വെസ്റ്റ് നൈല്‍: ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

Posted on: March 18, 2019 9:25 am | Last updated: March 18, 2019 at 7:17 pm

മലപ്പുറം: വെസ്റ്റ് നൈല്‍ രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍(6)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. പത്ത് ദിവസമായി കുഞ്ഞ് ചികിത്സയിലായിരുന്നു.

എആര്‍ നഗറിലേയും കുട്ടിയുടെ മാതാവിന്റെ നാടായ വെന്നിയൂരിലെ വീടുകളിലും പരിസരങ്ങളിലും ആരോഗ്യ സംഘം നടത്തിയ പരിശോധനയില്‍ വെന്നിയൂരിലാണ് ക്യൂലെക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ കൂടുതലെന്ന് കണ്ടെത്തിയിരുന്നു. ഈ രണ്ട് പ്രദേശങ്ങളിലേയും കൊതുകുകളെ ശേഖരിച്ച് വൈറോളജി ലാബിലേക്ക് പരിശോധനക്കയച്ചിട്ടുണ്ട്്. പക്ഷികളുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധനക്കായി ഹരിയാനയിലെ ഹിസാറിലേക്ക് അയക്കും. കൊതുകു വഴി പകരുന്ന ഈ രോഗം മനുഷ്യരില്‍നിന്നും മനുഷ്യരിലേക്ക് പകരില്ല. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. 2011ല്‍ ആലപ്പുഴയിലാണ് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.