ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ അനുശോചനക്കുറിപ്പ് ന്യൂസിലാന്‍ഡ്‌ അംബാസിഡര്‍ക്ക് കൈമാറി

Posted on: March 21, 2019 7:15 pm | Last updated: March 21, 2019 at 7:15 pm
ക്രൈസ്റ്റ് ചര്‍ച്ചിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുശോചിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ കുറിപ്പ് യുഎ ഇന്യൂസിലാന്‍ഡ് അംബാസിഡര്‍ മാത്യു ഹോകിന്‍സിന് കൈമാറുന്നു

അബുദാബി : ന്യൂസിലാന്‍ഡില്‍ കഴിഞ്ഞ വെള്ളിയാഴ്ച ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലിം പള്ളികളില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപെട്ട അമ്പത് പേരുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് ന്യൂസിലാന്റ് പ്രധാന മന്ത്രി ജസിന്ത കേറ്റ് ലോറല്‍ ആഡേണിന് അയച്ച ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ കുറിപ്പ് യുഎ ഇ ന്യൂസിലാന്‍ഡ്‌ അംബാസിഡര്‍ മാത്യു ഹോകിന്‍സിന് കൈമാറി.

ദാരുണവും പൈശാചികിവുമായ കൂട്ടകൊലപാതകത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ അനുശോചനവും ഐക്യദാര്‍ഢ്യവും അറിയിക്കുന്നുവെന്ന് അനുശോചനക്കുറിപ്പില്‍ അറിയിച്ചു. ന്യൂസിലാന്‍ഡില്‍ സമാധാനവും സഹിഷ്ണുതയും നിലനിര്‍ത്തുന്നതിലും മുസ്ലിം പള്ളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിലും പ്രധാന മന്ത്രിയുടെ ധീരമായ ഇടപെടലുകളും സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന നിലപാടും അഭിനന്ദനീയവും മാതൃകാപരവുമാണെന്നും കാന്തപുരം  പറഞ്ഞു.

അനുശോചനം രേഖപെടുത്താന്‍ അബുദാബി എംബസിയില്‍ പ്രത്യേകം കൗണ്ടര്‍ തന്നെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. കുറിപ്പ് കൈമാറുന്ന ചടങ്ങില്‍ ഐ സി എഫ് അബുദാബി പ്രസിഡന്റ് ഉസ്മാന്‍ സഖാഫി തിരുവത്ര, ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ, പബ്ലിക്കേഷന്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം വളക്കൈ, മര്‍കസ് ഗള്‍ഫ് മീഡിയ സെക്രട്ടറി മുനീര്‍ പാണ്ട്യാല, മര്‍കസ് അലൂംനി പ്രതിനിധി റഫീഖ് വി പി സി കട്ടിപ്പാറ എന്നിവര്‍ സംബന്ധിച്ചു.