നഴ്‌സറി സ്‌കൂളുകള്‍ ലൈസന്‍സുകള്‍ പ്രദര്‍ശിപ്പിക്കണം

Posted on: March 20, 2019 12:22 pm | Last updated: March 20, 2019 at 12:22 pm

അബൂദബി: നഴ്‌സറി സ്‌കൂളുകള്‍ ലൈസന്‍സുകള്‍ സ്വീകരണ സ്ഥലത്ത് പ്രദര്‍ശിപ്പിക്കണമെന്ന് അബൂദബി വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളെ ലൈസന്‍സുള്ള നഴ്‌സറി സ്‌കൂളില്‍ ചേര്‍ക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് ഇത് വളരെ പ്രധാനമാണ്. നഴ്‌സറികളുമായി ബന്ധപ്പെട്ട എല്ലാ ലൈസന്‍സിംഗ് ആവശ്യകതയിലും ഇത് ആവശ്യമായി വരുമെന്ന് അബൂദബി വിദ്യാഭ്യാസ വകുപ്പിലെ ബാല്യ കാല വിദ്യാഭ്യാസ വിഭാഗം ലൈസന്‍സ് ഡയറക്ടര്‍ ഡോ. സാറ അല്‍ സുവൈദി വ്യക്തമാക്കി.

ആരോഗ്യ സുരക്ഷാ നടപടികള്‍, ലൈസന്‍സിംഗ് ആവശ്യങ്ങള്‍ എന്നിവ പരിശോധിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിലെ നഴ്സറി വിഭാഗം എമിറേറ്റിലെ എല്ലാ നഴ്സറികളും പതിവായി പരിശോധിക്കാറുണ്ടെന്ന് അല്‍ സുവൈദി പറഞ്ഞു. പുതിയ നയം അനുസരിച്ച് നഴ്സറികള്‍ ഓരോ വര്‍ഷവും അവരുടെ ലൈസന്‍സുകള്‍ പുതുക്കാന്‍ സ്‌കൂളുകളെ അവര്‍ ഓര്‍മിപ്പിച്ചു.

ലൈസന്‍സ് കാലാവധി തീരുന്നതിന് രണ്ട് മാസം മുമ്പെങ്കിലും നഴ്സറി മാനേജ്മെന്റ് പ്രക്രിയ ആരംഭിക്കണം. നിലവില്‍ അബൂദബിയില്‍ 244 നഴ്‌സറി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവര്‍ അറിയിച്ചു. അബൂദബിയില്‍ 194 പ്രീ-സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ 10,776 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. അല്‍ ഐനില്‍ 43 നഴ്സറികളിലായി 2,681 കുട്ടികളും, അല്‍ ദഫ്രയില്‍ ഏഴ് നഴ്സറികളിലായി 253 കുട്ടികളും പഠിക്കുന്നുണ്ട്. ഇവിടങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ലൈസന്‍സിംഗ് മാനദണ്ഡങ്ങളും നയങ്ങളും ഇതിനകം പരിചയപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.