ഇന്‍ഡിഗോ അബുദാബിയില്‍ സിറ്റി ചെക്കിങ് സേവനം ആരംഭിച്ചു

Posted on: March 18, 2019 12:21 pm | Last updated: March 18, 2019 at 12:21 pm

അബുദാബി : അബുദാബി അന്തരാഷ്ട്ര വിമാനത്താവളത്തിലൂടെ ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സിറ്റി ചെക്കിങ് സര്‍വീസ് ആരംഭിച്ചു. യാത്രക്കാരുടെ സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സിറ്റി ചെക്കിങ് നടപ്പാക്കിയത്.

മാര്‍ച്ച് 10 മുതലാണ് സേവനം നിലവില്‍ വന്നതായി വിമാനത്താവളം അതികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ നിന്നും വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് തന്നെ യാത്രക്കാര്‍ക്ക് ലഗേജുകള്‍ ചെക്കിങ് ചെയ്തത് സേവനം പ്രയോജനപ്പെടുത്താം. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് വരെ സേവനം ലഭ്യമാകുമെന്ന് അധികൃതര്‍ പറഞ്ഞു. ലഗേജ് ചെക്കിങ് ചെയ്തു കഴിഞ്ഞാല്‍ യാത്രക്കാര്‍ക്കുള്ള ബോര്‍ഡിങ് പാസും ടെര്‍മിനലില്‍ നിന്നും ലഭിക്കും. ഒരു യാത്രക്കാരനില്‍ നിന്നും 30 ദിര്‍ഹമാണ് അധികമായി ഈടാക്കുക. 24 മണിക്കൂറും അബുദാബി മാളിന് അടുത്തുള്ള സിറ്റി ടെര്‍മിനല്‍ പ്രവര്‍ത്തിക്കും. എളുപ്പത്തില്‍ ലഭ്യമാകുന്നതും സൗകര്യപ്രദവുമായ വിദൂര ചെക്ക്ഇന്‍ സൗകര്യങ്ങളിലൂടെ ഇന്‍ഡിഗോ യാത്രക്കാരെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നതായി അബുദാബി എയര്‍പോര്‍ട്ട് ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ മാര്‍ട്ടന്‍ ഡെ ഗോറോഫ് പറഞ്ഞു.

നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നാണ് ഇന്ത്യ. വിപണിയിലെ ആവശ്യം വര്‍ധിച്ചതിനാല്‍ ഇന്‍ഡിഗോ യാത്രക്കാരുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ് അദ്ദേഹം അറിയിച്ചു. അബുദാബി അന്തരാഷ്ട്ര വിമാനത്താവളത്തിലെ ഞങ്ങളുടെ യാത്രക്കാര്‍ക്ക് പുതിയ ചെക്ക്ഇന്‍ സേവനം ലഭ്യമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇന്‍ഡിഗോ ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ വില്യം ബൗള്‍ട്ടര്‍ പറഞ്ഞു. പുതിയ സേവനം യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കും- അദ്ദേഹം വ്യക്തമാക്കി.