ആശയക്കുഴപ്പത്തിനൊടുവില്‍ രാഹുലെത്തുമോ? എതിരാളിയായി സ്മൃതി ഇറങ്ങുമോ? ഉത്തരംകാത്ത് വയനാട്

Posted on: March 24, 2019 11:51 am | Last updated: March 24, 2019 at 8:06 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ മത്സരിക്കുകയാണെങ്കില്‍ സീറ്റ് ഏറ്റെടുക്കാന്‍ ബിജെപി അണിയറയില്‍ നീക്കം തുടങ്ങി. നിലവില്‍ ബിഡിജെഎസിന്റെ സീറ്റാണ് വയനാട് ലോക്‌സഭാ മണ്ഡലം. വയനാട്ടില്‍ ബിജെപി മത്സരിക്കാനുള്ള സാധ്യത ഇപ്പോഴത്തെ സാഹചര്യത്തില്‍ തള്ളിക്കളയാനാകില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളതന്നെ വ്യക്തമാക്കി.

അങ്ങിനെ വന്നാല്‍ ശക്തനായ ഒരു സ്ഥാനാര്‍ഥിയെയായിരിക്കും ബിജെപി നിര്‍ത്തുക. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടേതടക്കമുള്ള പേരുകള്‍ വയനാട്ടിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്. അമേഠിയില്‍ രാഹുലിന്റെ എതിരാളിയാണ് സ്മൃതി. അമേഠിയിലെ പരാജയ ഭീതിമൂലമാണ് രാഹുല്‍ ഗാന്ധി രണ്ടാമതൊരു സീറ്റായ വയനാട് പരിഗണിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ സ്മൃതി ഇറാനിയെത്തന്നെ പോരിനിറക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം പദ്ധതിയിടുന്നതെന്നും സൂചനയുണ്ട്. സംസ്ഥാനത്ത് നിലവില്‍ 14 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. വയനാട് , തൃശൂര്‍ ഉള്‍പ്പെടെയുള്ള അഞ്ച് സീറ്റുകളില്‍ ബിഡിജെഎസും കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്.