ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മായാവതി

Posted on: March 20, 2019 2:52 pm | Last updated: March 20, 2019 at 7:11 pm

ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബി എസ് പി അധ്യക്ഷ മായാവതി. പകരം ബി എസ് പിയുടെയും സഖ്യ കക്ഷിയായ സമാജ് വാദി പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം വിനിയോഗിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

‘എന്റെ നിലപാട് പാര്‍ട്ടി മനസ്സിലാക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. ബി എസ് പി-എസ് പി സഖ്യം നല്ല നിലയിലാണ് മുന്നോട്ടു പോകുന്നത്.’- ലക്‌നൗവില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ മായാവതി പറഞ്ഞു.
ബി ജെ പിയെ തറപറ്റിക്കുകയെന്ന പൊതു ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് പരസ്പര വൈരികളായ മായാവതിയുടെ ബി എസ് പിയും അഖിലേഷ് യാദവിന്റെ എസ് പിയും സഖ്യം രൂപവത്കരിച്ചത്.

മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എസ് പി നേതാവ് അഖിലേഷ് യാദവും വ്യക്തമാക്കിയിട്ടുണ്ട്. നാലു തവണ മുഖ്യമന്ത്രിയായ മായാവതി നിരവധി തവണ പാര്‍ലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു പിയിലെ 80 സീറ്റുകളില്‍ ഒന്നുപോലും നേടാന്‍ ബി എസ് പിക്കു കഴിഞ്ഞിരുന്നില്ല.