‘ഹലോ ബ്രദര്‍…’; മറുപടിയായി ലഭിച്ചത് മൂന്ന് വെടിയുണ്ടകള്‍

Posted on: March 16, 2019 5:55 pm | Last updated: March 16, 2019 at 6:11 pm

വെല്ലീംഗ്ടണ്‍: തോക്ക് ചൂണ്ടി അക്രമി തനിക്ക് നേരെ തിരിഞ്ഞപ്പോള്‍ ആ 71കാരന്‍ പറഞ്ഞു തുടങ്ങി. ഹലോ ബ്രദര്‍… വാക്കുകള്‍ പൂര്‍ത്തിയാകുംമുമ്പേ അദ്ദേഹത്തിന്റെ മാറു പിളര്‍ത്തി വെടിയുണ്ട കടന്നുപോയി. പിന്നെ ഒന്നിന് പിന്നാലെ ഒന്നായി ഓരോരുത്തരേയും അയാള്‍ കൊന്നൊടുക്കി. ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളിയില്‍ ഭീകരാക്രമണം നടത്തിയ ബ്രന്റന്‍ ടറന്റ് സാമൂഹിക മാധ്യമങ്ങളില്‍ നല്‍കിയ ലൈവ് സ്ട്രീമിലാണ് കരളലിയിക്കുന്ന ഈ കാഴ്ചയുള്ളത്. സമാധാനപൂര്‍വം തന്നെ എതിരേറ്റയാളെ തന്നെ ആദ്യം തോക്കിനിരയാക്കിയ അയാളുടെ മനസ്സ് എത്രമാത്രം ക്രൂരമായിരിക്കണം?

ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയില്‍ തോക്കുമായി എത്തിയ ബ്രന്റനെ ദാവൂദ് നബിയെന്ന 71 കാരനാണ് തികച്ചും ശാന്തനായി ഹലോ ബ്രദര്‍… എന്ന് അഭിസംബോധന ചെയ്യുന്നത്. നെഞ്ചുപിളര്‍ത്താന്‍ തോക്കുചൂണ്ടിയയാള്‍ക്ക് മുന്നില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവാകാന്‍ ആ വയോധികന്‍ ആഗ്രഹിച്ചുകാണണം. പ്രിയ സഹോദരാ… എന്ന് അഭിസംബോധന ചെയ്യുമ്പോള്‍ അയാളുടെ ഉള്ളിലെ കാപാലികന്‍ അടങ്ങുമെന്ന് ആ പാവം കരുതിക്കാണണം. പക്ഷേ വാക്കുകള്‍ മുഴുമിക്കാന്‍ പോലും അയാള്‍ ദാവൂദിന് സമയം നലകിയില്ല. എന്തായാലും ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

സമാധാനത്തിലധിഷ്ടിതമായ ഒരു വിശ്വാസിയുടെ ഹൃദയത്തില്‍ നിന്ന് ഉതിര്‍ന്നുവീണ കറകളഞ്ഞ വാക്കുകള്‍, തോക്കു ചൂണ്ടി നില്‍ക്കുകയാണെങ്കിലും അയാളും ഒരു മനുഷ്യനാണല്ലോ എന്ന് ദാവൂദ് കരുതിക്കാണണം, ഹലോ ബ്രദര്‍… മറുപടിയായി ലഭിച്ചത് മൂന്ന് വെടിയുണ്ടകള്‍, അഹിംസയാണ് ഏറ്റവും ശക്തമായ ആയുധമെന്ന് അയാള്‍ തെളിയിച്ചു… അങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയുടെ പങ്കുവെക്കലുകള്‍. ആ മനുഷ്യനടക്കം 49 പേര്‍
എന്ത് കുറ്റത്തിനാണ് കൊലചെയ്യപ്പെട്ടതെന്ന് കണ്ണീരോടെ ചോദിക്കുകയാണ് ലോകം.

അഫ്ഗാനിസ്ഥാനുകാരായ ദാവൂദ് നബി 1980ൽ സോവിയറ്റ് യൂനിയൻ ആക്രമണത്തെ തുടർന്നാണ് സുരക്ഷിതമെന്ന് കരുതിയ ന്യൂസിലന്‍ഡിലേക്ക് കുടിയേറിയത്. എഞ്ചിനീയറായ അദ്ദേഹം ഇവിടെ ജീവിതം കെട്ടിപ്പടുക്കുകയും പ്രദേശത്ത് ഒരു പള്ളിയുണ്ടാക്കുകയും ചെയ്തു. സമാധാന ജീവിതം സ്വപ്‌നം കണ്ട ആ മനുഷ്യന് ഒടുവില്‍ ഭീകരന്റെ തോക്കിന് മുന്നില്‍ തന്നെ പ്രാണന്‍ വെടിയേണ്ടിവന്നത് യാദൃശ്ചികതയാകാം. രാജ്യത്തെത്തുന്ന അഭയാർഥികൾക്കായി പ്രയത്നിക്കുന്നയാളായിരുന്നു പിതാവെന്ന് മക്കൾ അനുസ്മരിച്ചു. ദാവൂദ് നബിയെ കാണതായെന്നാണ് കുടുംബങ്ങള്‍ ആദ്യം കരുതിയത്. പിന്നീടാണ് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് ഇയാളെ തിരിച്ചറിയാനായത്. പേരമകള്‍ക്കൊപ്പം നില്‍ക്കുന്ന ദാവൂദിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പൊതുവേ ശാന്തമായ അന്തരീക്ഷമുള്ള നാടാണ് ന്യൂസിലാന്‍ഡ്. അടുത്ത കാലത്തൊന്നും ഇതുപോലൊരു ഭീകരാക്രമണം ആ രാജ്യത്തുണ്ടായിട്ടില്ല. മുസ്ലിംകള്‍ ന്യൂനാല്‍ ന്യൂനപക്ഷമാണെങ്കിലും അങ്ങേയറ്റം സന്തോഷകരമായ അന്തരീക്ഷത്തിലാണ് അവിടെ ജീവിച്ചുവരുന്നത്. കാരണം ആ രാജ്യത്തെ അവര്‍ അത്രമേല്‍ സ്‌നേഹിച്ചിരുന്നു. ഇപ്പോഴും ആ ജനത പറയുന്നത് അതു തന്നെയാണ്. ഒുരു ഭീകരാക്രമണം കൊണ്ട് തകര്‍ക്കാന്‍ കഴിയുന്നതല്ല തങ്ങളുടെ ആത്മവിശ്വാസമെന്ന്.