വടകരയില്‍ മുല്ലപ്പള്ളിക്കായി മുറവിളി

Posted on: March 18, 2019 5:11 pm | Last updated: March 18, 2019 at 9:34 pm

ന്യൂഡല്‍ഹി: യു ഡി എഫിന്റെ തര്‍ക്കമുള്ള നാല് മണ്ഡലങ്ങളില്‍ ഇന്ന് വൈകുന്നേരത്തോടെ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനിക്കെ വടകര സീറ്റില്‍ മുല്ലപ്പള്ളി വീണ്ടും സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യമായി ദേശീയ നേതൃത്വത്തിന് മുന്നിലേക്ക് പരാതികള്‍ ഒഴുകുന്നു. വടകരയില്‍ ദുര്‍ബല സ്ഥാനാര്‍ഥി പാടില്ലെന്നും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതികള്‍. മണ്ഡലത്തിലെ കോണ്‍ഗ്രസ്- ലീഗ് പ്രവര്‍ത്തകരില്‍ നിന്ന് വലിയ തോതില്‍ പരാതികള്‍ നേതൃത്വത്തില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.

അണികളുടെ ആവശ്യം ന്യായമാണെന്നും മുല്ലപ്പള്ളി വീണ്ടും മത്സരിക്കണമെന്നും ശക്തമായ മത്സരം വടകരയില്‍ ആവശ്യമാണെന്നും അഭിപ്രായപ്പെട്ട് മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരനും രംഗത്തെത്തി. മലബാറിലെ മറ്റു യുഡിഎഫ് സ്ഥാനാര്‍ഥികളും മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മറ്റു മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമെന്ന് ആശങ്കയിലാണ് യു ഡി എഫ് സ്ഥാനാര്‍ഥികള്‍.

നിലവില്‍ പരിഗണനയിലുള്ള പേരുകള്‍ ദുര്‍ബലമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ച ആര്‍ എം പിയും മുല്ലപ്പള്ളി മത്സരിക്കണമെന്ന ആവശ്യക്കാരാണ്. മുല്ലപ്പള്ളി അല്ലെങ്കില്‍ പൊതുസ്വതന്ത്രന്‍ വേണമെന്നാണ് ആര്‍ എം പി നിലപാട്. പ്രവര്‍ത്തകരുടെ ആശങ്ക കെ പി സി സി നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചതയാണ് റിപ്പോര്‍ട്ട്. അവസാന നിമഷം ഹൈക്കമാന്‍ഡിന്റെ സമ്മര്‍ദത്തിന് വഴങ്ങി മുല്ലപ്പള്ളി മത്സരിക്കാന്‍ തയ്യാറായേക്കുമെന്നും ഒരു വിഭാഗം നേതാക്കള്‍ കരുതുന്നു.