എരിതീയിലേക്ക് കേരളം; ഇവ ശ്രദ്ധിക്കാം

തിരുവനന്തപുരം
Posted on: March 23, 2019 11:38 am | Last updated: March 23, 2019 at 11:38 am

 


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. സൂര്യാഘാത, സൂര്യാതപ ജാഗ്രത തുടരണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ചൂട് ശരാശരിയിൽ നിന്നും നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ 24 വരെ ഉയർന്ന താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. 25, 26 തീയതികളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കുക:
– സൂര്യാഘാതം ഒഴിവാക്കാനായി രാവിലെ 11 മുതൽ മൂന്ന് വരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണം.
– ശുദ്ധജലം പരമാവധി കുടിക്കുക.
– കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
– അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
– പരീക്ഷാക്കാലമായതിനാൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തുക.
– കുട്ടികളെ അവധി പ്രമാണിച്ച് വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ രാവിലെ 11 മുതൽ മൂന്ന് വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി സൂര്യപ്രകാശം നേരിട്ട് എൽക്കേണ്ടി വരുന്ന തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിറക്കിയിട്ടുണ്ട്. തൊഴിൽദാതാക്കൾ ഈ നിർദേശം പാലിക്കണം. നിർദേശം പാലിക്കുന്നുണ്ടോ എന്നറിയാൻ തൊഴിലിടങ്ങളിൽ തൊഴിൽ വകുപ്പ് സ്‌ക്വാഡ് പരിശോധന കർശനമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സാമൂഹിക പ്രവർത്തകരും മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.