Connect with us

Articles

ഒരു ഭീകരാക്രമണം എങ്ങനെയൊക്കെ റിപ്പോർട്ട് ചെയ്യാം?

Published

|

Last Updated

മാർച്ച് പതിനഞ്ച് വെള്ളിയാഴ്ച ന്യൂസീലാൻഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള മസ്ജിദുകളിൽ ഭീകരാക്രമണം നടന്നുകൊണ്ടിരിക്കുന്ന അതേസമയത്ത് ആക്രമണത്തിന്റെ തത്സമയ ദൃശ്യങ്ങൾ ലോകം കണ്ടു. അക്രമി സ്വന്തം ശരീരത്തിൽ ഘടിപ്പിച്ച ക്യാമറയിലൂടെ തന്റെ ഫേസ്ബുക്ക് ലൈവ് വഴി പതിനേഴ് മിനുട്ട് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിടുകയായിരുന്നു. ഫേസ്ബുക്കിന്റെ ഔദ്യോഗിക വിശദീകരണപ്രകാരം, കൊലയാളി ലൈവ് സ്ട്രീമിംഗ് ചെയ്യുന്ന സമയത്ത് അത് കണ്ടത് 200 പേരാണെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ഇന്റർനെറ്റ് ഉപയോക്താക്കൾ അതിക്രൂരമായ ആക്രമണം കണ്ടു നടുങ്ങി. പലരും അത് റീപോസ്റ്റ് ചെയ്തു. ന്യൂസീലാൻഡ് പോലീസിന്റെ നിർദേശപ്രകാരം ഫേസ്ബുക്ക് ഉൾപ്പെടെ മുഴുവൻ സോഷ്യൽ മീഡിയ കമ്പനികളും ദൃശ്യങ്ങൾ നീക്കം ചെയ്തു.

ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഫേസ്ബുക്ക് മാത്രം നീക്കം ചെയ്തത് 12 ലക്ഷം വീഡിയോകളാണ്. ആക്രമണദൃശ്യങ്ങൾ അടിയന്തരമായി സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ന്യൂസീലാൻഡ് പ്രധാനമന്ത്രി ജസീന്താ ആർഡേണിന്റെ ശക്തമായ നിർദേശവും ഉണ്ടായിരുന്നു. ഇതുവഴി ലൈവ് സ്ട്രീമിംഗിലൂടെ അക്രമി മനസ്സിൽ കണ്ട ലക്ഷ്യങ്ങൾ ഇല്ലാതാക്കാനും പരിഭ്രാന്തി കുറക്കാനും സാധിച്ചു.
എന്നാൽ പത്രങ്ങളും ന്യൂസ് ചാനലുകളും ഉൾപ്പെടുന്ന മുഖ്യധാരാ മാധ്യമങ്ങൾ എങ്ങനെയാണ് ന്യൂസീലാൻഡ് ആക്രമണം റിപ്പോർട്ട് ചെയ്തത്? മാധ്യമങ്ങളുടെ നിലപാടുകളും കവറേജും ഈ ആക്രമണത്തെ എവിടെയൊക്കെ കൊണ്ടെത്തിച്ചു? അക്രമിയുടെ വംശീയ വിദ്വേഷവും രാഷ്ട്രീയവും എങ്ങനെയാണ് അന്തർദേശീയ മാധ്യമങ്ങൾ കൈകാര്യം ചെയ്തത്? ഇത്തരം ചോദ്യങ്ങൾ ഒരു ഭീകരാക്രമണത്തെ എങ്ങനെയൊക്കെ റിപ്പോർട്ട് ചെയ്യാം എന്ന അന്വേഷണത്തിലാണ് ചെന്നെത്തുന്നത്. ഭീകരാക്രമണം നടന്നയുടൻ വന്ന റിപ്പോർട്ടുകളിൽ 50 പേർ വെടിയേറ്റ് മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഭീകരാക്രമണം കേവലം വെടിവെപ്പായി ചുരുങ്ങിയത് യാദൃച്ഛികം എന്ന് തള്ളിക്കളയാൻ സാധിക്കില്ല. ബ്രിട്ടീഷ് ന്യൂസ് ചാനലുകളായ ബി ബി സി, സ്‌കൈ ന്യൂസ്, യു കെ ടി വി, ചാനൽ ഫോർ എന്നിവയിലും അമേരിക്കൻ വാർത്താ ചാനലുകളായ ഫോക്‌സ് ന്യൂസ്, സി എൻ എൻ എന്നിവയിലും വന്ന റിപ്പോർട്ടുകളിൽ തീവ്രവാദി വെറും “ഗൺമാനാ”യിരുന്നു.

