ജയരാജനെ തോല്‍പ്പിക്കുക ലക്ഷ്യം; വടകരയില്‍ യു ഡി എഫിനെ പിന്തുണക്കും- ആര്‍ എം പി

Posted on: March 17, 2019 3:13 pm | Last updated: March 17, 2019 at 10:04 pm

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനെതിരായ നിലപാട് കൂടുതല്‍ കടുപ്പിച്ച് ആര്‍ എം പി. വടകര മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നും പകരം യു ഡി എഫിനു പിന്തുണ നല്‍കുമെന്നും ആര്‍ എം പി നേതാക്കളായ എന്‍ വേണുവും കെ കെ രമയും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ വ്യക്തമാക്കി.

മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ഥി പി ജയരാജനെ തോല്‍പ്പിക്കലാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ടി പി ചന്ദ്രശേഖരന്‍ വധമുള്‍പ്പടെ പല കൊലക്കേസുകളിലും പങ്കുള്ള ജയരാജന്‍ വടകരയില്‍ ജയിക്കുന്ന സ്ഥിതിയുണ്ടാകരുത്. ജനാധിപത്യ വിശ്വാസികളായ എല്ലാ വോട്ടര്‍മാരും ജയരാജനെതിരെ വോട്ടു ചെയ്യണം. സംസ്ഥാനത്ത് അക്രമ രാഷ്ട്രീയത്തിനെതിരായ എല്ലാ ഇടപെടലുകളിലും പാര്‍ട്ടി പങ്കാളിയാകും- കെ കെ രമ പറഞ്ഞു.

ആര്‍ എം പി രൂപവത്കരിച്ചതിനു ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിലും ആര്‍ എം പി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ടെങ്കിലും ജയരാജനെ തോല്‍പ്പിക്കേണ്ടത് പ്രധാമായതിനാല്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്കു പിന്തുണ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നവെന്ന് എന്‍ വേണു വ്യക്തമാക്കി. യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ആര്‍ എം പി പങ്കെടുക്കും.