Articles
അല്‍നൂര്‍ പള്ളിയില്‍ വംശവെറി ചോരവീഴ്ത്തുമ്പോള്‍

ഞാന്‍ യൂറോപ്യനാണ്; എന്റെ രാഷ്ട്രീയ തത്വം യൂറോപ്യനാണ്; എന്റെ രക്തവും യൂറോപ്യനാണ്- ന്യൂസിലാന്‍ഡിലെ പള്ളിയില്‍ ജുമുഅ നിസ്‌കാരത്തിനെത്തിയ വിശ്വാസികളെ നിഷ്‌കരുണം കൊന്നു തള്ളിയ ബ്രണ്ടന്‍ ഹാരിസണ്‍ ടാറന്റിന്റെ വാക്കുകള്‍. എല്ലാം വളരെ വ്യക്തമാണ്. കൊലയാളിയുടെ പിന്നാമ്പുറം തേടി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ആവശ്യമില്ല. താന്‍ ആരാണെന്നും ആരാണ് മാതൃകയെന്നും ലക്ഷ്യമെന്തെന്നും 74 പേജ് വരുന്ന മാനിഫെസ്റ്റോയില്‍ എഴുതിവെച്ചിട്ടുണ്ട്. കൂട്ടക്കൊലയുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ വിയര്‍ക്കേണ്ടതുമില്ല. തൊപ്പിയില്‍ ഘടിപ്പിച്ച അത്യാധുനിക ക്യാമറയില്‍ പകര്‍ത്തി എല്ലാം തത്സമയം സാമൂഹിക മാധ്യമങ്ങളിലെത്തിച്ചിട്ടുണ്ട് ഭീകരന്‍.
അതേതായാലും നന്നായി. ‘മുസ്‌ലിം തീവ്രവാദി’യുടെ കാര്യം വരുമ്പോഴുള്ള ആവേശം ആഗോള മാധ്യമങ്ങള്‍ക്ക് ഇത്തരക്കാരുടെ കാര്യത്തില്‍ ഉണ്ടാകാറില്ല. വല്ലാത്ത അലംഭാവമാണ് കാണാറുള്ളത്. മിക്കവാറും വ്യക്തിപരമായ ഭ്രാന്തായി ആക്രമണം ചുരുങ്ങും. അല്ലെങ്കില്‍ അക്രമിയുടെ മാനസികാരോഗ്യത്തില്‍ സംശയം പ്രകടിപ്പിക്കും. അതുമല്ലെങ്കില്‍ സമീപകാലത്തുണ്ടായ മറ്റേതെങ്കിലും ഭീകരാക്രമണവുമായി കൂട്ടിക്കെട്ടും. സ്വാഭാവിക പ്രതികരണമായി ചുരുങ്ങും. ലോകത്തിന്റെയാകെ സ്വാസ്ഥ്യം കെടുത്താന്‍ ശേഷിയുള്ള നവനാസി, വൈറ്റ് സൂപ്രമാസിസ്റ്റ് (വെള്ളക്കാരുടെ അധീശത്വം) ഭീകരതയായി ആരും ഇത്തരം കൂട്ടക്കൊലകളെ അടയാളപ്പെടുത്താറില്ല. ഒരു രാജ്യവും ഈ ഭീകരതയോട് യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. മുസ്‌ലിം പേരുകാര്‍ ഉള്‍പ്പെട്ട അതിക്രമങ്ങള്‍ക്ക് അല്ലാത്തവരുള്‍പ്പെട്ട ഭീകരതയേക്കാള്‍ 357 ശതമാനം അധികം മാധ്യമ ശ്രദ്ധ ലഭിക്കുന്നുണ്ടെന്നാണ് സതേണ്‍ പോവര്‍ട്ടി ലോ സെന്റര്‍ മുന്നോട്ട് വെക്കുന്ന കണക്ക്. അതുകൊണ്ട് തീവ്രവലതുപക്ഷ ഭീകരത ഒറ്റപ്പെട്ട സംഭവം മാത്രമായി ഒറ്റക്കോളത്തില്‍ കിടക്കും.
എന്നാല്‍ അമേരിക്കയിലെയടക്കം ഭരണ തലപ്പത്തുള്ളവര്‍ സത്യം തിരിച്ചറിയുന്നുണ്ട്. ഈ ലേഖകന്‍ 2017 ഡിസംബറില്‍, പത്രപ്രവര്‍ത്തക സംഘത്തിന്റെ ഭാഗമായി യു എസ് സന്ദര്‍ശിച്ചപ്പോള്‍ അവിടെ തീവ്രവാദ വിരുദ്ധ നീക്കങ്ങളിലേര്‍പ്പെട്ട നിരവധി ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. അവരെല്ലാം ഓഫ് റെക്കോര്‍ഡ് പറഞ്ഞു: ‘അമേരിക്കക്ക് യഥാര്‍ഥ ഭീഷണി തീവ്രവലതുപക്ഷ നാസി ഗ്രൂപ്പുകളാണ്. വെള്ളക്കാരന്റെ സമഗ്രാധിപത്യം പ്രഖ്യാപിക്കുന്ന ഗ്രൂപ്പുകള്‍ രാജ്യത്തെ കീഴടക്കാന്‍ മാത്രം വ്യാപകവും ശക്തവുമാണ്. എന്നിട്ടും രാഷ്ട്രീയ പ്രൊപ്പഗാന്റയുടെ ഭാഗമായി നേതാക്കള്‍ ഇസ്‌ലാമിക ഭീകരതയെന്ന് ആവര്‍ത്തിക്കുകയാണ്’. ഈ സത്യമാണ് അല്‍നൂര്‍ പള്ളിയിലെ വിശ്വാസികളുടെ ചോരയിലും ഇരുണ്ടു കിടക്കുന്നത്.
രഹസ്യാന്വേഷണ സംവിധാനങ്ങളുടെ അഹങ്കാരങ്ങളെ മുഴുവന്‍ വെല്ലുവിളിച്ച്, എല്ലാം കൃത്യമായി പ്രഖ്യാപിച്ചാണ് ബ്രണ്ടന്‍ ടാറന്റ് കൊടും ക്രൂരതക്ക് ഇറങ്ങിത്തിരിച്ചത്. ആസ്‌ത്രേലിയക്കാരനാണ്. മുസ്‌ലിംകളെയും കുടിയേറ്റക്കാരെയും കൊന്നു തീര്‍ക്കുകയാണ് പ്രഖ്യാപിത ലക്ഷ്യം. പുതിയ ലോകം പടുത്തുയര്‍ത്താന്‍ കറുത്തവരെയും മുസ്‌ലിംകളെയും നരകത്തിലേക്ക് അയക്കണം. ചരിത്രത്തിലുടനീളം ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഭീകരവാദികളെ മുഴുവന്‍ മനസ്സിലാവാഹിച്ചും അവരുടെ പേരുകള്‍ ഉരുക്കഴിച്ചുമാണ് വരവ്. പരിശീലിക്കാനാണ് ന്യൂസിലാന്‍ഡില്‍ എത്തിയത്. സമാന ചിന്താഗതിക്കാരുമായി വിശദമായ ചര്‍ച്ച നടത്തി. അപ്പോള്‍ തീരുമാനിച്ചു. ന്യൂസിലാന്‍ഡിനെ ഞെട്ടിക്കണം. ലോകത്തെ ഒരിടവും സുരക്ഷിതമല്ലെന്ന ഭീകര സത്യം ഊട്ടിയുറപ്പിക്കണം. ശാന്തമായ, ‘പാതിയടഞ്ഞ മിഴികളുമായി ആലസ്യത്തില്‍ കഴിയുന്ന’ ന്യൂസിലാന്‍ഡിലെ നഗരങ്ങളില്‍ മരണ വെപ്രാളം നിറയ്ക്കണം. ചുടുചോര വീഴ്ത്തണം. കൊല്ലാന്‍ നല്ലത് മുസ്‌ലിംകളെയാണ്. അവരുടെ തൊലി തവിട്ടായതിനാല്‍ വര്‍ണവെറിയും മതവിദ്വേഷവും ഒന്നിച്ചു സംതൃപ്തമാകും. 28 വയസ്സേ ആയിട്ടുള്ളൂ. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് മാതൃകാ പുരുഷന്‍. വൈറ്റ് ഐഡന്റിറ്റിയുടെ പുതിയ പ്രതീകമായാണ് ട്രംപിനെ ടാറന്റ് വാഴ്ത്തുന്നത്.