ഭീകരാക്രമണം എന്നിടത്ത് വെടിവെപ്പ് എന്നുപയോഗിക്കുമ്പോഴുണ്ടാകുന്ന മാറ്റം എത്ര വലുതാണ്? ഇത്ര വലിയൊരാക്രമണം ന്യൂസീലാൻഡിൽ നടന്നപ്പോൾ പ്രധാനമന്ത്രി ജസീന്താ ആർഡേൺ ആക്രമണത്തെ വിശേഷിപ്പിച്ചത് “ഇതൊരു ഭീകരാക്രമണം തന്നെ” എന്നായിരുന്നു. പിന്നീട് പലപ്പോഴും അവർ അക്രമിയെ ഭീകരൻ എന്നുതന്നെ വിളിച്ചെങ്കിലും ആഗോള മാധ്യമങ്ങളിൽ പലതും താരതമ്യേന തീവ്രത കുറഞ്ഞ “തോക്കുധാരി” എന്നുതന്നെ ഉപയോഗിച്ചുപോന്നു. ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്, ദി ഗാർഡിയൻ, ഡെയ്‌ലി മെയിൽ, ഡെയ്‌ലി മിറർ തുടങ്ങിയ ദിനപത്രങ്ങൾ ആക്രമണം നടന്ന പിറ്റേന്ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിലും സമാനമായ കേവലവത്കരണം കാണാം. ഒപ്പം, ഭീകരാക്രമണത്തിന് ഒന്പത് മിനുട്ട് മുമ്പ് അക്രമി നേരത്തേ തയ്യാറാക്കി പ്രധാനമന്ത്രി ഉൾപ്പെടെ മുപ്പതോളം പേർക്ക് ഇ മെയിൽ വഴി അയച്ചുകൊടുത്ത മാനിഫെസ്റ്റോ അതിപ്രാധാന്യത്തോടെ പുറത്തുവിടുകയും ചെയ്തു. “മഹത്തായ പുനഃസ്ഥാപനം” എന്ന തലക്കെട്ടിലുള്ള മാനിഫെസ്റ്റോ ഭീകരവാദിയിൽ നിന്ന് പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 74 പേജുകളുള്ള മാനിഫെസ്റ്റോയിൽ യൂറോപ്പിലെ കുടിയേറ്റക്കാരെ മുഴുവൻ നീക്കം ചെയ്യണമെന്നും ആഫ്രിക്ക, ഇന്ത്യ, തുർക്കി തുടങ്ങി രാജ്യങ്ങളിൽ നിന്നുള്ളവരെയെല്ലാം തുരത്തുമെന്നും ഇയാൾ പറയുന്നുണ്ട്. തീവ്ര വലതുപക്ഷ വംശീയത നിറഞ്ഞ ഒരു മാനിഫെസ്റ്റോ ആയിരുന്നു അത്. ആക്രമണ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ കമ്പനികൾ കാണിച്ച അതേ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന അക്രമിയുടെ മാനിഫെസ്റ്റോ എത്ര വിദഗ്ധമായാണ് ഈ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത്.

