ന്യൂസിലന്‍ഡ് ഭീകരാക്രമണം ഹൃദയഭേദകം: മുഖ്യമന്ത്രി

Posted on: March 16, 2019 5:05 pm | Last updated: March 16, 2019 at 9:58 pm

തിരുവനന്തപുരം: ന്യൂസിലന്‍ഡിലെ രണ്ട് മുസ്‌ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണം അത്യന്തം ഹൃദയഭേദകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്ര ദേശീയതയും വംശീയ വിദ്വേഷവും മനുഷ്യരെ മുഴുഭ്രാന്തരാക്കുന്നതിന്റെ ദൃഷ്ടന്തമാണിത്. മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തില്‍ ഹൃദയം തകര്‍ന്നവര്‍ക്കൊപ്പം വേദന പങ്കിടുന്നു.

വംശീയ വിദ്വേഷത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരെ ലോക മന:സാക്ഷി ഉണരേണ്ട സന്ദര്‍ഭമാണിത്. തീവ്ര ദേശീയതയും കുടിയേറ്റ വിരുദ്ധ മനോഭാവവും ഏതു നാട്ടിലാണെങ്കിലും പിഴുതെറിയേണ്ടത് ലോക സമാധാനത്തിനാവശ്യമാണെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.