ട്രംപിസം ഭീകരതയാണ്
ഭീകരതക്കെതിരെ ആഗോള യുദ്ധം പ്രഖ്യാപിച്ച, ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യത്തിന്റെ തലപ്പത്തിരിക്കുന്നയാള്‍ ബ്രണ്ടന്‍ ടാറന്റിന് പ്രചോദനമാകുന്നുവെന്നതിലെ വൈരുധ്യമാണ് പ്രാര്‍ഥനാനിരതരായ മനുഷ്യരുടെ മയ്യിത്തുകള്‍ക്ക് മുന്നില്‍ നിന്നു കൊണ്ട് ലോകം ചിന്താവിഷയമാക്കേണ്ടത്. മുസ്‌ലിംകളെ കുറിച്ച് ‘അവര്‍ നമ്മളാണ്; അവര്‍ രാജ്യത്തിന്റെ ഭാഗ’മാണ് എന്ന് ആവര്‍ത്തിക്കുന്ന ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയടക്കമുള്ളവര്‍ മനസ്സുപായിക്കേണ്ടത് ട്രംപിസം ഉണ്ടാക്കിയ അഗാധമായ സ്വാധീനത്തിലേക്കാണ്. ‘മുസ്‌ലിംകള്‍ അമേരിക്കന്‍ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. മുസ്‌ലിംകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുത്.
സന്ദര്‍ശനത്തിനെത്തുന്നവരെ വരെ വിലക്കണം. രാജ്യത്ത് മുസ്‌ലിംകളുടെ എണ്ണം കൂടുന്നത് അപകടകരമാണ്. ആളുകളെ മനസ്സിലാക്കാനുള്ള വിവേകമില്ലാത്തവരാണ് മുസ്‌ലിംകള്‍’ എന്ന് തുറന്ന് പ്രഖ്യാപിച്ചയാളാണ് ട്രംപ്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുകയാണ് അദ്ദേഹം. അമേരിക്ക ഫസ്റ്റ് എന്ന ട്രംപിന്റെ മുദ്രാവാക്യം ലോകം കണ്ടതില്‍ വെച്ച് ഏറ്റവും ഇടുങ്ങിയ ദേശീതയെയാണ് അനാവരണം ചെയ്യുന്നത്. യുദ്ധോത്സുകതയും വര്‍ണവെറിയും സയണിസ്റ്റ് യുക്തികളും മുസ്‌ലിം വിരുദ്ധതയും ഒരു പോലെ ഒത്തിണങ്ങിയ ട്രംപ് എല്ലാ തീവ്രദേശീയതാ വാദികള്‍ക്കും പ്രചോദനമാകുന്നത് സ്വാഭാവികം. രാജ്യത്തെ ന്യൂനപക്ഷങ്ങളെയാകെ അപരന്‍മാരും നുഴഞ്ഞു കയറ്റക്കാരുമായി പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ ഹിന്ദുത്വവാദികളും ഫ്രാന്‍സിനെ മുസ്‌ലിം മുക്തമാക്കണമെന്ന് വാദിക്കുന്ന മാരിനേ ലീ പെന്നും ബ്രിട്ടനിലെ ബ്രക്‌സിറ്റ് വാദികളും ഒരു പോലെ ട്രംപിന്റെ ആരാധകരാകുന്നത് അതുകൊണ്ടാണ്. തീവ്രവലതുപക്ഷ, ഇസ്‌ലാമോഫോബിക് രാഷ്ട്രീയത്തിന്റെ ഉത്പന്നമാണ് ട്രംപ്. അതുപോലെ ഈ രാഷ്ട്രീയത്തിന് ആത്മവിശ്വാസം പകരുന്ന ശക്തി ദുര്‍ഗവുമാണ്. ട്രംപിന്റെ വിജയം വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളെ ഈ വഴിയിലേക്ക് ആകൃഷ്ടരാക്കി. മിക്ക രാജ്യങ്ങളിലും തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ ശക്തിയാര്‍ജിച്ചു. കുടിയേറ്റക്കാരോട് കാരുണ്യം കാണിക്കുന്ന ആഞ്ചലാ മെര്‍ക്കലിനെപ്പോലുള്ളവര്‍ രാഷ്ട്രീയമായി തിരിച്ചടി നേരിട്ടു. ബ്രിട്ടനിലെ തെരേസ മെയ് ബ്രക്‌സിറ്റിന്റെ പിറകെ പോയി. ഇസ്‌റാഈലിലെ നെതന്യാഹുവിന് തലസ്ഥാനം ജറുസലമിലേക്ക് മാറ്റാനുള്ള ആത്മവിശ്വാസം കൈവന്നു. ജൂലാന്‍ കുന്നുകളില്‍ അധിനിവേശം സമ്പൂര്‍ണമായി.
അതിനാല്‍ വലതുപക്ഷ ഭീകരതയുടെ പ്രഭവ കേന്ദ്രമായി ട്രംപിസത്തെ കാണേണ്ടിയിരുക്കുന്നു. അമേരിക്കയിലെ ഏറ്റവും കുപ്രസിദ്ധിയാര്‍ജിച്ച വൈറ്റ് സൂപ്രമാസിസ്റ്റായ ഡേവിഡ് ഡ്യൂക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരസ്യമായി ട്രംപിന് പിന്തുണ പ്രഖ്യാപിച്ചയാളാണ്. ഒരിക്കലും ഇയാളെ ട്രംപ് തള്ളിപ്പറഞ്ഞില്ല. പ്രസിഡന്റായ ശേഷം ഇതേക്കുറിച്ച് പത്രക്കാര്‍ ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞത് ഡ്യൂക്കിന്റെ സംഘത്തിലുള്ളത് നല്ല മനുഷ്യരാണെന്നായിരുന്നു. അല്‍നൂര്‍ പള്ളിയിലെ കൊലയാളി അഭിമാനപൂര്‍വം പറയുന്നു, ഞാന്‍ യൂറോപ്യനാണെന്ന്. പാശ്ചാത്യ ഉത്കൃഷ്ടതാ ബോധം കെട്ടുപൊട്ടിച്ച് ഹിറ്റ്‌ലറുടെ വഴിയേ പോകുകയാണ്. ട്രംപിനെപ്പോലുള്ള ഭരണാധികാരികള്‍ ആ വഴി ചെത്തിമിനുക്കി വെടിപ്പാക്കുന്നു.
ചരിത്രബോധം
വലതുപക്ഷ തീവ്രവാദികള്‍ക്ക് ചരിത്രബോധമില്ലെന്ന് ആരും പറയില്ല. അല്‍നൂര്‍ പള്ളിയില്‍ ചോരക്കളിക്ക് പുറപ്പെടുന്നതിന്റെ ദൃശ്യം വിശദമായി പുറത്തു വിട്ടിട്ടുണ്ട് കൊലയാളി. കാറില്‍ പ്ലേ ചെയ്യുന്ന മാര്‍ച്ചിംഗ് സോംഗ് വ്യക്തമായി കേള്‍ക്കാം. 1992-95 കാലത്തെ ബോസ്‌നിയന്‍ കൂട്ടക്കൊലയില്‍ സെര്‍ബിയന്‍ അര്‍ധ സൈനിക വിഭാഗം ഉപയോഗിച്ച കവാത്തു പാട്ടാണിത്. റഡോവന്‍ കരാജിച്ചിനെ പുകഴ്ത്തുന്ന ഗാനം. ഭീകരതക്ക് മതമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ഈ പാട്ടില്‍ മുഴങ്ങുന്ന മതം എങ്ങനെ കാണാതിരിക്കാനാകും? മുസ്‌ലിംകളെ വംശഹത്യക്ക് വിധേയമാക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഈ വംശവെറിയുടെ മതമേതാണ്?
