Connect with us

National

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

Published

|

Last Updated

പനാജി: ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കര്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. പാന്‍ക്രിയാസിസില്‍ അര്‍ബുദ ബാധയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ഏതാനും ദിവസമായി ആരോഗ്യ നില ഏറെ വഷളായിരുന്നു. പനാജിയിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം.

പാന്‍ക്രിയാസില്‍ അര്‍ബുദം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം ന്യൂയോര്‍ക്കിലെ ആശുപത്രിയിലും പിന്നീട് ഡല്‍ഹി എയിംസ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. അതിനിടെ, കഴിഞ്ഞ ഡിസംബറില്‍ ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം മൂക്കില്‍ ട്യൂബുമായി ഓഫീസിലിരിക്കുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജനുവരി 30 ന് അദ്ദേഹം ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു. തന്റെ അവസാന ശ്വാസം വരെ ഗോവക്ക് വേണ്ടി സേവനം ചെയ്യുമെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

1955 ഡിസംബര്‍ 13-ന് ഗോവയിലെ മാപുസയില്‍ ജനനം. ആര്‍എസ്എസിലൂടെ പൊതുരംഗത്തെത്തി. മുംബൈ ഐഐടിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ മനോഹര്‍ പരീക്കര്‍ പിന്നീട് ബിജെപിയിലൂടെ 1994-ല്‍ നിയമസഭയിലെത്തി. 2000 ഒക്ടോബറില്‍ ബിജെപി ആദ്യമായി ഗോവയില്‍ അധികാരത്തിലേറിയപ്പോള്‍ മുഖ്യമന്ത്രിയായി. 2002 ഫെബവരിയില്‍ നിയസഭ പിരിച്ചുവിട്ടെങ്കിലും തുടര്‍ന്ന് നിലവില്‍ വന്ന കൂട്ടുകക്ഷി മന്ത്രിസഭയേയും അദ്ദേഹം നയിച്ചു. 2005-ല്‍ ഭരണം നഷ്ടപ്പെട്ടു. 2012-ല്‍ മൂന്നാം വട്ടം മുഖ്യമന്ത്രിസ്ഥാനത്ത് മടങ്ങിയെത്തി.

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കേന്ദ്രപ്രതിരോധമന്ത്രിയായി. 2014 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 2017-ല്‍ കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ച അദ്ദേഹം പനജിയില്‍ മത്സരിച്ച് വീണ്ടും ഗോവയുടെ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

പരേതയായ മേധയാണ് ഭാര്യ. മക്കള്‍: ഉത്പല്‍, അഭിജിത്ത്.

Latest