Connect with us

Travelogue

കുഞ്ഞോമിലെ പെരിയ കാഴ്ചകൾ

Published

|

Last Updated

കുങ്കിച്ചിറ

സമയം രാത്രി 9.30. അപ്പോൾ തോന്നിയ പിരാന്ത്. ഈ രാത്രി ദാ ഇപ്പോ ഇങ്ങനെ എങ്ങോട്ടെങ്കിലും വിട്ടാലോ. ശാഫിയുടെതായിരുന്നു ആശയം. ഞാനും നിയാസും ഒപ്പംകൂടി. അങ്ങനെ ഡിസംബറിലെ തണുപ്പിനെ വകവെക്കാതെ വയനാട് ചുരത്തിലെ സകല കുണ്ടിലും കുഴിയിലും ചാടി തലപ്പുഴയിലെത്തുമ്പോൾ പാതിരാ ഒരു മണി.

പണ്ടൊരു യാത്രക്കിടയിൽ കിട്ടിയ ചങ്കാണ് തലപ്പുഴക്കാരൻ സുഹൈൽ. ആ നട്ടപ്പാതിരക്കതാ അവൻ ദൂരെ നിന്ന് ബുള്ളറ്റുമായി പാഞ്ഞടുക്കുന്നു. ഏതൊക്കെയോ ഉൾവഴികളിലൂടെ, ഏറെ നാളായി മോഹിപ്പിച്ച് കൊണ്ടിരിക്കുന്ന അവന്റെ സ്വന്തം കോഫി ബീൻസിലേക്ക്. അവൻ ഇട്ടു തന്ന ചുടുകട്ടൻ നുകർന്ന് അൽപ്പം ചൂടുകാഞ്ഞ് കമ്പിളി പുതപ്പിനുള്ളിലേക്ക് ചുരുണ്ടു….
“കുറച്ച് വിട്ടുപിടിച്ചാൽ ഒരു കിടു പ്ലോട്ട് ഉണ്ട്”; നിയാസ് രാവിലെ തന്നെ ഫോട്ടോ കാണിച്ച് കൊതിപ്പിച്ചതോടെ പ്രഭാതകർമങ്ങളൊക്കെ ശരവേഗത്തിലായി. സുഹൈലിനൊപ്പം ഒന്നുരണ്ട് സെൽഫി. കട്ടതാങ്ക്‌സും അറിയിച്ച് പോകാനുള്ള റൂട്ടും മനസ്സിലാക്കി കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ റോഡിലേക്കിറങ്ങി. വഴിയിൽ നിന്ന് ചൂട് പൊറാട്ടയും ലിവറും അകത്താക്കി വയനാടിന്റെ പ്രഭാതവും ആസ്വദിച്ചങ്ങനെ കാഴ്ചകളുടെ പറുദീസയിലേക്ക്.

ചരിത്രസ്മരണകൾ പേറി കുങ്കിച്ചിറ
വഴി ചോദിച്ചുചോദിച്ച് കുഞ്ഞോം കവലയിലെത്തി. വലത്തേക്ക് തിരിഞ്ഞതും കാഴ്ചകളുടെ മട്ടുമാറി. റോഡിനിരുവശവും സമൃദ്ധമായ പാടങ്ങൾ. തണുപ്പ് കോരിയിടുന്ന പ്രഭാതത്തിലും അധ്വാനിക്കുന്ന കർഷക കാഴ്ച, പൂത്തുനിറഞ്ഞ് നിൽക്കുന്ന പല കൂട്ടം കൃഷിവിളകൾ, എങ്ങോട്ടോ നീണ്ടുപോകുന്ന പാടവരമ്പുകൾ, പാടത്തിന് ദൂരെ കുഞ്ഞുകുഞ്ഞ് വീടുകൾ, അവിടെ നിന്ന് ഉയരുന്ന പ്രാതലിന്റെ പുക, അവിടത്തെ കുട്ടികളാകണം നടവരമ്പിലൂടെ ഓടിക്കളിക്കുന്നത്. ശരിക്കും പറഞ്ഞാൽ വയനാടൻ തനിമയിലെ വേറിട്ട കാഴ്ച.. ഇതെല്ലാം കഴിഞ്ഞാണ് അധികമാരും അറിയാതെ ഒളിഞ്ഞിരിക്കുന്ന കുഞ്ഞോം. ഈ റോഡ് അവസാനിക്കുന്നതും മറ്റൊരു കാഴ്ചക്ക് തിരി തെളിയുന്നതും ഒന്നിച്ചാണത്രെ.

