Connect with us

Kerala

വോട്ട് വേണ്ടെന്ന് ലീഗ് നേതൃത്വം പരസ്യമായി പറയണം: എസ് ഡി പി ഐ

Published

|

Last Updated

കോഴിക്കോട്: എസ് ഡി പി ഐയുടെ വോട്ട് ഒരു മണ്ഡലത്തിലും വേണ്ടന്ന് മുസ്‌ലിംലീഗ് നേതൃത്വം പരസ്യമായി പ്രഖ്യാപിക്കണമെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. മുസ്‌ലിംലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് മലപ്പുറത്ത് അവരുമായി കൂടിക്കാഴ്ച നടത്തിയതെന്ന് മജീദ് ഫൈസി ആവര്‍ത്തിച്ചു.

പൊന്നാനി അടക്കമുള്ള മണ്ഡലങ്ങളിലെ പിന്തുണ സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ബി ജെ പിയുണ്ടാക്കിവച്ച വര്‍ഗീയ പരിസരം മുതലെടുക്കാനാണ് കോണ്‍ഗ്രസ് രാജ്യത്ത് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. തങ്ങള്‍ അധികാരത്തിലേറിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നു വരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തില്‍ നിന്ന് മല്‍സരിക്കുന്ന നാല് സ്ഥാനാര്‍ഥികളുടെ പട്ടിക കൂടി എസ് ഡി പി ഐ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, പാലക്കാട് സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, ആലപ്പുഴയില്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, ആറ്റിങ്ങലില്‍ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മാഈല്‍ എന്നിവര്‍ മല്‍സരിക്കും. നേരത്തേ ചാലക്കുടി, കണ്ണൂര്‍ , വടകര, പൊന്നാനി, വയനാട, എറണാകുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ എസ് ഡി പി ഐ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് എസ് ഡി പി ഐ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ പി കെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ നല്‍കുകയായിരുന്നു. ഇത്തവണയും ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ലീഗിനെ സഹായിക്കാനുള്ള നീക്കമായിരുന്നു എസ് ഡി പി ഐ നടത്തിയത്. എന്നാല്‍ മലപ്പുറത്തെ രഹസ്യ കൂടിക്കാഴ്ച വിവാദമായതോടെ ലീഗ് നേതൃത്വം എസ് ഡി പി ഐയെ തള്ളിപ്പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ എസ് ഡി പി ഐ തയ്യാറായതെന്നാണ് വിവരം. കഴിഞ്ഞ തവണ ഇരുപതിനായിരത്തിന് മുകളില്‍ വോട്ട് പൊന്നാനിയില്‍ എസ് ഡി പി ഐ നേടിയിരുന്നു. പൊന്നാനിയില്‍ ഇത്തവണ നേരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ് ഡി പി ഐ പ്രചാരണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സിറ്റിംഗ് സീറ്റായ പൊന്നാനിയില്‍ ഇത്തവണ കടുത്ത മത്സരമാണ് ലീഗ് നേരിടുന്നത്. ഇതിന്റെ അടിസ്ഥനത്തിലാണ് എസ് ഡി പി ഐയുടെ വോട്ട് ലക്ഷ്യമിട്ട് രഹസ്യ കൂടിക്കാഴ്ചക്ക് ലീഗ് നേതൃത്വം തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്.