Connect with us

Gulf

ലോക സ്‌പെഷ്യല്‍ ഒളിംപിക്‌സിന് ഇന്ന് സമാപനം

Published

|

Last Updated

അബൂദബി: നിശ്ചയദാര്‍ഢ്യക്കാരുടെ സംഗമത്തിന് ഇന്ന് പര്യവസാനം. ഒരാഴ്ച നീണ്ടു നിന്ന ലോക സ്‌പെഷ്യല്‍ ഒളിംപിക്‌സിന്റെ സമാപന ചടങ്ങുകള്‍ ഇന്ന് വൈകിട്ട് ഏഴിന് അബൂദബി സായിദ് സ്പോര്‍ട്‌സ് സിറ്റിയില്‍ നടക്കും. സംഗീത മേളകളുടെയും പരേഡിന്റെയും അകമ്പടിയോടെ നടക്കുന്ന സമാപനച്ചടങ്ങുകള്‍ വീക്ഷിക്കുന്നതിന് 60 ദിര്‍ഹമാണ് നിരക്ക്. വൈകിട്ട് നാലിന് സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറക്കും.

ഇരുന്നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള 7000 അത്‌ലറ്റുകളാണ് കായിക മേളയില്‍ പങ്കെടുത്തത്. 3000 പരിശീലകരും, അത്‌ലറ്റുകളുടെ രക്ഷാകര്‍ത്താക്കളും മേളയുടെ ഭാഗമായി. മധ്യപൂര്‍വ ദേശത്ത് ആദ്യമായി അരങ്ങേറിയ സ്‌പെഷ്യല്‍ ഒളിംപിക്‌സ് വേള്‍ഡ് ഗെയിം നിശ്ചയദാര്‍ഢ്യക്കാരുടെ സംഗമമായി മാറി. യു എ ഇ യുടെ ആതിഥേയത്വം കായിക താരങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തിയ പരിശീലകരും, ഒഫീഷ്യല്‍സും അഭിപ്രായപ്പെട്ടു.

അബൂദബിയില്‍ ഏഴ്, ദുബൈ രണ്ട് വേദികളിലായാണ് മേള അരങ്ങേറിയത്. സ്‌പെഷ്യല്‍ ഒളിംപിക്‌സുകളുടെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്രയും രാജ്യങ്ങളുടെ പങ്കാളിത്തം ഇതാദ്യമാണ്. ആതിഥേയരായ യു എ ഇയാണ് ഏറ്റവും കൂടുതല്‍ മത്സരാര്‍ഥികളെ പങ്കെടുപ്പിച്ചത്. രണ്ടാമത് ഇന്ത്യയും. ചരിത്രത്തില്‍ ആദ്യമായി സഊദി 14 വനിതകളെ മത്സരത്തില്‍ പങ്കെടുപ്പിച്ചതും ഈ വര്‍ഷത്തെ പ്രത്യേകതയാണ്.

നിശ്ചയദാര്‍ഢ്യമുള്ളവരെ സമൂഹത്തിലെ പ്രധാനപ്പെട്ടവരായി കാണുന്ന യു എ ഇയുടെ സന്ദേശം ആഗോള തലത്തിലേക്ക് ഉയര്‍ന്നു എന്നതിന് തെളിവാണ് സ്‌പെഷ്യല്‍ ഒളിംപിക്‌സെന്ന് സാമൂഹിക വികസന മന്ത്രി ഹസ്സ ബിന്‍ത് ഈസ ബുഹുമൈദ് പറഞ്ഞു. സഹിഷ്ണുതാ വര്‍ഷത്തില്‍ നടക്കുന്ന ഏറ്റവും വലിയ ജീവകാരുണ്യ പരിപാടിയായാണ് യു എ ഇ ഇതിനെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. വളണ്ടിയര്‍മാരായി സേവനം ചെയ്യുന്നവരില്‍ ഭൂരിഭാഗവും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും, വിവിധ സര്‍വകലാശാലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായ സ്വദേശി പൗരന്മാരാണ്. 2000 വളണ്ടിയര്‍മാരില്‍ 250 ഓളം പേര്‍ മലയാളികളാണ്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest