Connect with us

Kasargod

എസ് എസ് എഫ് രാജ്യവ്യാപകമായി വിദ്യാർഥി പ്രക്ഷോഭം സംഘടിപ്പിക്കുന്നു

Published

|

Last Updated

കാസർകോട്: ഗവേഷണവിഷയം സ്വയം തിരഞ്ഞെടുക്കാനുള്ള വിദ്യാർഥികളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ് എസ് എഫ് രാജ്യവ്യാപകമായി വിദ്യാർഥി പ്രക്ഷോഭം സംഘടിപ്പിക്കുന്നു.

ഇന്ന്  കാസർകോട് കേരള കേന്ദ്ര സർവ്വകലാശാലക്ക് മുന്നിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തോടെ സമര പരിപാടികൾക്ക് തുടക്കമാവും. കേരള കേന്ദ്ര സർവ്വകലാശാല ഈ വിഷയത്തിൽ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണമൊവശ്യപ്പെട്ടാണ് പ്രക്ഷോഭം.
ദേശീയ മുൻഗണന മുൻ നിർത്തിയായിരിക്കണം ഗവേഷണം എന്ന പേരിൽ അധികാരികൾ നിശ്ചയിക്കുന്ന വിഷയങ്ങളിൽ മാത്രം ഗവേഷണം നടത്തണം എന്ന നിയന്ത്രണം പ്രഖ്യാപിക്കുക വഴി സർക്കാർ താത്പര്യങ്ങൾക്ക് വിരുദ്ധമായ പഠനങ്ങളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. അക്കാദമിക മേഖലയിൽ കേന്ദ്ര സർക്കാർ നടത്തി വരുന്ന ഇത്തരം ഇടപെടലുകൾ വിദ്യാർഥികളുടെ സ്വതന്ത്ര്യത്തെ ഹനിക്കുന്നതാണ്.

ദളിതരും പിന്നാക്കവിഭാഗങ്ങളും നടത്തിയ സാമൂഹ്യപരിവർത്തനത്തിലൂന്നിയ മുന്നേറ്റങ്ങളെ ഗവേഷണ പഠനങ്ങളിലൂടെ വീണ്ടെടുക്കാനുള്ള വൈജ്ഞാനിക ശ്രമങ്ങളെ തമസ്‌കരിക്കുന്ന സംഘപരിവാർ അജൻഡയുടെ കൂടി ഭാഗമാണ് ഇത്തരം നീക്കങ്ങൾ.
അക്കാദമിക മേഖലയിലെ വിമർശനത്തിന്റെയും വിയോജിപ്പിന്റെയും ശബ്ദങ്ങളെ ഇല്ലാതാക്കുകയും സംവാദ സാധ്യതകൾ അവസാനിപ്പിക്കുകയും ചെയ്യാനുള്ള ഇത്തരം നീക്കങ്ങൾ വൈജ്ഞാനിക സ്വാതന്ത്ര്യത്തിന്റെ മരണമണി മുഴക്കുകയാണ്. വിദ്യാർഥികൾ ഒരുമിച്ച് നിന്ന് ഈ ശ്രമങ്ങളെ ചെറുത്ത് തോൽപിക്കണം. പ്രക്ഷോഭം രാജ്യത്തെ മുഴുവൻ കാമ്പസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് എസ് എസ് എഫ് അറിയിച്ചു.

Latest