. ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിൻഡ ആൻഡൻ. ന്യൂസിലാൻഡിന്റെ കിഴക്കൻ തീരനഗരമായ ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മസ്ജിദുകളിൽ മാർച്ച് പതിനഞ്ച് വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരുക്കേറ്റവർക്കുമൊപ്പം നിൽക്കുകയും രാജ്യത്തെ വംശീയാക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്ത പ്രധാനമന്ത്രി ലോകത്തുടനീളമുള്ള സമാധാനപ്രിയരുടെ കൈയടി നേടി. ഭീകരാക്രമണത്തിന് ശേഷം അവരുടെ വാക്കുകളും പ്രവർത്തനങ്ങളും തീരുമാനങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നു. ലോകരാഷ്ട്രങ്ങളിലെ നേതാക്കൾക്ക് മാതൃകയാക്കാവുന്ന രീതിയിൽ സമാധാനത്തിന്റെയും വിവേകത്തിന്റെയും സാന്നിധ്യമായി മാറിയ ജസിൻഡ ആൻഡൻ, ഇരകളുടെ ക്ഷേമത്തിനും തിരിച്ചുവരവിനും വേണ്ടി ഇപ്പോഴും പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനെത്തിയ വിശ്വാസികൾക്ക് നേരെ വെള്ള വംശീയവാദി നടത്തിയ വെടിവെപ്പിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു. ഇരുപതിലധികം പേർക്ക് പരുക്കുമേറ്റു. ലോകത്തെ ഞെട്ടിച്ച അതിക്രൂരമായ ഭീകരാക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി ജസിൻഡ ആൻഡൻ ആദ്യം പ്രതികരിച്ചത് ഇങ്ങനെ: “ഇത് ഭീകരാക്രമണം തന്നെ. ഇരകളിൽ മിക്കവരും അഭയാർഥികളാണ്. ന്യൂസിലാൻഡിനെ സ്വന്തം നാടായി സ്വീകരിച്ചവരാണവർ. ഇത് തീർച്ചയായും അവരുടെ നാടാണ്. അവർ ഞങ്ങളുടെ ഭാഗമാണ്. ഈ ക്രൂരത ചെയ്തയാൾ ഞങ്ങളിൽപെടില്ല. തീവ്രവംശീയ നിലപാടുള്ളവർക്ക് ഇടമില്ല.’ എത്രമേൽ ഹൃദ്യമായ പ്രതികരണമാണിത്. എത്രമാത്രം ഉത്തരവാദിത്തബോധമാണ് ഈ വാക്കുകൾക്ക്. തന്റെ രാജ്യത്ത് നടന്ന ഒരു ഭീകരാക്രമണത്തെ പക്വതയോടെയും സംയമനത്തോടെയും അഭിമുഖീകരിക്കുന്ന ഈ പ്രധാനമന്ത്രിയെ ലോകം ശ്രദ്ധിച്ചുതുടങ്ങി. ഇരകളോടൊപ്പം നിൽക്കുക എന്ന അതിപ്രധാനമായ ധാർമികബോധമാണ് വംശീയവെറിയുടെ അടിവേരറുക്കാൻ ശേഷിയുള്ള രാഷ്ട്രീയനീക്കമായി പൊടുന്നനെ മാറിയത്. വെറും വാക്കുകളിൽ ഒതുക്കാതെ താനും തന്റെ രാഷ്ട്രവും ഇരകളോടൊപ്പം നിൽക്കുന്നു എന്ന് ബോധ്യപ്പെടുത്തുക കൂടി ചെയ്യുന്നു ഈ പ്രധാനമന്ത്രി. ഒരുപക്ഷേ തീവ്രവംശീയതയും മുസ്‌ലിം വിരുദ്ധതയും നിലനിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് അപരിചിതമായ രീതികളാണ് ന്യൂസിലാൻഡിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്നത്. അക്രമികളോടൊപ്പമല്ല, ഇരകളോടൊപ്പം എന്ന പ്രഖ്യാപനം അന്തർദേശീയ രാഷ്ട്രീയരംഗത്ത് ഏറെ ശ്രദ്ധേയമായ നിലപാടാണ്.