“മ്മള് പറഞ്ഞ സ്ഥലമെത്തി തുടങ്ങീട്ടാ” നിയാസ് പൊറാട്ടയുടെ മയക്കച്ചുവയിൽ പറഞ്ഞു വെച്ചു. ഹോ… മനോഹരമായ തടാകമതാ. തടാകത്തിന് ചുറ്റും അതിലേറെ ഭംഗിയോടെ പച്ച വിരിച്ച പുൽമേട്. ഈ തടാകത്തിന് കുങ്കിച്ചിറയെന്നാണ് പേര്. നിബിഡ വനത്തിന്റെ പശ്ചാത്തലത്തിലുള്ള ചെറിയൊരു ജലാശയമാണ് കുങ്കിച്ചിറ. ചിറയുടെ നടുവിൽ അടുത്ത കാലത്തായി വന്ന മനോഹരമായ പ്രതിമയുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തടാകത്തിന് നടുവിൽ മഞ്ഞിനെയും മഴയെയും വെയിലിനെയും അതിജീവിച്ച് കുട ചൂടി നിൽക്കുന്നത് പഴശ്ശിയുടെ സൈന്യത്തലവൻ എടച്ചേന കുങ്കന്റെ സഹോദരിയായ കൊടുമല കുങ്കിയുടെതാണ് ഈ പ്രതിമ. ചിറയിൽ നിന്നും തൊട്ടപ്പുറത്തെ പണി ആവശ്യങ്ങൾക്ക് വെള്ളം എടുത്ത് കൊണ്ടുപോകുന്നുണ്ട്. ചിറയുടെ ഓരത്ത് കുട്ടികൾ കൂട്ടമായി ഇരിക്കുന്നു. ആദിവാസി കുട്ടികളാവണം. ഈ ചിറയാണ് തൊട്ടടുത്തുള്ള കാടിന് അതിരിടുന്നത്. പഴശ്ശിയുടെ ഒളിപ്പോർ കാലത്ത് യോദ്ധാക്കൾ കുങ്കച്ചിറയിൽ മുങ്ങിക്കുളിച്ചാണ് പോരാട്ട ദിനങ്ങൾ ആരംഭിച്ചിരുന്നത്. മനോഹരമായ കാഴ്ചയും ശാന്തമായ അന്തരീക്ഷവും ചേരുന്ന അനുഭവമാണ് സഞ്ചാരികൾക്ക് ഈ ചിറയും പരിസരവും സമ്മാനിക്കുക.

