ഗോവയില്‍ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകും

Posted on: March 18, 2019 8:22 pm | Last updated: March 18, 2019 at 10:26 pm

പനാജി: ഗോവയില്‍ നിലവിലെ നിയമസഭാ സ്പീക്കര്‍ പ്രമോദ് സാവന്ത് പുതിയ മുഖ്യമന്ത്രിയാകും. രണ്ട് ഘടക കക്ഷികള്‍ക്ക് ഉപ മുഖ്യമന്ത്രി സ്ഥാനം നല്‍കാനും ഭരണത്തിന് നേതൃത്വം നല്‍കുന്ന ബി ജെ പി തീരുമാനിച്ചു. മുഖ്യമന്ത്രിയായി ഇന്നു രാത്രി തന്നെ പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഇന്ന് വൈകിട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വിനയ് തെന്‍ഡുല്‍ക്കറാണ് പ്രമോദ് സാവന്തിന്റെ പേരു പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.

40 അംഗ സഭയില്‍ ഒറ്റ കക്ഷിയെന്ന നിലയില്‍ 14 എം എല്‍ എമാരുള്ള കോണ്‍ഗ്രസിനാണ് ഭൂരിപക്ഷം. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ടിരുന്നു. രണ്ടു തവണയാണ് കോണ്‍ഗ്രസ് ഈ ആവശ്യമുന്നയിച്ച് ഗവര്‍ണര്‍ക്കു കത്ത് നല്‍കുന്നത്. കോണ്‍ഗ്രസിന്റെ നീക്കങ്ങളെ മറികടക്കാനാണ് പുതിയ മുഖ്യമന്ത്രിയെ കൊണ്ടുവന്നുള്ള ബി ജെ പി നീക്കം.

സംസ്ഥാനത്ത് ബി ജെ പി സഖ്യത്തിലുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം ജി പി), ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജി എഫ് പി) എന്നീ കക്ഷികള്‍ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകുന്നതിനെ അനുകൂലിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇരു കക്ഷികള്‍ക്കും ഉപ മുഖ്യമന്ത്രി സ്ഥാനങ്ങള്‍ കൊടുത്ത് തൃപ്തിപ്പെടുത്തുന്നത്.