‘വോട്ട് ചോദിച്ച് ഈ പടി കടക്കരുത്’: അന്ത്യശാസനവുമായി ദേശീയപാത ഇരകള്‍

Posted on: March 23, 2019 12:36 pm | Last updated: March 23, 2019 at 12:36 pm
എന്‍ എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച പോസ്റ്റര്‍

തിരൂരങ്ങാടി: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ എന്‍ എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയുടെ പേരില്‍ ദേശീയ പാത ഇരകളുടെ വീടുകള്‍ക്കും കടകള്‍ക്കും മുമ്പില്‍ പതിച്ച പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. എന്‍ എച്ച് 66 ഇരകള്‍ക്ക് വേണ്ടി വായ തുറക്കാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയും വോട്ട് ചോദിച്ച് ഈ പടി കടക്കരുത് എന്ന അന്ത്യശാസനമാണ് പോസ്റ്ററിലുള്ളത്.

ഇരു മുന്നണികളും ദേശീയപാത ഇരകളെ വഞ്ചിച്ചെന്നാണ് ആരോപണം. ചുങ്കപ്പാത നിര്‍മിക്കുന്നതിനായി തങ്ങളുടെ കിടപ്പാടവും ഉപജീവനമാര്‍ഗങ്ങളും നഷ്ടപ്പെടുമ്പോള്‍ കൂടെ നിന്നു സഹായിക്കുമെന്ന് പ്രതീക്ഷിച്ച ഇരുമുന്നണികളും ബി ഒ ടി ലോബിയുടെ വക്താക്കളായി മാറുന്ന കാഴ്ചയാണ് ഇരകളെ ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചതെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ മത്സരിച്ചിരുന്ന ഇരകളുടെ സ്വതന്ത്ര സ്ഥാനാര്‍ഥി 11034 വോട്ട് നേടിയിരുന്നു. ഇത്തവണയും സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിക്കുവാന്‍ നീക്കമുണ്ട്. വോട്ട് ബഹിഷ്‌കരിക്കാനും തീരുമാനമുണ്ട്.