പഴശ്ശിയുടെ പോരാട്ടഭൂമിയിലൂടെ

ചിറയുടെ ഓരത്തുണ്ടായിരുന്ന കുട്ടികളാണ് കാട്ടിലെ കാഴ്ചകളിലേക്ക് ഞങ്ങൾക്ക് വഴികാട്ടികളായത്. സ്‌കൂൾ ഇല്ലെന്ന് പറഞ്ഞാണ് ഞങ്ങളുടെ കൂടെ അവൻ കൂടിയത്. കുഞ്ഞോമിന്റെ മണ്ണിനും കഥകൾക്കും വയനാടിന്റെ പോയ കാലത്തിന്റെ ഗന്ധമുണ്ട്. കാടും പുൽമേടുകളും ഈ കൊച്ചു ഗ്രാമത്തിലെ കുങ്കിച്ചിറയും പരിസരവും ഒക്കെ പണ്ട് തിരുമരുതൂർ എന്നറിയപ്പെട്ടിരുന്ന നഗരമായിരുന്നു പോലും. തലയ്ക്കൽ ചന്തുവെന്ന വീരനായകന്റെ പിൻമുറക്കാരാണ് ഈ കാടും പരിസരവും ഇന്ന് പരിപാലിച്ച് പോരുന്നത്. ഈ കാടാണ് ഒരു കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അവസാന ശ്വാസം വരെ പോരാടിയ പഴശ്ശിരാജയുടെ ഒളിത്താവളമായിരുന്നത്. പഴശ്ശിരാജ താമസിച്ച കോട്ടയുടെയും ക്ഷേത്രത്തിന്റെയും ശേഷിപ്പുകൾ ഇന്നുമുണ്ട് ഇവിടെ. വടക്കൻ പാട്ടുകളിൽ പാടിപ്പുകഴ്ത്തിയ കൊടമല കുങ്കി വയനാട്ടിലേക്കുള്ള യാത്രക്കിടെ വിശ്രമിച്ചത് ഈ കാട്ടിലെ കോട്ടയിലായിരുന്നുവത്രെ.
ഞങ്ങളുടെ നടത്തം നിയന്ത്രിക്കുന്നത് കുട്ടികളാണ്. വെള്ളച്ചാട്ടമുള്ള ഒരിടത്തേക്കാണ് അവർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. മഴക്കാലം കഴിഞ്ഞുവല്ലൊ, ചെന്നു നോക്കിയപ്പോൾ പറയത്തക്ക രീതിയിലൊരു വെള്ളച്ചാട്ടമൊന്നുമല്ല. ഈ നിരാശയെ മറികടക്കാനാവാം കാടിന്റെ മറ്റൊരു ഇടത്തേക്ക് അവർ ഞങ്ങളെ കൂട്ടിയത്. നടന്നുനടന്ന് ഞങ്ങൾ എത്തിച്ചേർന്നത് വലിയൊരു മൈതാനത്തിന് മുന്നിലാണ്. ചപ്പയിൽ മൈതാനം എന്നാണിതിന്റെ പേര്. ഇടതൂർന്ന വനത്തിന് നടുവിലാണ് വിശാലമായ ചപ്പയിൽ മൈതാനം. വൈകുന്നേരമായാൽ പരിസര പ്രദേശത്തുള്ള കുട്ടികളെ കൊണ്ട് മൈതാനം നിറയും. ക്രിക്കറ്റും ഫുട്‌ബോളും ഒന്നിച്ച് കളിച്ചാലും സ്ഥലം ബാക്കിയാണ്. ഒറ്റ നോട്ടത്തിൽ കണ്ണിലൊതുങ്ങാത്ത മൈതാനം. വൈകുന്നേരം വരെ പ്രദേശവാസികളുടെ കന്നുകാലികൾക്കാണ് മൈതാനത്തിന്റെ അവകാശം. കുറച്ചുനേരം വിശ്രമിച്ച്, കുട്ടികളുമൊന്നിച്ച് സെൽഫിയും എടുത്ത് തിരിച്ചു നടത്തം തുടങ്ങി. കേരളത്തിലെ വനങ്ങളിലൊന്നും കാണാത്ത ഭൂപ്രകൃതിയാണ് ഈ കാട് സന്ദർശകർക്ക് സമ്മാനിക്കുക. കാടിന് വെളിയിൽ വന്നപ്പോഴല്ലേ രസം. മൂന്നുനാല് ചെറുപ്പക്കാർ ഞങ്ങളേയും കാത്ത് നിൽപ്പുണ്ട്. പക്ഷെ, ഞങ്ങളെയല്ലായിരുന്നു, കൂടെയുള്ള കുട്ടികളെ നോക്കിയാണ് അവർ വന്നത്. ക്ലാസ് കട്ട് ചെയ്ത് മുങ്ങിയതിന് പിടിച്ചു കൊണ്ടുപോകുന്ന കാഴ്ച ചിരിയും സങ്കടവും ഉണർത്തി.

