എന്‍ ഐ എക്ക് ഇരട്ട മുഖം?

Posted on: March 23, 2019 3:51 pm | Last updated: March 23, 2019 at 3:51 pm

എന്‍ ഐ എ ഔദ്യോഗിക കുറ്റാന്വേഷണ ഏജന്‍സിയോ അതോ സംഘ് കുടുംബത്തിന്റെ ഭാഗമോ? കാവി ഭീകരര്‍ക്കെതിരായ കേസുകള്‍ കോടതിയില്‍ ഒന്നൊന്നായി തള്ളിപ്പോകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സന്ദേഹമുയരുന്നത്. അജ്മീര്‍, മലേഗാവ്, മക്കാ മസ്ജിദ് സ്‌ഫോടനക്കേസുകള്‍ക്ക് പിന്നാലെ ബുധനാഴ്ച സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസ് പ്രതികളെയും കോടതി വെറുതെ വിട്ടത് തെളിവ് ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു പറഞ്ഞാണ്. എന്തുകൊണ്ടാണ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റപത്രങ്ങള്‍ തയ്യാറാക്കിയ കേസുകളില്‍ പിന്നീട് തെളിവുകളില്ലാതായി പോകുന്നത്? തെളിവുകളില്ലാത്തതല്ല, എന്‍ ഐ എ അത് കോടതിയില്‍ സമര്‍പ്പിക്കാത്തതാണ് കേസുകള്‍ തള്ളിപ്പോകാനിടയാക്കിയതെന്നാണ് സംഝോത എക്‌സ്പ്രസ് കേസ് തുടക്കത്തില്‍ അന്വേഷിച്ചിരുന്ന മുന്‍ ഐ പി എസ് ഓഫീസര്‍ വികാസ് നാരായണന്‍ റായ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. സൂട്ട്‌കേസുകള്‍ ഉപയോഗിച്ചാണ് ഡല്‍ഹിയില്‍ നിന്ന് ലാഹോറിലേക്കുള്ള സംഝോത എക്‌സ്പ്രസ് ട്രെയിനില്‍ 2007 ഫെബ്രുവരി 18ന് കാവിഭീകരര്‍ ബോംബ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തിനുപയോഗിച്ച ആ സൂട്ട്‌കേസുകളുടെ ഉറവിടവും അത് വാങ്ങിയ ഇന്‍ഡോറിലെ കടയും കണ്ടെത്തിയത് വികാസ് നാരായണന്‍ റായ് ആയിരുന്നു.
സംഝോത എക്‌സ്പ്രസ്, മാലേഗാവ്, ഹൈദരാബാദ് മക്ക മസ്ജിദ്, അജ്മീര്‍ ദര്‍ഗ സ്‌ഫോടനങ്ങളില്‍ തനിക്കും പല സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കും നേരിട്ടു പങ്കുണ്ടെന്ന് ആര്‍ എസ് എസ് നേതാവ് സ്വാമി അസീമാനന്ദ 2010 ഡിസംബറില്‍ ഡല്‍ഹിയിലെ തീന്‍ഹസാരി കോടതിയിലെ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയതാണ്. ആസൂത്രണത്തിലും ധനസമാഹരണത്തിലും സ്‌ഫോടനങ്ങള്‍ നടത്തിയതിലും ആര്‍ എസ് എസിന്റെ പല പ്രചാരകുമാരും നേരിട്ടു പങ്കാളികളാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ആര്‍ എസ് എസിനു പുറമെ, ബജ്‌റംഗദള്‍, വിശ്വഹിന്ദു പരിഷത് എന്നീ സംഘടനകളുടെയും തീവ്രവാദ വിഭാഗങ്ങളായ അഭിനവ് ഭാരത്, ജയ് വന്ദേമാതരം, വനവാസി കല്യാണ്‍ ആശ്രമം എന്നിവയുടെയും നേതാക്കള്‍ക്കുള്ള പങ്കും അദ്ദേഹം തുറന്നു പറഞ്ഞു. രാജ്യത്തു നടന്ന പല ഭീകരാക്രമണങ്ങള്‍ക്കുമുള്ള പ്രതികാരമായി ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടു സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതിന്റെ വിശദ വിവരങ്ങളും സംഭാഷണങ്ങളുമെല്ലാം സുദീര്‍ഘമായ ഈ കുറ്റസമ്മതത്തിലുണ്ട്.

പോലീസിന്റെ ഇടപെടലില്ലാതെ 48 മണിക്കൂര്‍ നേരം ശാന്തനായി ഇരുന്നാലോചിച്ച് സ്വന്തം കൈപ്പടയിലാണ് അസീമാനന്ദ കുറ്റസമ്മതമൊഴി എഴുതി നല്‍കിയത്. താനും കൂട്ടുകാരും ചെയ്ത കുറ്റത്തിന് ജയിലിലായ കലീം എന്ന യുവാവുമായി യാദൃച്ഛികമായി കണ്ടുമുട്ടാനിടയായതാണ് സത്യം തുറന്നു പറയാന്‍ പ്രേരണയെന്നും തനിക്കുമേല്‍ മറ്റൊരു സമ്മര്‍ദവുമുണ്ടായിരുന്നില്ലെന്നും മൊഴിയില്‍ അയാള്‍ എടുത്തു പറയുന്നുണ്ട്. ഇത് മാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയതിനു ശേഷം ആര്‍ എസ് എസിന്റെ അഭിഭാഷക സംഘടനയായ അഖില്‍ ഭാരതീയ അതിവക്ത പരിഷത്ത് രംഗത്തെത്തി അസീമാനന്ദയുടെ വക്കാലത്ത് ഏറ്റെടുത്തതോടെയാണ് ചിത്രം മാറുന്നതും മേല്‍മൊഴികളെല്ലാം ഭീഷണിപ്പെടുത്തി എഴുതിച്ചതാണെന്ന് മാറ്റിപ്പറയുന്നതും.

