Connect with us

Editorial

പ്രതിപക്ഷ ഭിന്നത ആശങ്കാജനകം

Published

|

Last Updated

ബി ജെ പിക്കെതിരായി രാജ്യത്തുടനീളം വിശാല സഖ്യം രൂപവത്കരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് പ്രതിപക്ഷ ക്യാമ്പുകളില്‍. രാജ്യത്തെ വര്‍ഗീയ ഫാസിസത്തിന്റെ കരങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ എന്തു വിട്ടുവീഴ്ചക്കും തയ്യാറാണെന്ന മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനത്തോടെ വിശാല സഖ്യം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷക്ക് വകയേകി. കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും ഡിസംബറില്‍ പാര്‍ലിമെന്റ് അനക്‌സിലും കക്ഷിരാഷ്ട്രീയ ശത്രുത മറന്ന് പ്രതിപക്ഷ നേതാക്കള്‍ സംഗമിച്ചത് ഈ പ്രതീക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങിയതോടെ സഖ്യനീക്കം ഉപേക്ഷിച്ച് വേറിട്ടു മത്സരിക്കാനുള്ള തീരുമാനത്തിലാണ് പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി തുടങ്ങി പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ കക്ഷികള്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകം എണ്‍പതോളം സീറ്റുള്ള ഉത്തര്‍പ്രദേശാണ്. 2014ലെ തിരഞ്ഞെടുപ്പില്‍ യു പി തൂത്തുവാരിയ ബി ജെ പിയെ പ്രതിരോധിക്കാന്‍ ഇത്തവണ ബി എസ് പിയും എസ് പിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട ഒരു വിശാല സഖ്യത്തിന്റെ ആവശ്യകത നേരത്തെ പ്രതിപക്ഷ ക്യാമ്പുകളില്‍ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇല്ലാതെ എസ് പിയുമായി വളരെ നേരത്തെ തന്നെ സഖ്യം പ്രഖ്യാപിച്ച ബി എസ് പി അധ്യക്ഷ മായാവതി വിശാല സഖ്യത്തിലേക്കുള്ള വാതില്‍ കൊട്ടിയടച്ചു.

കോണ്‍ഗ്രസുമായി ഒരു സംസ്ഥാനത്തും യാതൊരു തരത്തിലുമുള്ള സഖ്യത്തിനുമില്ലെന്നതാണ് മായാവതിയുടെ നിലപാട്. മോദിക്കും ബി ജെ പിക്കുമെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചു നിന്നാല്‍ വലിയ നേട്ടമാകുമെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിക്കുന്നതിനിടെയാണ് മായാവതി കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞത്. നേരത്തെ രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് മായാവതി തയ്യാറായിരുന്നില്ല. രണ്ട് സംസ്ഥാനങ്ങളിലും ചെറുകക്ഷികളുടെ സഹായത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേറിയെങ്കിലും ഒന്നിച്ചു മത്സരിച്ചിരുന്നെങ്കില്‍ മതേതര കക്ഷികള്‍ക്ക് കൂടുതല്‍ നേട്ടം കൊയ്യാന്‍ സാധിക്കുമായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ തകര്‍ന്നടിഞ്ഞ സി പി എമ്മും കോണ്‍ഗ്രസും ഇത്തവണ ഒന്നിച്ചു മത്സരിക്കാന്‍ തീരുമാനിച്ചതാണ്. സി പി എം കേന്ദ്ര നേതൃത്വം ഇതിനു പച്ചക്കൊടി കാണിക്കുകയും ചെയ്തു. എന്നാല്‍ ഇവിടെ ഇരു കക്ഷികളും വേറിട്ടു മത്സരിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളില്‍ 25 എണ്ണത്തിലേക്ക് ഇടതുപക്ഷം ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഖ്യനീക്കം ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് ബി ജെ പിക്കാണ് നേട്ടമുണ്ടാക്കുക. സഖ്യമുണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസ് – ഇടതുസഖ്യത്തിനും ബി ജെ പിക്കുമായി വിഭജിച്ചുപോകുമായിരുന്ന തൃണമൂല്‍വിരുദ്ധ വോട്ടുകള്‍ സഖ്യമില്ലാതായതോടെ പൂര്‍ണമായും ബി ജെ പിയുടെ പെട്ടിയില്‍ വീഴുമെന്നും ഇതിന്റെ അലയൊലികള്‍ 15 സീറ്റുകളെയെങ്കിലും ബാധിക്കുമെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. വേറിട്ടു മത്സരിക്കുന്നത് തങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്നും ജയസാധ്യത ഒന്നോ രണ്ടോ സീറ്റില്‍ ഒതുങ്ങുമെന്നും സി പി എമ്മും കോണ്‍ഗ്രസും സമ്മതിക്കുന്നുണ്ട്. എന്നിട്ടും വിട്ടുവീഴ്ചക്ക് ഇരു നേതൃത്വവും സന്നദ്ധമല്ല.

