വര്‍ഗീയ ധ്രുവീകരണം അപകടകരമായ സ്ഥിതിവിശേഷം: കോടിയേരി

Posted on: March 22, 2019 11:05 pm | Last updated: March 22, 2019 at 11:05 pm

ആലപ്പുഴ: വര്‍ഗീയ ധ്രുവീകരണമാണ് ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും അപകടകരമായ സ്ഥിതിവിശേഷമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ്-ബി ജെ പി രഹസ്യ ധാരണയുണ്ടെന്നും എന്നാല്‍, പരസ്യമായ ഇത്തരം കൂട്ടുകെട്ടുകളെ പരാജയപ്പെടുത്തിയ ചരിത്രമാണ് എല്‍ ഡി എഫിനുള്ളതെന്നും കോടിയേരി പറഞ്ഞു.

യു ഡി എഫും ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എയും വര്‍ഗീയ ശക്തികളെ ആശ്രയിക്കുകയാണ്. ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വ ധ്രുവീകരണത്തിനും മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ മുസ്‌ലിം സംഘടനകളായ ജമാഅത്തെ ഇസ്‌ലാമി, എസ് ഡി പി ഐ തുടങ്ങിയ സംഘടനകളുമായി കൂട്ടുകെട്ടുണ്ടാക്കാനും ശ്രമിക്കുന്നു. ഈ നീക്കം മതനിരപേക്ഷതയുടെ അടിത്തറ തകര്‍ക്കും.

മുസ്‌ലിം ലീഗിന്റെ ന്യൂനപക്ഷ വര്‍ഗീയ ധ്രുവീകരണ നീക്കത്തെ യു ഡി എഫ് പിന്തുണക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥയാണ്. ഇത് കേരളത്തിന്റെ ഭാവിക്ക് ദോഷം ചെയ്യും. എല്‍ ഡി എഫ് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.

ആര്‍ എസ് എസ്, എസ് ഡി പി ഐ, ജമാഅത്തെ ഇസ്‌ലാമി വോട്ടുകള്‍ വേണ്ടെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുമോ. മുസ്‌ലിം ലീഗ് നേതാവ് ഡോ എം കെ മുനീറിന്റെ ഇത് സംബന്ധിച്ച നിലപാടിനോട് യോജിപ്പ് പ്രകടിപ്പിക്കാനെങ്കിലും യു ഡി എഫ് തയ്യാറാകുമോ. കോ-ലീ-ബി സഖ്യമില്ലെന്നവകാശപ്പെടുന്ന കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ 1991ല്‍ വടകരയില്‍ കോ-ലീ-ബി സഖ്യത്തിന്റെ പ്രചാരകനായിരുന്നു. വി പി സിംഗ് മന്ത്രിസഭക്ക് ഇടതുപക്ഷം പിന്തുണ നല്‍കിയപ്പോള്‍ ബി ജെ പി സഖ്യത്തിലില്ലായിരുന്നു. എന്നാല്‍ പിന്നീട് വി പി സിംഗിനെതിരെ ബി ജെ പി അവിശ്വാസം കൊണ്ടുവന്നപ്പോള്‍ അതിനെ പിന്തുണച്ചത് കോണ്‍ഗ്രസാണ്. ഈ വിഷയത്തില്‍ ചെന്നിത്തലയുമായി സംവാദത്തിന് തയ്യാറാണ്.

വടകരയില്‍ പി ജയരാജന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും.50 ശതമാനത്തിലധികം വോട്ടുകള്‍ ജയരാജന് ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല.ജയരാജന്‍ ജീവിക്കുന്ന രക്തസാക്ഷിയാണ്. ആര്‍ എം പി വോട്ടുകള്‍ കഴിഞ്ഞ തവണയും യു ഡി എഫിനായിരുന്നു.ടി പി ചന്ദ്രശേഖരന്‍ വധം ഉയര്‍ത്തിക്കാട്ടിയിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ ജയരാജന്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.