ഐ പി എല്ലിന് നാളെ തുടക്കം; പാക്കിസ്ഥാന്‍ ബഹിഷ്‌കരിക്കും

Posted on: March 22, 2019 11:17 am | Last updated: March 22, 2019 at 11:17 am


ന്യൂഡല്‍ഹി: ഐ പി എല്ലിന് നാളെ തുടക്കം. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടനപ്പോര്. രാത്രി എട്ട് മണിക്കാണ് കളി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി കാപ്പിറ്റല്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളാണ് മാറ്റുരക്കുന്നത്.
ഐ പി എല്ലിന് ഇന്ത്യക്ക് പുറത്തും വലിയ പ്രചാരമാണുള്ളത്. എന്നാല്‍, പാക്കിസ്ഥാന്‍ ഇത്തവണ ഐ പി എല്‍ മത്സരങ്ങള്‍ കാണില്ല. മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് അഹമ്മദ് വ്യക്തമാക്കി.
പാക്കിസ്ഥാന്‍ ടി20 ലീഗായ പിഎസ്എല്‍ ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍നിന്നും ഡി സ്‌പോര്‍ട്‌സ് പിന്മാറിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഇതിന് മറുപടിയായിട്ടാണ് ഐപിഎല്‍ ബഹിഷ്‌കരിക്കാന്‍ പാക്കിസ്ഥാനും തീരുമാനിച്ചത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തോട് ഇന്ത്യന്‍ സര്‍ക്കാരും ചാനലുകളും കൈക്കൊണ്ട സമീപനം മാത്രമാണ് തങ്ങളും കൈക്കൊണ്ടതെന്ന് പാക് മന്ത്രി പറഞ്ഞു. ഐപിഎല്‍ പാക്കിസ്ഥാനില്‍ സംപ്രേക്ഷണം ചെയ്യാതിരിക്കുന്നതോടെ ഐപിഎല്ലിനും ഇന്ത്യന്‍ ക്രിക്കറ്റിനും നഷ്ടമുണ്ടാകുമെന്നും മന്ത്രി അവകാശപ്പെട്ടു.
നേരത്തെ ഇന്ത്യ- ആസ്‌ത്രേലിയ പരമ്പരക്കിടെ ഇന്ത്യ സൈനിക തൊപ്പി ധരിച്ചതിനെതിരെ പാക്കിസ്ഥാന്‍ ഐസിസിക്ക് പരാതി നല്‍കിയിരുന്നു. ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുന്നു എന്നായിരുന്നു പാക്കിസ്ഥാന്റെ പരാതി. ഈ പരാതിയിന്മേല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഫവാദ് അഹമ്മദ് പറഞ്ഞു.
ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കണമോ എന്ന കാര്യത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കെയാണ് ഇപ്പോഴത്തെ നടപടി. ഫിബ്രുവരി 14ന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല്‍പതോളം സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.