തീവ്ര വലതുപക്ഷ വംശീയതയെ പിന്തുണക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഇത്തരം വാർത്താ കവറേജുകൾ പുറമേ നിരുപദ്രവകാരികളാണെന്ന് തോന്നുമെങ്കിലും വലിയ രാഷ്ട്രീയ അജൻഡകൾ ഉൾവഹിക്കുന്നവയാണ്. ഈ വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്ന കാര്യങ്ങളാണ് സെന്റ് പീറ്റേഴ്‌സ്ബർഗിലെ പോയിന്റർ മീഡിയ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ഡോ. എ ഐ ടോംപ്കിൻസ് കഴിഞ്ഞ ദിവസം പറഞ്ഞത്. “ഭീകരാക്രമണം നിങ്ങൾ റിപ്പോർട്ട് ചെയ്യുന്നു എന്നതിനേക്കാൾ കൊലയാളിയെയും അയാൾ പ്രതിനിധാനം ചെയ്യുന്ന ആശയധാരയെയും നിങ്ങൾ എങ്ങനെ കവർ ചെയ്യുന്നു എന്നതാണ് പ്രധാനം” അക്രമിയുടെ രാഷ്ട്രീയത്തെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളൊന്നും കാര്യമായി ചർച്ച ചെയ്തില്ല എന്നത് ശ്രദ്ധേയമാണ്. ഇംഗ്ലീഷ് വാർത്താ ചാനലുകളിൽ വന്ന അവലോകനങ്ങളിൽ യൂറോപ്പിലുടനീളം വേരോട്ടമുള്ള തീവ്രവംശീയതയും മുസ്‌ലിംവിരുദ്ധതയും ഗൗരവത്തിൽ കടന്നുവന്നതേയില്ല. ഒരു പക്ഷേ, ഇതേ മാധ്യമങ്ങൾ, പ്രത്യേകിച്ച് അമേരിക്കയിലെയും ബ്രിട്ടനിലെയും ജനകീയ വാർത്താ ചാനലുകളും പത്രങ്ങളും വർഷങ്ങളായി പ്രമോട്ട് ചെയ്യുകയും പിന്തുണക്കുകയും ചെയ്ത അതേ ആശയമാണ് ന്യൂസീലാൻഡിൽ ഭീകരാക്രമണം നടത്തിയ ആളുടേതും. വെറുപ്പിന്റെ ഈ പ്രത്യയശാസ്ത്രത്തെ അൽപ്പമെങ്കിലും പ്രതിരോധിച്ചത് ന്യൂസീലാൻഡ് പ്രധാനമന്ത്രി ജസീന്താ ആർർേണിന്റെ നിലപാടുകളും അത് പ്രചരിപ്പിച്ച സാമൂഹിക മാധ്യമങ്ങളുമാണ്. വംശീയവെറിക്കെതിരെ അവർ നടത്തിയ പ്രസ്താവനകൾ കേവലം ഉദ്ധരിക്കുക എന്നതിലപ്പുറത്തേക്ക് വിശകലനം ചെയ്യാനോ ചർച്ച സംഘടിപ്പിക്കാനോ ഈ ആഗോള ദൃശ്യമാധ്യമങ്ങൾക്ക് കഴിഞ്ഞില്ല എന്നത് ഒരു വസ്തുതയാണ്.

