Connect with us

Kerala

വലിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം; ഇപ്പോള്‍ പരിഭവമില്ലെന്ന് കെവി തോമസ്

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഇടഞ്ഞ സിറ്റിങ് എംപി കെവി തോമസിനെ അനുനയിപ്പിക്കാന്‍ ഒന്നിലധികം വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വെച്ചത്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം , ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെവിടെയെങ്കിലും എഐസിസി ജനറല്‍ സെക്രട്ടറി പദവി എന്നിവയും നേതൃത്വം മുന്നോട്ട് വെച്ചു. അനുനയനീക്കത്തിന്റെ ഭാഗമായി സോണിയ ഗാന്ധി കെവി തോമസിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

ഇതിന് പിറകെ സീറ്റ് നല്‍കാത്തതില്‍ തനിക്ക് വിഷമില്ലെന്ന് കെവി തോമസ് തന്നെ കണ്ട മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്നെ ഒഴിവാക്കിയതിലല്ല. അത് പറയാതിരുന്നതിലാണ് പരിഭവം. എക്കാലവും പാര്‍ട്ടിയില്‍ തുടരും. പാര്‍ട്ടിക്ക് വേണ്ടി ഒരുപാട് പ്രവര്‍ത്തിച്ചയാളാണ് താന്‍. അങ്ങനെയുള്ള തന്നോട് ഒരു വാക്ക് പറയാമായിരുന്നു. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പരിഭവമെല്ലാം ഇല്ലതായെന്നും കെവി തോമസ് പറഞ്ഞിരുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടേയും ജില്ലയില്‍നിന്നുള്ള എംഎല്‍എമാരുടേയും എതിര്‍പ്പിനെത്തുടര്‍ന്നാണ് അവസാന നിമിഷം കെവി തോമസിന് സീറ്റ് ലഭിക്കാത്ത സ്ഥിതി വന്നത്. ഇടത് സ്ഥാനാര്‍ഥിയായ പി രാജീവിനോടുള്ള മത്സരത്തില്‍ തോമസിന് ജയസാധ്യതയില്ലെന്ന ഇവരുടെ നിലപാടാണ് കെവി തോമസിന് സീറ്റ് നിഷേധിക്കപ്പെടാന്‍ കാരണം. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സമാന നിലപാട് സ്വീകരിച്ചതോടെ ഹൈബി ഈഡന് നറുക്ക് വീഴുകയായിരുന്നു. സിറ്റിങ് എംപിമാര്‍ക്കെല്ലാം സീറ്റ് നല്‍കുകയെന്ന കോണ്‍ഗ്രസിന്റെ പൊതുധാരണ കെവി തോമസിന്റെ കാര്യത്തില്‍ മാത്രമാണ് പാലിക്കപ്പെടാതെ പോയത്.

Latest