തീവ്രവാദ ആക്രമണത്തിന് ഇരയായായവരോടും മരിച്ചവരുടെ കുടുംബങ്ങളോടും പ്രധാനമന്ത്രി ജസിൻഡ ആൻഡൻ സംവദിച്ച രീതി, തീവ്രവാദിയെയും അയാൾ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെയും തള്ളിപ്പറഞ്ഞ ശൈലി, ഉപയോഗിച്ച ഭാഷ, വസ്ത്രങ്ങൾ, പാർലിമെന്റിനകത്തും ഇരകളുടെ വീടുകളിലും അനുസ്മരണങ്ങളിലും നടത്തിയ പ്രസംഗങ്ങൾ – എല്ലാം നിറഞ്ഞ ഹൃദയത്തോടെ ലോകം ശ്രദ്ധിച്ചു. ഇത്രയധികം കരുതലും സ്‌നേഹവും ഐക്യദാർഢ്യവും ഒരു പ്രധാനമന്ത്രിയിൽ നിന്നുണ്ടാകുന്നത് ലോകത്തുടനീളമുള്ള ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. സമൂഹ മാധ്യമങ്ങളിൽ ഈ സ്‌നേഹം പങ്കുവെച്ചു. ലോകം മുഴുവൻ ന്യൂസിലാൻഡ് ഭീകരാക്രമണത്തിലെ ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ട്വിറ്ററിലും ഫേസ്ബുക്കിലും തീവ്രവംശീയതക്കും ഭീകരവാദത്തിനുമെതിരെ രോഷപ്രകടനങ്ങൾ നിറഞ്ഞു.

വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ലോകത്തുടനീളമുള്ള ജനങ്ങൾ പ്രതിരോധം തീർത്തു. ഭീകരാക്രമണത്തെ അപലപിച്ച് അവർ പാർലിമെന്റിൽ നടത്തിയ പ്രസംഗത്തിൽ അടിവരയിട്ടത് ഇതായിരുന്നു: “ആളുകളെ കൊല്ലുന്നതിലൂടെ കൊലയാളി തേടിയ ഒരു കാര്യം കുപ്രസിദ്ധി ആണ്. അതുകൊണ്ടു തന്നെ ഒരു കാരണവശാലും അയാളുടെ പേര് ഞാൻ പറയില്ല.’ അത്രമേൽ ശ്രദ്ധയോടെയും കരുതലോടെയുമാണ് ജസിൻഡ ആൻഡൻ പ്രതിരോധം തീർക്കുന്നത്.

രാജ്യത്തെ തോക്ക് നിയമങ്ങൾ ശക്തമാക്കാനും പുനഃപരിശോധിക്കാനും തന്റെ മന്ത്രിസഭയിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഉടൻ തന്നെ ചില ആയുധങ്ങളുടെ ഭാഗികമായ നിരോധനമുൾപ്പടെയുള്ള കാര്യങ്ങൾ തത്വത്തിൽ അംഗീകരിക്കുമെന്നും അവർ വ്യക്തമാക്കി. രാജ്യത്തെ തോക്ക് നിയമങ്ങൾ പരിഷ്‌കരിക്കാനുള്ള ആവശ്യങ്ങൾ ന്യൂസിലാൻഡ് മന്ത്രിസഭ ചർച്ചക്കെടുക്കുകയും പുതിയ പരിഷ്‌കാരങ്ങൾ ഉടൻ നടപ്പിൽ വരുത്താനുള്ള നടപടികൾക്ക് പാർലിമെന്റ് അനുവാദം നൽകുകയുമുണ്ടായി. ചില ഓട്ടോമാറ്റിക് റൈഫിളുകൾ പൂർണമായോ ഭാഗികമായോ നിരോധിക്കുമെന്നായിരുന്നു ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ജെസിൻഡ പ്രഖ്യാപിച്ചത്. “ആയുധങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിൽ തന്റെ മന്ത്രിസഭയിൽ ആർക്കും തന്നെ എതിർപ്പുകളില്ല. പക്ഷെ തോക്ക് നിയമങ്ങൾ ഏതുവിധത്തിലാണ് പരിഷ്‌കരിക്കേണ്ടതെന്നതിനെ കുറിച്ച് വിശദമായി ആലോചിച്ച് വരുന്നതേയുള്ളൂ. ഇത് എളുപ്പത്തിൽ ചെയ്യാനാകുന്ന കാര്യമല്ല. എങ്കിലും പത്ത് ദിവസത്തിനുള്ളിൽ തന്നെ നിയമങ്ങൾ തത്വത്തിൽ ഭേദഗതി ചെയ്യും.’ മന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി ജെസിൻഡ ആർഡൻ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്: “ആയുധങ്ങൾ നിയന്ത്രിക്കുക മാത്രമല്ല, രാജ്യം ഇങ്ങനെയൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ വെറുപ്പ് പ്രചരിപ്പിക്കുകയും രംഗം കൂടുതൽ വഷളാക്കുകയും ചെയ്യുന്നവരെ പിടികൂടാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.’ എത്രമാത്രം ധീരവും ഫലപ്രദവുമായ നിലപാടുകൾ.