ഡല്‍ഹിയില്‍ വേറിട്ടു മത്സരിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും ഒടുവിലത്തെ തീരുമാനം. ഇവിടെ പാര്‍ട്ടി ഒറ്റക്കു മത്സരിക്കുമെന്നും ഇക്കാര്യം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അംഗീകരിച്ചിട്ടുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീലാദീക്ഷിത് അറിയിച്ചത്. ഡല്‍ഹിയിലെ ഏഴ് സീറ്റില്‍ എ എ പിയും കോണ്‍ഗ്രസും മൂന്നെണ്ണത്തില്‍ മത്സരിക്കാൻ ഒരു സീറ്റില്‍ സെലിബ്രിറ്റി സ്ഥാനാര്‍ഥിയെയോ ഇരു കൂട്ടര്‍ക്കും സമ്മതനായ മറ്റൊരാളെയോ നിര്‍ത്താനാണ് തീരുമാനമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പഞ്ചാബ്, ഹരിയാന, ഗോവ എന്നിവിടങ്ങളിലും കോണ്‍ഗ്രസുമായി സഹകരിക്കാന്‍ എ എ പിക്ക് താത്പര്യമുള്ളതായും പാര്‍ട്ടി നേതൃത്വങ്ങള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തൂത്തുവാരിയാണ് എ എ പി ഇവിടെ അധികാരത്തിലേറിയതെന്നിരിക്കെ അവരുമായി കൈകോര്‍ക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചിലര്‍ക്ക് നേരത്തെ വിയോജിപ്പുണ്ടായിരുന്നു. ഇതാണ് സഖ്യനീക്കം പൊളിയാന്‍ ഇടയാക്കിയത്. ഇതോടെ ഡല്‍ഹി ബി ജെ പി തൂത്തുവാരാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ തവണ ഇവിടെ മുഴുവന്‍ സീറ്റിലും ബി ജെ പിയാണ് വിജയിച്ചത്.

മതേതര ജനാധിപത്യ ഇന്ത്യ ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി വര്‍ഗീയ ഫാസിസമാണെന്നും അവരുടെ ഭരണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുകയാണ് പ്രതിപക്ഷത്തിന്റെ മുഖ്യ കടമയെന്നും എല്ലാവരും സമ്മതിക്കുന്നുണ്ട്. എങ്കിലും കേന്ദ്രത്തിലെ കുഞ്ചിക സ്ഥാനങ്ങളിലുള്ള മോഹവും സ്വാര്‍ഥതാത്പര്യങ്ങളുമാണ് മിക്ക നേതാക്കളെയും നയിക്കുന്നത്. മായാവതിക്ക് പ്രധാനമന്ത്രി പദത്തില്‍ കണ്ണുണ്ട്. യു പിയില്‍ മാത്രം ബി എസ് പി-എസ് പി സഖ്യത്തിന് 60 സീറ്റ് ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ഇതോടെ ദേശീയ രാഷ്ട്രീയത്തില്‍ ഈ സഖ്യം ഒരു നിര്‍ണായക ഘടകമാകുമെന്നും ഇതുവെച്ച് പ്രധാനമന്ത്രി പദത്തിനു വിലപേശാമെന്നും മായാവതി കണക്കു കൂട്ടുന്നു. കോണ്‍ഗ്രസിനെ സഖ്യത്തിലേക്ക് അടുപ്പിക്കാത്തതിന്റെ പിന്നാമ്പുറമിതാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ നിരീക്ഷണം. മമതക്കുമുണ്ട് പ്രധാനമന്ത്രി പദത്തില്‍ കണ്ണ്. മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നത്തെ ഓര്‍മിപ്പിക്കുന്ന നേതാക്കളുടെ ഇത്തരം ദിവാസ്വപ്‌നങ്ങളില്‍ തകര്‍ന്നടിയുന്നത് മതേതര വിശ്വാസികളുടെ പ്രതീക്ഷകളാണ്. പ്രതിപക്ഷ അനൈക്യം സൃഷ്ടിക്കുന്ന വിടവിലൂടെ ഇത്തവണയും ബി ജെ പി തന്നെ അധികാരത്തിലേറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇത് ആശങ്കാജനകമാണ്.