യു എസിലെ സൗത്ത് കരോലിനയില്‍ ചാള്‍സ്റ്റണ്‍ ആഫ്രോ അമേരിക്കന്‍ ചര്‍ച്ചില്‍ കൂട്ടക്കൊല നടത്തിയ ഡിലന്‍ റൂഫ് തന്റെ കാറിന് കോണ്‍ഫെഡറേഷന്‍ പതാകയുടെ നിറമാണ് പൂശിയിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലും അരങ്ങേറിയ വംശീയ സംഘട്ടനങ്ങളുടെ ചരിത്രമാണ് ഈ നിറം പ്രതിഫലിപ്പിച്ചത്. അമേരിക്കയില്‍ എബ്രഹാം ലിങ്കണ്‍ പ്രസിഡന്റാകുകയും അടിമത്തം അവസാനിപ്പിക്കുന്ന നിയമം കൊണ്ടുവരികയും ചെയ്തപ്പോള്‍ തെക്കന്‍ ഭാഗം കറുത്ത വര്‍ഗക്കാരന്റെ സാംസ്‌കാരികമായ ഉണര്‍വിനും ഉയര്‍ന്ന നിലവാരത്തിലുള്ള ആക്ടിവിസത്തിനും സാക്ഷ്യം വഹിച്ചു. ഇത് രൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്ക് വഴിവെച്ചു. അന്ന് വെള്ളക്കാര്‍ ഉപയോഗിച്ച പതാകയാണ് കോണ്‍ഫെഡറേറ്റ് പതാക. എന്നുവെച്ചാല്‍, ബ്രണ്ടന്‍ ടാറന്റും ഡിലന്‍ റൂഫുമൊന്നും ഒരു ആവേശപ്പുറത്ത് മുളച്ചു പൊങ്ങിയവരല്ല. നല്ല ഗൃഹപാഠം ചെയ്തവരാണ്. നന്നായി പഠിച്ചവരാണ്. നല്ല ലക്ഷ്യബോധമുള്ളവരുമാണ്. അവരുടെ ബന്ധങ്ങള്‍ വിശാലമാണ്. 2011ല്‍ നോര്‍വേയില്‍ നടന്ന കൂട്ടക്കുരുതിയുടെ സൂത്രധാരന്‍ ആന്‍ഡേഴ്‌സ് ബെഹ്‌റിംഗ് ബ്രീവിക്കുമായി ചര്‍ച്ച നടത്തി അനുഗ്രഹം വാങ്ങിയാണ് ടാറന്റ് ന്യൂസിലാന്‍ഡില്‍ എത്തിയതെന്നോര്‍ക്കണം.