തീവ്ര വലതുപക്ഷ വംശീയത അന്തർ ദേശീയ മാധ്യമങ്ങളുടെ രാഷ്ട്രീയ നിലപാടുകളിൽ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ന്യൂസീലാൻഡ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകളുടെ പൊതുസ്വഭാവം അപ്രസക്തമായ കാര്യങ്ങൾ മാത്രം ഫോക്കസ് ചെയ്യുന്നു എന്നതാണ്. ഒപ്പം, നാളിതുവരെ തങ്ങൾ തുടർന്നുവന്ന രാഷ്ട്രീയ നിലപാടുകൾക്കപ്പുറത്തേക്ക് ഒരു ഭീകരാക്രമണവും പോകില്ല എന്ന തീരുമാനവും. അക്രമി പുറത്തുവിട്ട ദൃശ്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ മുഴുവൻ മാധ്യമങ്ങളോടും ന്യൂസീലാൻഡ് അഭ്യർഥിച്ചപ്പോൾ ചില ന്യൂസ് ചാനലുകളും പത്രങ്ങളുടെ ഓൺലൈൻ എഡിഷനുകളും തുടർച്ചയായി ആ വീഡിയോ തന്നെ ബ്രോഡ്കാസ്റ്റ് ചെയ്തത് ഇതിന് ഉദാഹരണമാണ്. മിക്ക മാധ്യമങ്ങളും ക്ഷമാപണത്തോടെ ദൃശ്യങ്ങൾ നീക്കം ചെയ്‌തെങ്കിലും തീവ്രവംശീയ നിലപാടുകളെ പിന്തുണച്ചുപോന്ന മാധ്യമങ്ങൾ അതിന് തയ്യാറായില്ല. അക്കൂട്ടത്തിൽ ഏറ്റവും ഗുരുതരമായ റിപ്പോർട്ടിംഗ് രീതി സ്വീകരിച്ചത് ബ്രിട്ടീഷ് പത്രം ദി മിറർ ആണ്. ഓൺലൈൻ എഡിഷനിൽ അക്രമി പകർത്തിയ ഫൂട്ടേജുകൾ തുടർച്ചയായി പ്രസിദ്ധീകരിച്ചു എന്നുമാത്രമല്ല, നൈജീരിയയിലെ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കുന്ന വാർത്തയോട് ഉപമിച്ച് ന്യൂസീലാൻഡിലെ ആക്രമണം അത്ര വലിയ വാർത്ത പോലുമല്ല എന്നുവരെ ദി മിറർ എഴുതി. അമേരിക്കയിൽ നിന്ന് ബ്രോഡ്കാസ്റ്റ് ചെയ്യുന്ന മിക്ക ടെലിവിഷൻ ചാനലുകളും ഇതേ ഉദാസീനത കാണിച്ചിട്ടുണ്ട്. ബ്രിറ്റ്ബാർട്ട് ന്യൂസ് രണ്ട് വർഷം മുമ്പ് പ്രമാദമായിരുന്ന ബോക്കോ ഹറാം തീവ്രവാദികളോട് ന്യൂസീലാൻഡ് ആക്രമണത്തെ ഉപമിക്കാനും ശ്രമം നടത്തുകയുണ്ടായി. ഇതൊക്കെയും തെളിയിക്കുന്നത് മുസ്‌ലിം വിരുദ്ധ നിലപാടുകളെ പൂർണമായി പിന്തുണക്കുകയും വംശീയ രാഷ്ട്രീയ നീക്കങ്ങളെ പ്രമോട്ട് ചെയ്യുകയും ചെയ്യുന്ന അന്തർദേശീയ മാധ്യമങ്ങളിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ്. ബ്രിട്ടനിലെയും അമേരിക്കയിലെയും മാധ്യമങ്ങൾ ഇതേ നിലപാടിൽ തന്നെയാണ് ന്യൂസീലാൻഡ് ആക്രമണത്തെ സമീപിച്ചതെന്ന് ക്വാർട്‌സ് ആഫ്രിക്ക ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി.

അതേസമയം, പ്രതിസ്ഥാനത്ത് മുസ്‌ലിം നാമധാരികൾ വരുന്ന അന്തർ ദേശീയ വിഷയങ്ങൾ, പ്രത്യേകിച്ച് ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങൾ, ഇതേ മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തത് അമിത പ്രാധാന്യത്തോടെയാണ്. മാധ്യമ സ്ഥാപനങ്ങൾക്ക് വാർത്തകൾ നൽകുന്ന റോയിട്ടേഴ്‌സ്, എ പി, എ എഫ് പി ഉൾപ്പെടെയുള്ള ന്യൂസ് ഏജൻസികളും ഇതിന് അപവാദമല്ല. അന്തർ ദേശീയ രംഗത്ത് സാന്നിധ്യമറിയിക്കുന്ന ഈ മാധ്യമങ്ങളുടെ ചുവടുപിടിച്ച് കവറേജ് ചെയ്യുന്ന വിവിധ ഭാഷകളിലെ പ്രാദേശിക മാധ്യമങ്ങളിലേക്കും വംശീയ വെറിയുടെ ചെറുതല്ലാത്ത സ്വാധീനമുണ്ടാകുന്നുണ്ട് എന്നതും ഭീതിയുണർത്തുന്ന വസ്തുതയാണ്. ന്യൂസീലാൻഡ് ഭീകരാക്രമണവുമായി ബന്ധപ്പെട്ടു വന്ന വാർത്തകൾ കേന്ദ്രീകരിച്ച് അത്തരത്തിലുള്ള മാധ്യമപഠനങ്ങൾ വന്നാൽ ആഗോളമാധ്യമങ്ങളുടെ ഭീകരമായ രാഷ്ട്രീയ നിലപാടുകൾ പുറത്തുകൊണ്ടുവരാൻ കഴിയും.

 

യാസർ അറഫാത്ത് നൂറാനി

yaazar.in@gmail.com