Connect with us

Kozhikode

വൈജ്ഞാനിക സ്വാതന്ത്ര്യം ഹനിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണം: എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട്: ഗവേഷണവിഷയം സ്വയം തിരഞ്ഞെടുക്കാനുള്ള വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയ മുന്‍ഗണന മുന്‍ നിര്‍ത്തിയായിരിക്കണം ഗവേഷണം എന്ന നിയന്ത്രണം പ്രഖ്യാപിക്കുക വഴി സര്‍ക്കാര്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ പഠനങ്ങളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം.

മാനവ വിഭവ ശേഷി വകുപ്പിന്റെ നിര്‍ദേശ പ്രകാരം കേരള കേന്ദ്ര സര്‍വ്വകലാശാല ഈ വിഷയത്തില്‍ പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കണം. അക്കാദമിക മേഖലയില്‍ കേന്ദ്ര സര്‍കാര്‍ നടത്തി വരുന്ന ഇത്തരം ഇടപെടലുകള്‍ വിദ്യാര്‍ഥികളുടെ സ്വതന്ത്ര്യത്തെ ഹനിക്കുന്നതാണ്. ദളിതരും പിന്നോക്കവിഭാഗങ്ങളും നടത്തിയ സാമൂഹ്യപരിവര്‍ത്തനത്തിലൂന്നിയ മുന്നേറ്റങ്ങളെ ഗവേഷണ പഠനങ്ങളിലൂടെ വീണ്ടെടുക്കാനുള്ള വൈജ്ഞാനിക ശ്രമങ്ങളെ തമസ്‌കരിക്കുന്ന സംഘപരിവാര്‍ അജണ്ടയുടെ കൂടി ഭാഗമാണ് ഇത്തരം നീക്കങ്ങള്‍.

അക്കാദമിക മേഖലയിലെ വിമര്‍ശനത്തിന്റെയും വിയോജിപ്പിന്റെ ശബ്ദങ്ങളെ ഇല്ലാതാക്കുകയും സംവാദ സാധ്യതകള്‍ അവസാനിപ്പിക്കുകയും ചെയ്യാനുള്ള തീരുമാനങ്ങള്‍ വൈജ്ഞാനിക സ്വാതന്ത്ര്യത്തിന്റെ മരണമണിയാണ് മുഴക്കുന്നത്. വിദ്യാര്‍ഥികള്‍ ഒരുമിച്ച് നിന്ന് ഈ ശ്രമങ്ങളെ ചെറുത്ത് തോല്‍പിക്കണമെന്ന് എസ് എസ് എഫ് ആഹ്വാനം ചെയ്തു.

 

Latest