Connect with us

Kerala

തീരപ്രദേശത്തും വി എസ് എസ് സിക്കു മുകളിലും ഡ്രോണ്‍ കണ്ടെത്തിയ സംഭവം: അന്വേഷണം ഊര്‍ജിതം

Published

|

Last Updated

തിരുവനന്തപുരം: തീരപ്രദേശങ്ങളും വിക്രം സാരാഭായി സ്‌പേസ് സെന്ററും (വി എസ് എസ് സി) കേന്ദ്രീകരിച്ച് കഴിഞ്ഞ അര്‍ധരാത്രി ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്കും ഇന്റലിജന്‍സിനും പുറമെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സിറ്റി പോലീസും രംഗത്തുണ്ട്.

കോവളം ബീച്ചിന് സമീപത്താണ് ഡ്രോണ്‍ കാമറ പറക്കുന്നത് ആദ്യ കണ്ടെത്തിയത്. അര്‍ധരാതി ഒരുമണിയോടടുത്ത് നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന കണ്‍ട്രോള്‍ റൂം പോലീസ് സംഘത്തിന്റെ ശ്രദ്ധയിലാണ് ഡ്രോണ്‍ പെട്ടത്. തുടര്‍ന്ന് ബീച്ചിലും സമീപത്തുമെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും ഡ്രോണ്‍ ഓപ്പറേറ്റ് ചെയ്യുന്ന ആരെയും കണ്ടെത്താനായില്ല. ഡ്രോണ്‍ മറ്റൊരു ഭാഗത്തേക്ക് പറന്നതോടെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിമാനത്താവളത്തിലേക്ക് മുന്നറിയിപ്പു സന്ദേശമയച്ചു.

പിന്നീട് പുലര്‍ച്ചെ മൂന്നോടടുത്ത് തുമ്പയിലെ വി എസ് എസ് സിയുടെ പ്രധാന സ്റ്റേഷനു മുകള്‍ഭാഗത്ത് ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത് സി ഐ എസ് എഫില്‍ ജീവനക്കാര്‍ കണ്ടെത്തി. സ്‌പേസ് റിസര്‍ച്ച് സെന്ററിനു മുകളിലും ഡ്രോണ്‍ കാമറ കണ്ടെത്തിയത് ദുരൂഹതയും ആശങ്കയും വര്‍ധിക്കാന്‍ ഇടയാക്കി.

തുമ്പ മേഖലയിലെ പോലീസും കേന്ദ്ര ഏജന്‍സികളും പുലര്‍ച്ചെ തന്നെ വി എസ് എസ് സിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. വി എസ് എസ് സിയുടെ സരുക്ഷാ കാമറകളിലോ വിമാനത്താവളത്തിലെ റഡാര്‍ സംവിധാനത്തിലോ ഒന്നും ഡ്രോണ്‍ പതിയാതിരുന്നതും ദുരൂഹതയേറ്റുന്നതായി.