ഭീകരതയുടെ നിര്‍വചനം
വാര്‍ത്തകളില്‍ നിറയുന്നില്ലെന്നേയുള്ളൂ. വൈറ്റ് സൂപ്രമാസിസ്റ്റ് ആക്രമണങ്ങള്‍ അമേരിക്കയിലും യൂറോപ്പിലും തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ വര്‍ഷം പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍, 2017ല്‍ ക്യുബെക് സിറ്റിയിലെ പള്ളിയില്‍, സൗത്ത് കരോലിനയിലെ കറുത്ത വര്‍ഗക്കാരായ ക്രിസ്ത്യാനികളുടെ ചര്‍ച്ചില്‍, നോര്‍ത്ത് കരോലിനയില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് നേരെ.. 2011ല്‍ നോര്‍വേയിലാണ് ഈയിനത്തില്‍ ഏറ്റവും ക്രൂരമായ ആക്രമണം നടന്നത്. ആന്‍ഡേഴ്‌സ് ബെഹ്‌റിംഗ് ബ്രീവിക് നടത്തിയ കൂട്ടക്കൊലയില്‍ 77 പേര്‍ മരിച്ചു. അമേരിക്കയില്‍ 30,000 പേരെ കൊല്ലാനുള്ള വിവിധ ആക്രമണ പദ്ധതികള്‍ വൈറ്റ്‌സൂപ്രമാസിസ്റ്റുകള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും നേരത്തെ വിവരം കിട്ടിയതിനാല്‍ വിഫലമാക്കിയെന്നുമാണ് സതേണ്‍ പോവര്‍ട്ടി ലോ സെന്റര്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നത്. യു എസ് തീരദേശ സേനയില്‍ ലഫ്റ്റനന്റ് ആയിരുന്ന ക്രിസ്റ്റഫര്‍ പോളിനെ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനിടെ എഫ് ബി ഐ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ലക്ഷണമൊത്ത വൈറ്റ്‌സൂപ്രമാസിസ്റ്റാണ്.
ജര്‍മനിയില്‍ നവ നാസി പാര്‍ട്ടികള്‍ ഇന്ന് ഗോപ്യമായ ഒന്നല്ല. അവയാണ് അവിടെ അജന്‍ഡകള്‍ സൃഷ്ടിക്കുന്നത്. മസ്ജിദുകളെ നിരീക്ഷണ, നിയന്ത്രണ വലയത്തിലാക്കുന്ന നിയമങ്ങള്‍ കൊണ്ടുവരാന്‍ ഫ്രഞ്ച് സര്‍ക്കാറില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട് ഇത്തരം ഗ്രൂപ്പുകള്‍. പോളണ്ടില്‍ ഭരണം കൈയാളിയിരുന്നത് ദി ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയെന്ന തീവ്രവലതുപക്ഷ സംഘമായിരുന്നു. ഹംഗറിയില്‍ വിക്ടര്‍ ഓര്‍ബാന്റെ നേതൃത്വത്തിലുള്ള ഫിഡസ് പാര്‍ട്ടി, നോര്‍വേയില്‍ ദി പോര്‍ച്ചുഗീസ് പാര്‍ട്ടി, ഫിന്‍ലാന്‍ഡില്‍ ദി ഫിന്‍സ് പാര്‍ട്ടി, സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ദി സ്വിസ്സ് പീപ്പിള്‍സ് പാര്‍ട്ടി, സ്വീഡനില്‍ ദി സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ബ്രിട്ടനില്‍ ദി യു കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി, നെതര്‍ലാന്‍ഡ്‌സില്‍ പാര്‍ട്ടി ഫോര്‍ ഫ്രീഡം, ഡെന്‍മാര്‍ക്കില്‍ ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടി, ബെല്‍ജിയത്തില്‍ ഫ്‌ളമിഷ് ഇന്ററസ്റ്റ് പാര്‍ട്ടി, ആസ്ട്രിയയില്‍ ഫ്രീഡം പാര്‍ട്ടി ഓഫ് ആസ്ത്രിയ, ഇറ്റലിയില്‍ ദി നോര്‍തേണ്‍ ലീഗ്. നരകത്തിലേക്ക് സ്വാഗതം എന്നെഴുതിയ യന്ത്രത്തോക്കുകള്‍ എടുക്കാന്‍ യുവാക്കളെ വിജൃംഭിച്ച് നിര്‍ത്തുന്ന ഈ പാര്‍ട്ടികളെല്ലാം ജനാധിപത്യത്തിന്റെ വെളിച്ചത്തില്‍ നില്‍ക്കുകയാണ്. ഭീകരതയുടെ നിര്‍വചനം മാറേണ്ടിയിരിക്കുന്നു.