മഹാരാഷ്ട്രയിൽ കോൺഗ്രസിനെ പേടിപ്പിക്കാൻ ഒ ബി സി മുന്നണി

Posted on: March 22, 2019 11:09 am | Last updated: March 22, 2019 at 11:09 am
പ്രകാശ് അംബേദ്കറും അസദുദ്ദീൻ ഉവൈസിയും

മുംബൈ: മഹാരാഷ്ട്രയിൽ പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ അഗാതി (അധഃസ്ഥിത സമൂഹ മുന്നണി)യുടെ സാന്നിധ്യം പരുക്കേൽപ്പിക്കുക കോൺഗ്രസിനെയെന്ന് വിലയിരുത്തൽ. ഒ ബി സി, ദളിത് വിഭാഗങ്ങളടക്കം 40 ശതമാനം വോട്ടർമാർ ഈ മുന്നണിയോടൊപ്പം നിൽക്കുമെന്നാണ് പ്രകാശ് അംബേദ്കർ പറയുന്നത്. ആകെയുള്ള 48 സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള തീരുമാനവുമായി സംഘടന മുന്നോട്ട് പോകുകയാണ്. കോൺഗ്രസ് എൻ സി പി സഖ്യത്തിൽ നിന്നും ബി ജെ പി- ശിവസേനാ സഖ്യത്തിൽ നിന്നും വോട്ട് പിടിക്കാൻ അഗാതിക്ക് കരുത്തുണ്ടെന്നാണ് വിലയിരുത്തലെങ്കിലും കൂടുതൽ ബാധിക്കുക കോൺഗ്രസിനെ തന്നെയാകും. മഹാരാഷ്ട്രയിൽ ഒ ബി സിയിൽ 250 ജാതികളും ഉപജാതികളുമുണ്ട്. 52 ശതമാനം ജനങ്ങളും ഈ വിഭാഗത്തിലാണ് വരുന്നത്.

എന്നാൽ പരമ്പരാഗതമായി ഒ ബി സി വിഭാഗത്തിന്റെ വോട്ടുകൾ ചിതറിപ്പോകുകയാണ് ചെയ്യാറുള്ളത്. അഗാതി മുന്നണിയിൽ രണ്ട് പാർട്ടികളാണ് പ്രധാനമായുമുള്ളത്. അംബേദ്കറുടെ ഭരിപ് ബഹുജൻ മഹാസംഘ്, അസദുദ്ദീൻ ഉവൈസിയുടെ ആൾ ഇന്ത്യാ മജ്‌ലിസേ ഇത്തിഹാദുൽ മുസ്‌ലിമീൻ എന്നിവ. കഴിഞ്ഞ ജൂണിലാണ് ഇരു പാർട്ടികളും ചേർന്ന് വഞ്ചിത് ബഹുജൻ അഗാതി രൂപവത്കരിച്ചത്. പിന്നീട് കൂടുതൽ ദളിത് സംഘടനകളെ ചേർത്ത് മുന്നണി വിപുലീകരിച്ചു. പാർട്ടി സംഘടിപ്പിക്കുന്ന റാലികളിൽ വൻ ജനപങ്കാളിത്തമുണ്ട്. ഇതെല്ലാം വോട്ടായി മാറുമെന്നും 40 ശതമാനത്തിലധികം വോട്ടുകൾ സമാഹരിക്കുമെന്നുമാണ് അംബേദ്കറുടെ അവകാശവാദം.

ബി ജെ പിയോടാണ് ഒ ബി സിയിലെ കൂടുതൽ ജാതികളും നേരത്തേ അടുപ്പം പുലർത്തിയിരുന്നത്. എന്നാൽ മറാത്താ വിഭാഗത്തിന് 16 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ഫട്‌നാവിസ് സർക്കാറിന്റെ തീരുമാനം ഈ പിന്തുണയിൽ വിള്ളൽ വീഴ്ത്തും. അത്തരം ആശങ്കകളൊന്നുമില്ലെന്നും ഒ ബി സി വിഭാഗങ്ങൾക്ക് സർക്കാർ നൽകിയ പരിഗണന അത്ര വലുതാണെന്നും മുതിർന്ന ബി ജെ പി നേതാവ് മാധവ് ഭണ്ഡാരി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മറാത്തകൾക്ക് നൽകിയ സംവരണം 27 ശതമാനം ഒ ബി സി സംവരണത്തെ ബാധിക്കില്ലെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു.

കോൺഗ്രസ് സഖ്യത്തിൽ ചേരാൻ പ്രകാശ് അംബേദ്കർ കുറേ കാത്തു നിന്നിരുന്നു. 12-13 സീറ്റുകൾ വേണമെന്നാണ് അംബേദ്കർ ആവശ്യപ്പെട്ടത്. എന്നാൽ പരമാവധി നാല് സീറ്റ് മാത്രമേ നൽകാനാകൂ എന്ന് കോൺഗ്രസും എൻ സി പിയും വ്യക്തമാക്കി. ഒ ബി സി രാഷ്ട്രീയം സങ്കീർണമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് നിതിൻ റാവത്ത് സമ്മതിക്കുന്നു. ഉദാഹരണമായി അദ്ദേഹം എടുത്തു പറയുന്നത് വിദർഭ സീറ്റാണ്. അവിടെ കുംൻഭി സമുദായത്തിൽ നിന്ന് ഒരു സ്ഥാനാർഥിയെ നിർത്തിയാൽ മറ്റൊരു പ്രമുഖ ഒ ബി സി വിഭാഗമായ തെലി വിഭാഗം പിണങ്ങും. ഈ വിഭാഗങ്ങളെയെല്ലാം ഒരുമിച്ച് കൊണ്ടുപോകുകയെന്നത് ശ്രമകരമാണെന്ന് റാവത്ത് വ്യക്തമാക്കുന്നു.