എസ് വൈ എസ് ചാലിയാർ ശുചീകരിക്കുന്നു

Posted on: March 19, 2019 10:55 am | Last updated: March 19, 2019 at 10:55 am
എസ് വൈ എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനം

മലപ്പുറം: ‘ജലമാണ് ജീവൻ എന്ന പ്രമേയത്തിൽ എസ് വൈ എസ് ആചരിക്കുന്ന ജല സംരക്ഷണ ക്യാമ്പയിനിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഈസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈമാസം 21ന് ചാലിയാർ ശുചീകരിക്കുന്നു. രാവിലെ ഒമ്പത് മുതൽ നടക്കുന്ന ശുചീകരണത്തിൽ ചാലിയാറിന്റെ ഇരുകരകളിലെയും പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യങ്ങൾ നീക്കം ചെയ്യാനാണ് പദ്ധതി.

ജില്ലയിലെ 2000 എസ് വൈ എസ് സന്നദ്ധ പ്രവർത്തകരടക്കം പ്രസ്ഥാനിക കുടുംബത്തിലെ ആയിരങ്ങൾ പരിപാടിയിൽ പങ്കാളികളാകും. അതത് പഞ്ചായത്തിലെ ഹരിത കർമസേന, പ്രാദേശിക ക്ലബുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

നിലമ്പൂർ ചാലിയാർമുക്ക് മുതൽ ഊർക്കടവ് വരെയുള്ള ചാലിയാർമുക്ക്, മൈലാടിപ്പാലം, കളത്തുംടവ്, ഒടായിക്കൽ, പൊങ്ങല്ലൂർ, എടവണ്ണ, മൈത്ര, കീഴുപമ്പ്, അരീക്കോട്, വെട്ടുപാറ, ഊർക്കടവ് എന്നീ കടവുകളിലാണ് ശുചീകരണം നടത്തുന്നത്. അനുബന്ധമായി ജല സംരക്ഷണ റാലിയും പ്രതിജ്ഞയും നടക്കും.
ഇന്നലെ ജില്ലയിലെ 75 കേന്ദ്രങ്ങളിൽ വിളംബരം നടന്നു. പ്രമുഖ പരിസ്ഥതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ എടവണ്ണയിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.

മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറിമാരായ എ മുഹമ്മദ് പറവൂർ, എം അബൂബക്കർ പടിക്കൽ, എം മുഹമ്മദ് സ്വാദിഖ്, എൻ എം സ്വാദിഖ് സഖാഫി, എസ് വൈ എസ് വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, ജനറൽ സെക്രട്ടറി വി പി എം ബശീർ, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ശരീഫ് നിസാമി സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ ഇ കെ മുഹമ്മദ് കോയ സഖാഫി, കെ പി ജമാൽ കരുളായി, വി പി എം ഇസ്ഹാഖ്, ടി സിദ്ദീഖ് സഖാഫി, എൻ ഉമർ മുസ്‌ലിയാർ, അബ്ദുർറഹ്മാൻ കാരക്കുന്ന് പങ്കെടുത്തു.