സ്‌ഫോടന കേസുകളിലെല്ലാം തുടക്കത്തില്‍ എന്‍ ഐ എ നീക്കം ശരിയായ പാതയിലായിരുന്നു. കേന്ദ്ര ഭരണം ഫാസിസ്റ്റ് ശക്തികളുടെ കരങ്ങളില്‍ വന്നതിനു പിന്നാലെയാണ് അന്വേഷണ ഏജന്‍സിയുടെ നിലപാടില്‍ മാറ്റം വന്നത്. നിരപരാധികളെന്നു കണ്ടെത്തിയ മുസ്‌ലിം യുവാക്കള്‍ വീണ്ടും കുറ്റവാളികളാക്കപ്പെടുന്നതും ഹിന്ദുത്വ ഭീകരര്‍ ഒന്നൊന്നായി കുറ്റവിമുക്തരാക്കപ്പെടുന്നതുമാണ് പിന്നീട് കണ്ടത്. 2006ലെ ഒന്നാം മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളാക്കപ്പെട്ട ഒമ്പത് മുസ്‌ലിം യുവാക്കള്‍ നിരപരാധികളാണെന്ന് ആദ്യം പറഞ്ഞ എന്‍ ഐ എ പിന്നീട് നിലപാട് മാറ്റുകയും അവരുടെ മോചനം തടയുകയും ചെയ്തത് ഉദാഹരണം. 2008ലെ രണ്ടാം മാലേഗാവ് സ്‌ഫോടന കേസിലെ പ്രധാന സാക്ഷിമൊഴി പ്രത്യേക എന്‍ ഐ എ കോടതിയില്‍ നിന്ന് കാണാതായതാണ് മറ്റൊരു ദുരൂഹ സംഭവം. പ്രതികളായ ഹിന്ദുത്വ തീവ്രവാദികള്‍ക്കെതിരെയുള്ള ഏഴ് വെളിപ്പെടുത്തലുകള്‍ അടങ്ങിയ സാക്ഷിമൊഴിയാണ് എന്‍ ഐ എ കോടതിയില്‍ നിന്ന് ‘മുങ്ങി’യത്. തുടര്‍ന്ന് കേസിലെ പ്രതികളായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍, കേണല്‍ ശ്രീകാന്ത് പുരോഹിത് അടക്കമുള്ള 14 ഹിന്ദുത്വ നേതാക്കള്‍ക്ക് എന്‍ ഐ എ ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്തു. ഈ കേസില്‍ മൃദുസമീപനം സ്വീകരിക്കാന്‍ എന്‍ ഐ എ തന്നോട് ആവശ്യപ്പെട്ടെന്ന അന്നത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയന്റെ വെളിപ്പെടുത്തലും ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ്.

ഹിന്ദുത്വ തീവ്രവാദികള്‍ പ്രതികളായ സ്‌ഫോടന കേസുകളെ പരാമര്‍ശിക്കുന്നിടത്ത് വിവിധ ഗ്രൂപ്പുകള്‍, ആള്‍ക്കൂട്ടം എന്നിങ്ങനെയാണ് എന്‍ ഐ എ തങ്ങളുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, മുസ്‌ലിം സംഘടനാ പ്രവര്‍ത്തകരെയും മാവോയിസ്റ്റുകളെയും പ്രതിചേര്‍ത്ത കേസുകളില്‍ അതാതു സംഘടനകളുടെ പേരുകള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. മാത്രമല്ല, മേല്‍ പറഞ്ഞ സ്‌ഫോടനക്കേസുകളില്‍ മഹാരാഷ്ട്രയിലെ സംഘടിത കുറ്റകൃത്യ നിരോധന നിയമമായ മക്കോക്ക ചുമത്തേണ്ടതില്ലെന്ന നിലപാടാണ് എന്‍ ഐ എ കോടതിയില്‍ സ്വീകരിച്ചത്. ഇതാണ് കേസുകളിലെ മുഖ്യ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ വഴിയൊരുക്കിയത്. പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ നിയുക്തരായ അന്വേഷണ ഏജന്‍സി തന്നെ അവര്‍ക്കെതിരെയുള്ള വകുപ്പുകള്‍ ദുര്‍ബലമാക്കാന്‍ കോടതിയോട് ആവശ്യപ്പെടുന്ന അസംബന്ധം ഹിന്ദുത്വ ഭീകരതയുമായി ബന്ധപ്പെട്ട കേസുകളില്‍ മാത്രമേ രാജ്യത്ത് അരങ്ങേറിയിട്ടുള്ളൂ. അല്ലാത്ത കേസുകളില്‍ കര്‍ക്കശ വകുപ്പുകള്‍ ചുമത്താന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.