തിരഞ്ഞെടുപ്പ് സമിതി യോഗം തുടങ്ങി; കോണ്‍ഗ്രസ് പട്ടിക ഉടന്‍

Posted on: March 16, 2019 3:46 pm | Last updated: March 16, 2019 at 8:57 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം സോണിയ ഗാന്ധിയുടെ വീട്ടില്‍ ആരംഭിച്ചു. യോഗത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിക്കും.

മുതിര്‍ന്ന നേതാക്കളായ മൂന്ന് പേര്‍ മത്സര രംഗത്തുണ്ടാകില്ല. ഉമ്മന്‍ചാണ്ടിയും കെസി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനുമാണ് മത്സര രംഗത്തുനിന്നും വിട്ടുനില്‍ക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ഡല്‍ഹിയില്‍ ചേര്‍ന്ന സ്‌ക്രീനിങ്‌
കമ്മറ്റി യോഗത്തിന് ശേഷം മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയുമാണ് ഇക്കാര്യം അറിയിച്ചത്.

ഉമ്മന്‍ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയില്‍ സംഘടനാ കാര്യങ്ങളുടെ തിരക്കുള്ള കെസി വേണുഗോപാലും മത്സരിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു. അതേ സമയം വൈകിട്ടോടെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഒഴിഞ്ഞ് മാറുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്നതിന് മൂന്ന് പേര്‍ക്കും ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത് . മുല്ലപ്പള്ളി വടകരയില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു.