ഇത് പരസ്യ ചിത്രമല്ല; ഹോളി ആഘാേഷത്തിനിടെ സഹപാഠിക്ക് വഴിയൊരുക്കിയ ചിത്രം വൈറലായി

കൊളത്തൂര്‍
Posted on: March 23, 2019 10:39 am | Last updated: March 23, 2019 at 11:30 am
പുത്തനത്താണി സി പി എ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ ഹോളി ആഘോഷത്തിനിടെ സഹപാഠിയായ മതപഠന വിദ്യാര്‍ഥിക്ക് വഴിയൊരുക്കിയപ്പോള്‍. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ചിത്രം

മലപ്പുറം: നിറങ്ങളുടെ ഉത്സവമായ ഹോളി ആഘാഷത്തിന്റെ ഭാഗമായി നിറങ്ങള്‍ വാരി വിതറിയ കോളജ് വിദ്യാര്‍ഥികള്‍ മതപഠന വിദ്യാര്‍ഥി കൂടിയായ സഹപാഠിക്ക് വഴിയൊരുക്കിയ ചിത്രം ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങള്‍. പുത്തനത്താണി സി പി എ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്നുള്ള സ്നേഹത്തിന്റെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. പുത്തനത്താണി സി പി എ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ ബി എസ് സി വിദ്യാര്‍ഥിയും മതപഠന വിദ്യാര്‍ഥിയും വളാഞ്ചേരി കരിങ്കല്ലത്താണി സ്വദേശിയുമായ ടി മുഹമ്മദ് സുഹൈല്‍ ക്യാമ്പസില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ഹോളി ആഘാഷിക്കുകയായിരുന്ന സഹപാഠികള്‍ സുഹൈലിന്റെ ദേഹത്ത് കളര്‍ വാരി വിതറാതെ സുരക്ഷാ വഴിയൊരുക്കുകയായിരുന്നു.

വിദ്യാര്‍ഥികളെല്ലാം ഹോളി ആഘാഷിക്കുമ്പോള്‍ സുഹൈല്‍ വിട്ട് നിന്നിരുന്നു. മനുഷ്യാവകാശ ലംഘനമായ റാഗിംഗ് സംസ്‌കാരത്തിന്റെ കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമാകുകയാണ് സി പി എ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്നുള്ള ഈ ചിത്രം. വെങ്ങാട് വാദീഹസന്‍ മസ്ജിദില്‍ എടയൂര്‍ പി എസ് കെ ദാരിമിയുടെ നേതൃത്വത്തിലുള്ള ദര്‍സിലാണ് ഏഴ് വര്‍ഷമായി സുഹൈല്‍ മതപഠനം നടത്തുന്നത്. ഈ സംഭവത്തോട് സമാനമായ രീതിയിലുള്ള സര്‍ഫ് എക്‌സല്‍ പരസ്യം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.