Kozhikode
ചരിത്രം പറഞ്ഞ് വലിയങ്ങാടിയിലെ ചുവരുകൾ

കോഴിക്കോട്: വലിയങ്ങാടിയിലെ ചരിത്രമുറങ്ങുന്ന ചുവരുകൾക്ക് ഇന്നും പറയാനുണ്ട് പഴയ തിരഞ്ഞെടുപ്പ് കാലത്തെ കഥകൾ. വർഷങ്ങൾക്കിപ്പുറത്ത് നിന്നും തിരിഞ്ഞു നോക്കുമ്പോൾ പഴയ കെട്ടിടങ്ങൾക്ക് മുകളിൽ മായാതെ കിടപ്പുണ്ട് വോട്ടു ചോദിച്ചുള്ള പണ്ടത്തെ ചുവരെഴുത്തുകൾ. അടിയന്തിരാവസ്ഥക്ക് ശേഷമെത്തിയ 1997 ലെ പൊതു തെരഞ്ഞെടുപ്പിൽ പങ്കെടുത്ത സ്ഥാനാർത്ഥികളുടെ വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള പ്രചാരണങ്ങളും ചിഹ്നങ്ങളും കോടതി റോഡിൽ നിന്നും അൽപം കൂടി മുന്നോട്ട് പോയാൽ ഗണ്ണി സ്ട്രീറ്റുമുതൽ പട്ട് തെരുവ് വരെയുള്ള പല കെട്ടിടങ്ങൾക്കും മുകളിലും കാണാം. മലബാറിന്റ വാണിജ്യ കേന്ദ്രമായ വലിയങ്ങാടിയിലും തെരഞ്ഞെടുപ്പ് ചർച്ചകളും പ്രചാരണങ്ങളും ശക്തമായിരുന്നു എന്നതിന് വേറെ തെളിവുകൾ ആവശ്യമില്ല. പതിറ്റാണ്ട് മുമ്പത്തെ ലോക്‌സഭാ തെരഞ്ഞടുപ്പിന്റ ചുവരെഴുത്തുകൾ കോഴിക്കോടിന്റ പഴയകാല ഓർമകളെ തൊട്ടുണർത്തുന്നതാണ്.
1977 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന എം കമലത്തിന്റെ (ജനതാപാർട്ടി )വോട്ടഭ്യർത്ഥിച്ചുള്ള ചുവരെഴുത്താണ് വലിയങ്ങാടിയിലെ തെരുവിൽ 42 വർഷം പിന്നിട്ടിട്ടും മായാതെ കിടക്കുന്നത്.
ജനാധിപത്യം ജയിലടക്കിയ കോൺഗ്രസ്സിനെ തോൽപ്പിക്കാൻ കലപ്പയെന്തിയ കർഷകൻ അടയാളത്തിൽ എം കമലത്തെ വിജയിപ്പിക്കാൻ അഭ്യർതഥിച്ചുകൊണ്ടുള്ള ചുവരെഴുത്ത് മഴയും വെയിലും ഏറ്റിട്ടും മങ്ങാതെ കാണാം വലിയങ്ങാടിയിലെ കെട്ടിടങ്ങൾക്ക് മുകളിൽ.
ഇന്ദിരാ കോൺഗ്രസിന് വോട്ടില്ല എന്നതാണ് മറ്റൊരു വാചകം. അതുപോലെ ഇടതുപക്ഷ ചിഹ്നമായ
അരിവാൾ ചുറ്റിക, കോൺഗ്രസ്സിന്റെ ചിഹ്നമായ പശുവും കിടാവും തുടങ്ങി വലിയങ്ങാടിയുടെ പൊടിപിടിച്ചു കിടക്കുന്ന പല ചുവരുകളിലും പഴയകാല തെരഞ്ഞെടുപ്പ് ഓർമകൾ ഉണ്ട്. കെട്ടിടങ്ങൾക്കുളളിൽ പ്രവർത്തിച്ചിരുന്ന കൊപ്ര കടകളിൽ നിന്നും ഏണി കൊണ്ടുവന്നാണ് ചുവരെഴുത്ത് നടത്തിയിരുന്നത്. കോൺഗ്രസിനും ലീഗിനും മൂൻതൂക്കമുണ്ടായിരുന്ന പ്രദേശമായിരുന്നു വലിയങ്ങാടിയെങ്കിലും പ്രചാരണ പ്രവർത്തനങ്ങളിൽ ഇടതുപക്ഷം ഏറെ മുന്നിലായിരുന്നു.