ചരിത്രമണമുള്ള മണ്ണ്

കുട്ടികളുടെ കാര്യമാലോചിച്ച് ഞങ്ങൾ പഴശ്ശി മ്യൂസിയത്തിന് മുന്നിലെത്തി. അന്ന് മ്യൂസിയത്തിന്റെ പണി തകൃതിയായി നടക്കുകയാണ്. മാർച്ചോടെ സഞ്ചാരികൾക്ക് മ്യൂസിയം സന്ദർശിച്ച് തുടങ്ങാമെന്ന് ചുമതലയുള്ള ഉദ്യോഗസ്ഥ പെൺപട അന്ന് പറഞ്ഞു. ചിറയുടെ തൊട്ടുമുന്നിലാണ് വലിയ കെട്ടിടത്തിൽ ഒരുങ്ങുന്ന ഈ പഴശ്ശി മ്യൂസിയം. മ്യൂസിയത്തിന്റെ പണികൾക്ക് ആവശ്യമായ വെള്ളം ചിറയിൽ നിന്നാണ് എടുക്കുന്നത്. കാട്ടിൽ നിന്നും കുങ്കിച്ചിറയിൽ നിന്നും കിട്ടിയ കുഞ്ഞോമിന്റെ ചരിത്ര ശേഷിപ്പുകൾ സഞ്ചാരികൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ തന്നെയാണ് ഇത്രയും മനോഹരമായി ഒരുങ്ങുന്ന മ്യൂസിയത്തിന്റെ ലക്ഷ്യം. കുറെ നാട്ടുവർത്തമാനങ്ങളിലൂടെ കോഴിക്കോട്ടുകാരി അശ്വതിയും പട്ടാമ്പിക്കാരിയും ചിറയുടെ അറ്റകുറ്റപണികൾ നടത്തുന്ന സെബിനുമൊക്കെ പെട്ടെന്ന് കൂട്ടായി. ഒന്നിച്ച് പാട്ടൊക്കെ പാടി ഫോട്ടോ എടുത്ത് കുഞ്ഞോമിനോട് യാത്ര പറയാൻ തീരുമാനിച്ചു…
ചിറയുടെ മറുകരയിലെ പുൽമേട്ടിലൂടെയാണ് മടക്കയാത്ര. പച്ച പുതച്ച് നിൽക്കുന്ന ചെറിയ കുന്നുകൾക്ക് മുകളിലേക്ക് കാഴ്ചകൾ ചെന്ന് പതിയുമ്പോൾ കുഞ്ഞോം സൗന്ദര്യം അതിന്റെ പാരമ്യത്തിലെത്തുന്നു. കാടിന്റെയും ചിറയുടെയും അത്യപൂർവ കാഴ്ച. മാവോയിസ്റ്റ് സാന്നിധ്യം കാരണം കുഞ്ഞോം കാടുകളിൽ പലയിടങ്ങളിലും ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. പോകുന്ന വഴിക്കാണ് പുരാതന മസ്ജിദ് ശ്രദ്ധയിൽപ്പെട്ടത്. 350 വർഷം പഴക്കമുള്ള മനോഹരമായ കുഞ്ഞോം ജുമാ മസ്ജിദ്. വയനാട്ടിലെ തന്നെ ആദ്യത്തെ മുസ്‌ലിം പള്ളികളിലൊന്നാണിത്. പള്ളിയും കഴിഞ്ഞ് ഞങ്ങൾ കുഞ്ഞോം കവലയിൽ എത്തുമ്പോൾ ഉച്ചവെയിൽ വന്നു വിശപ്പറിയിച്ചു. പഴശ്ശിയുടെ ചരിത്രം തേടിയും കുങ്കിച്ചിറയുടെ വിശേഷം അറിഞ്ഞും കുഞ്ഞോം യാത്രക്ക് വിരാമം കുറിച്ച് കുറ്റ്യാടി ചുരമിറങ്ങി നാട്ടിലേക്ക്…

ശിഹാബ് പെരുവള്ളൂർ
shihabperuvallur6@gmail.com

Latest