രാജ്യ സ്‌നേഹമെന്നത് ഭാരത് മാതാ കീ ജയ് വിളിയല്ല: ഉപരാഷ്ട്രപതി

Posted on: March 24, 2019 12:10 pm | Last updated: March 24, 2019 at 5:18 pm

ന്യൂഡല്‍ഹി: ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നത് മാത്രമല്ല രാജ്യ സ്‌നേഹമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മതത്തിന്റേയും ജാതിയുടേയും പേരില്‍ ആളുകളെ വേര്‍തിരിക്കുന്നവര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

എല്ലാവരും ജയിക്കട്ടേയെന്ന ചിന്തയാണ് യഥാര്‍ഥ രാജ്യ സ്‌നേഹം. അഴിമതിയും ഭയവും വര്‍ഗീയതയും ഇല്ലാത്ത ഇന്ത്യക്കായി യുവാക്കള്‍ മുന്നിട്ടിറങ്ങണം. സ്വപ്‌നം കാണാന്‍ ധൈര്യമുള്ളവരിലാണ് രാജ്യത്തിന്റെ ഭാവിയെന്നും വെങ്കയ്യ നായിഡു പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏഴ് ശതമാനത്തിലധികം വളര്‍ച്ചാ നിരക്ക് തുടര്‍ച്ചയായി കൈവരിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. പത്തോ പതിനഞ്ചോ വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ തന്ന മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.