കെ വി തോമസിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടും: ഹൈബി ഈഡന്‍

Posted on: March 16, 2019 10:15 pm | Last updated: March 17, 2019 at 11:23 am

കൊച്ചി: പാര്‍ട്ടി എല്‍പ്പിക്കുന്ന ദൗത്യം ആത്മാര്‍ഥതയോടുകൂടി നിറവേറ്റുമെന്ന് എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ട ഹൈബി ഈഡന്‍. സ്ഥാനാര്‍ഥി പ്രഖ്യാപനം സംബന്ധിച്ച് ഔദ്യോഗികമായി വിവരം ലഭിച്ച ശഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ വി തേമാസ് കോണ്‍ഗ്രസിന്റെ പക്വമതിയായ നേതാവാണ്. എറണാകുളത്തിന്റെ വികസനത്തില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അദ്ധേഹത്തിന്റെ അനുഗ്രഹാശിസുകളോടെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുമാകും തിരഞ്ഞടുപ്പിനെ നേരിടുക. തിരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ എല്ലാ ഘട്ടങ്ങളിലും കെ വി തോമസ് ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. അദ്ദേഹത്തിന് കൂടുതല്‍ വലിയ ഉത്തരവാദിത്വങ്ങള്‍ പാര്‍ട്ടി എല്‍പ്പിക്കുമെന്നാണ് കരുതുന്നതെന്ന് ഹൈബി പറഞ്ഞു.

എറണാകുളം യുഡിഎഫിന്റെ മണ്ഡലമാണ്. ഇവിടത്തെ എല്ലാ വികസനപ്രവര്‍ത്തനങ്ങളിലും യുഡിഎഫിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ഇവിടെ വ്യക്തികള്‍ക്ക് പ്രസക്തിയില്ല. പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിനുണ്ടായ വീഴ്ച അടക്കം പല വിഷയങ്ങളും ചര്‍ച്ചയാകേണ്ടതുണ്ട്. വലിയ ശുഭ പ്രതീക്ഷയോടെയാണ് മത്സരത്തിനിറങ്ങുന്നത്. കെ വി തോമസിന്റെ വികസന നയങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.