കൊലയാളിയുടെ ലൈവ് വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ആക്രമണം നടന്ന മുസ്‌ലിം പള്ളിയുടെ ഫോട്ടോക്കൊപ്പം “ശ്രമങ്ങൾ വിജയം കണ്ടു’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യിക്കുകയും ചെയ്ത പതിനെട്ടുകാരനെ മണിക്കൂറുകൾക്കുള്ളിൽ തന്നെ അറസ്റ്റ് ചെയ്തു. ഇയാൾ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. പള്ളി ആക്രമിക്കുന്നതിന്റെ അസ്വസ്ഥപ്പെടുത്തുന്ന ലൈവ് വീഡിയോ ഫേസ്ബുക്കിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യാനും ജെസിൻഡ ഫേസ്ബുക്ക് കമ്പനിയിൽ സമ്മർദം ചെലുത്തിയിരുന്നു. അതിനെ തുടർന്ന് പ്രസ്തുത ദൃശ്യങ്ങൾ ഫേസ്ബുക്ക് നീക്കം ചെയ്തു.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ പ്രധാനമന്ത്രി ജസീൻഡ ആർഡൻ നേരിട്ടെത്തിയതും ഏറെ ശ്രദ്ധേയമായിരുന്നു. ഹിജാബ് ധരിച്ചാണ് ഇരകളുടെ ബന്ധുക്കളെ അവർ കാണാനെത്തിയത്. വലതുപക്ഷ തീവ്രവാദികളുടെ വംശീയ വെറിക്കുള്ള മറുപടി കൂടിയായിരുന്നു ഹിജാബ് ധരിച്ചെത്തിയതിലൂടെ പ്രധാനമന്ത്രി നൽകിയത്.
പലപ്പോഴും അവർ വിതുമ്പി. ഇരകളുടെ ബന്ധുക്കളോട് സംസാരിച്ചുകൊണ്ടേയിരുന്നു. അന്ത്യകർമങ്ങൾക്കുള്ള മുഴുവൻ ചെലവുകളും വഹിച്ചു.

ക്ഷേമപ്രവർത്തനങ്ങളുമായും ആശ്വാസവാക്കുകളുമായി അവർ എല്ലായിടത്തും ഓടിയെത്തി. ന്യൂസിലാൻഡിലെ മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച രണ്ട് മിനുട്ട് മൗന പ്രാർഥന നടത്തുമെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതും ശ്രദ്ധേയമായിരുന്നു. വെള്ളിയാഴ്ചയിലെ ബാങ്കുവിളി ന്യൂസിലാൻഡ് ഔദ്യോഗിക ടെലിവിഷൻ നെറ്റ് വർക്ക് വഴിയും റേഡിയോയിലൂടെയും പ്രക്ഷേപണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂസിലാൻഡിലെ ഔദ്യോഗിക ടെലിവിഷൻ നെറ്റ് വർക്കായ ടി വി എൻ ഇസഡ് വഴിയും ആർ എൻ ഇസഡ് വഴിയും വെള്ളിയാഴ്ച ദിവസത്തെ ബാങ്ക് പ്രക്ഷേപണം നടത്തുകയും ചെയ്തു. അക്രമികളെ തള്ളിപ്പറയാനും ഇരകളെ ചേർത്തുപിടിക്കാനും ഈ പ്രധാനമന്ത്രി കാണിച്ച രാഷ്ട്രീയബോധം ചരിത്രത്തിൽ ഇടം നേടിക്കഴിഞ്ഞു.
പ്രധാനമായും അഞ്ച് കാര്യങ്ങളാണ് ഈ പ്രധാനമന്ത്രി ലോകരാഷ്ട്ര നേതാക്കളെ പഠിപ്പിക്കുന്നത്. ഒന്ന്, സംഭവം നടന്ന ഉടൻ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. രണ്ട്, മുഖം നോക്കാതെ ഇരകളോടൊപ്പം ഉറച്ചുനിന്നു. മൂന്ന്, അക്രമികളെ തള്ളിപ്പറയുകയും ഇരകൾക്ക് വേണ്ട കാര്യങ്ങൾ കൃത്യമായും വേഗത്തിലും ചെയ്തു. നാല്, തോക്കുപയോഗത്തിനെതിരെ നിയമനിർമാണം നടത്തുകയും അത് നടപ്പിൽ വരുത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. അഞ്ച്, സമൂഹ മാധ്യമങ്ങളെ അഭിമുഖീകരിക്കുകയും ഭീകരൻ പകർത്തിയ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ മുൻകൈയെടുക്കുകയും ചെയ്തു.
.

യാസർ അറഫാത്ത് നൂറാനി
[email protected]