കെ വി തോമസിനെ അനുനയിപ്പിക്കാന്‍ നീക്കം; ചെന്നിത്തല കൂടിക്കാഴ്ച നടത്തി

Posted on: March 17, 2019 12:45 pm | Last updated: March 17, 2019 at 3:59 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച മുതിര്‍ നേതാവ് കെ വി തോമസുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. എറണാകുളം സിറ്റിംഗ് എം പിയായിരുന്ന തന്നെ തഴഞ്ഞ് ഹൈബി ഈഡനെ സ്ഥാനാര്‍ഥിയാക്കിയതോടെയാണ് തോമസ് നിരാശയും പാര്‍ട്ടി നിലപാടിനോടുള്ള എതിര്‍പ്പും പരസ്യമായി വെളിപ്പെടുത്തിയത്. ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയിലും തോമസ് പൊട്ടിത്തെറിച്ചുവെന്നാണ് സൂചന.

യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം, എ ഐ സി സി പദവി, നിയമസഭാ സീറ്റ് തുടങ്ങിയ ചില ഓഫറുകള്‍ മുന്നോട്ടു വച്ചെങ്കിലും തോമസ് വഴങ്ങിയില്ല. തനിക്ക് സീറ്റില്ലെന്ന്് എന്തുകൊണ്ട് മുന്‍കൂട്ടി അറിയിച്ചില്ലെന്ന് അദ്ദേഹം ചെന്നിത്തലയോടു ചോദിച്ചു.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് കെ വി തോമസെന്നും അദ്ദേഹവുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കവെ ചെന്നിത്തല പറഞ്ഞു. തോമസിന്റെ സേവനങ്ങളെ പാര്‍ട്ടി എന്നും വിലമതിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സേവനങ്ങള്‍ പാര്‍ട്ടി ഇനിയും ഉപയോഗപ്പെടുത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി. എന്നാല്‍, കൂടിക്കാഴ്ച സംബന്ധിച്ച വിശദാംശങ്ങളൊന്നും നല്‍കാന്‍ ചെന്നിത്തല തയാറായില്ല.

തോമസുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചുമതലപ്പെടുത്തിയിട്ടുണ്ട്.