ആലപ്പുഴയില്‍ സിപിഎം നേതാവിനെതിരെ വനിതാ കൗണ്‍സിലറുടെ ഭര്‍ത്താവ് ലൈംഗികാരോപണ പരാതി നല്‍കി

Posted on: March 23, 2019 3:37 pm | Last updated: March 23, 2019 at 3:37 pm

ആലപ്പുഴ:ആലപ്പുഴയിലും സി പി എം ജില്ലാ കമ്മറ്റിയംഗത്തിനെതിരെ ലൈംഗിക ആരോപണം. ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ നഗരസഭാ കൗണ്‍സിലറായ യുവതിയുടെ ഭര്‍ത്താവാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത് .

കഴിഞ്ഞ 17നാണ് ആലപ്പുഴ നഗരസഭാ കൗണ്‍സിലറുടെ ഭര്‍ത്താവ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്.ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകിത്തുടങ്ങിയ ഘട്ടത്തില്‍ സി പി എമ്മിനെ കൂടുതല്‍ വെട്ടിലാക്കുന്നതാണ് ലൈംഗിക ആരോപണ പരാതി.പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായ ഭാര്യയുമായി ജില്ലാ കമ്മിറ്റി അംഗത്തിനു അവിഹിത ബന്ധമുണ്ടെന്നാണ് ഭര്‍ത്താവ് നേതൃത്വത്തിനു നല്‍കിയ പരാതിയില്‍ പറയുന്നത്.അവിഹിത ബന്ധം നേരില്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കുന്നതെന്നാണ് ഭര്‍ത്താവ് പറയുന്നത്.ഇതിനു ശേഷം, ജില്ലാ കമ്മിറ്റി അംഗമായ നേതാവില്‍ നിന്നും ജീവനു ഭീഷണി ഉണ്ടായതായും സംരക്ഷണം വേണമെന്നും വിഷയത്തില്‍ നീതിക്കൊപ്പം നില്‍ക്കണമെന്നുമാണ് പരാതിക്കാരന്‍ പറഞ്ഞിട്ടുളളത്.ജില്ലാ കമ്മിറ്റി അംഗത്തിനു ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന് ചിലര്‍ പറഞ്ഞ് നേരത്തെ അറിവുണ്ടായിരുന്നതായും ഇതുകാരണം കഴിഞ്ഞ ഒന്നര വര്‍ഷമായി കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പരാതിയില്‍ വ്യക്തമാക്കുന്നു.തിരഞ്ഞെടുപ്പ് വേളയില്‍ ഉയര്‍ന്നുവന്ന പരാതി ചര്‍ച്ച ചെയ്ത് വഷളാക്കേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനമെങ്കിലും. പരാതിയുടെ പകര്‍പ്പ് പുറത്തായതോടെ ഇനി തുടര്‍ നടപടികള്‍ ഒഴിവാക്കാനാകാത്ത സ്ഥിതിയിലാണ്.എന്നാല്‍ കുടുംബ പ്രശ്‌നത്തില്‍ ഇടപെട്ട് ശക്തമായ നിലപാട് സ്വീകരിച്ചതിലുളള വിരോധം മാത്രമാണെന്നാണ് പരാതിക്ക് പിന്നിലെന്നാണ് സി പി എം ആലപ്പുഴ ജില്ലാ കമ്മറ്റിയംഗവും, ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മറ്റി സെക്രട്ടറിയുമായ നേതാവിന്റ് പ്രതികരണം