വി പി സാനു വള്ളിക്കുന്ന് മണ്ഡലത്തിൽ പര്യടനം തുടങ്ങി

Posted on: March 17, 2019 11:15 am | Last updated: March 17, 2019 at 11:16 am

തേഞ്ഞിപ്പലം: മലപ്പുറം പാർലിമെന്റ് മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി വി പി സാനു വള്ളിക്കുന്ന് മണ്ഡലത്തിൽ പ്രചാരണം തുടങ്ങി. എസ് എഫ് ഐ, ഡി വൈ എഫ് ഐ സംഘടനാ പ്രവർത്തകരുടെ പൂർണ പിന്തുണയോടെയാണ് സാനുവിന്റെ പര്യടനം. രാവിലെ 8.30ന് വള്ളിക്കുന്ന് ബാലത്തിരുത്തിയിൽ നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക് സ്വീകരണം നൽകി.


തുടർന്ന് മൂന്നിയൂർ ചേർന്നൂർ, ആലുങ്ങൽ, കളിയാട്ടമുക്ക്, കുന്നത്ത്പറമ്പ് എന്നിവിടങ്ങളിലായിരുന്നു ആവേശകരമായ സ്വീകരണം. വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും വോട്ടർമാർ മികച്ച പിന്തുണയാണ് നൽകുന്നതെന്നും സ്ഥാനാർഥി പറഞ്ഞു.


കുടിവെള്ള പ്രശ്‌നം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുൻഗണന നൽകുമെന്നും വ്യക്തമാക്കി. ലീഗ്, എസ് ഡി പി ഐ ചർച്ചയിൽ പുതുമയില്ലെന്നും അദ്ദേഹം പറഞ്ഞു. പെരുവള്ളൂർ, കരിപ്പൂർ, പള്ളിക്കൽ, അരിയല്ലൂർ, തേഞ്ഞിപ്പലം എന്നിവിടങ്ങളിലെത്തി വി പി സാനു വോട്ടർമാരെ കണ്ടു.